ട്രംപിന്റെ അത്താഴ വിരുന്നിനിടെ നടന്ന വെടിവയ്പ്പ്; ജീവനും കൊണ്ട് രക്ഷപ്പെടുന്നതിനിടെ മദ്യകുപ്പികൾ അടിച്ചുമാറ്റി മാദ്ധ്യമപ്രവർത്തകർ 

Sunday 26 April 2026 10:05 PM IST

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെയുണ്ടായ വെടിവയ്പ്പ് ലോകത്തെ ഞെട്ടിച്ചെങ്കിലും, അതിനിടയിൽ നടന്ന മറ്റൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വെടിയൊച്ച കേട്ട് ആളുകൾ പരിഭ്രാന്തരായി ഓടുന്നതിനിടെ, മേശപ്പുറത്തിരുന്ന മദ്യക്കുപ്പികൾ ബാഗിലാക്കി കടന്നുകളയുന്ന മാദ്ധ്യമപ്രവർത്തകരുടെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച വാർഷിക അത്താഴ വിരുന്നിനിടെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്. ട്രംപ് വേദിയിലിരിക്കെയാണ് വെടിയൊച്ച മുഴങ്ങിയത്. മിനിട്ടുകൾക്കകം സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്നാൽ ഹാളിനുള്ളിൽ ബഹളം പുകയുന്നതിനിടെ ചില മാദ്ധ്യമപ്രവർത്തകർ തങ്ങളുടെ മേശപ്പുറത്തിരുന്ന വൈൻ കുപ്പികളും മറ്റും ബാഗിലേക്ക് മാറ്റുന്നതാണ് ചർച്ചയായത്.

സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ മാദ്ധ്യമപ്രവർത്തകരുടെ പ്രവൃത്തിയെ പലരും വിമർശിച്ചു. ഇതിനെ മോഷണമെന്ന് വിളിക്കാൻ കഴിയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. പണം നൽകി ബുക്ക് ചെയ്ത ടിക്കറ്റിലെ ഭക്ഷണത്തിന്റെ ഭാഗമാണിതെന്നും, തുറന്നു വച്ച കുപ്പികൾ കളയേണ്ടതില്ലെന്ന് കരുതിയാവാം അവർ എടുത്തതെന്നും ഒരു വിഭാഗം വാദിച്ചു.

എന്നാൽ, ഒരു വശത്ത് വെടിയൊച്ചയും പരിഭ്രാന്തിയും നിലനിൽക്കുമ്പോൾ ഇത്തരം മോഷണങ്ങൾക്ക് സമയം കണ്ടെത്തിയത് അങ്ങേയറ്റം അപക്വമായ മനോഭാവമാണെന്നാണ് മറുവിഭാഗം വിമർശിക്കുന്നത്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് 31കാരനായ കോൾ തോമസ് അലനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. ആക്രമണത്തിൽ ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരിക്കേറ്റതായാണ് വിവരം. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.