തകർത്തത് 500ലേറെ മിസൈലുകൾ; യുഎഇയുടെ പ്രതിരോധക്കരുത്തിൽ തകർന്ന് ഇറാന്റെ നീക്കങ്ങൾ
ദുബായ്: ഇറാൻ തൊടുത്തുവിട്ട മിസൈലുകളെ ആകാശത്തുവച്ച് തകർത്ത് യുഎഇയുടെ മിസൈൽ പ്രതിരോധ കവചം. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണശ്രമത്തിന് പിന്നാലെ രാജ്യത്തുടനീളം എൻസിഇഎംഎ (നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി) പബ്ലിക് അലർട്ട് പ്രഖ്യാപിച്ചു. ദുബായ്, ഷാർജ ഉൾപ്പെടെയുള്ള നഗരങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്.
'വ്യോമപ്രതിരോധ സംവിധാനങ്ങൾ മിസൈൽ ഭീഷണിയോട് പ്രതികരിക്കുകയാണ്. എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തുടരുക,'-എന്നാണ് എൻസിഇഎംഎ എക്സിലൂടെ അറിയിച്ചത്. മിസൈലുകൾ തകർക്കുമ്പോൾ വീഴുന്ന അവശിഷ്ടങ്ങൾ സ്പർശിക്കാനോ ഫോട്ടോ എടുക്കാനോ പാടില്ലെന്ന് അധികൃതർ പൊതുജനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ 999 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഫെബ്രുവരി 28ന് ഇറാനിലെ സൈനിക ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണമാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെയാണ് യുഎഇയെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണങ്ങൾ ആരംഭിച്ചത്. ഏപ്രിൽ എട്ടിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഇറാൻ ആക്രമണം തുടങ്ങിയത് മുതൽ 549 മിസൈലുകളാണ് ഇതുവരെ യുഎഇ വ്യോമപ്രതിരോധ സംവിധാനം തകർത്തത്. ഇതിൽ 29 എണ്ണം ക്രൂയിസ് മിസൈലുകളാണ്. ഇതിനൊപ്പം 2,260 ഡ്രോണുകളും യുഎഇ പ്രതിരോധ സംവിധാനം തകർത്തു. കഴിഞ്ഞ ദിവസം മാത്രം 12 ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാൻ നടത്തുന്നതെന്നും തിരിച്ചടിക്കാൻ രാജ്യത്തിന് അവകാശമുണ്ടെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകൾക്കും സർവകലാശാലകൾക്കും വെള്ളിയാഴ്ച വരെ ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിരുന്നു. സാഹചര്യം വിലയിരുത്തിയ ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും യുഎഇ അധികൃതർ അറിയിച്ചു.