കള്ളക്കടത്തുകാരെ പൂട്ടിച്ചു; മോഷണം പോയ 117 കോടിയുടെ പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് തിരികെ നൽകി യുഎസ്

Thursday 30 April 2026 10:02 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് വൻ വിജയം. അന്താരാഷ്ട്ര കള്ളക്കടത്ത് ശൃഖലകൾ വഴി അമേരിക്കയിലെത്തിയ 657ഓളം പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറി യുഎസ്. ഏകദേശം 117 കോടി രൂപയോളം (14 മില്യൺ ഡോളർ) മൂല്യമുള്ള പുരാവസ്തുക്കളാണ് മാൻഹട്ടൻ ഡിസ്ട്രിക് അറ്റോർണി ആൽവിൻ ബ്രാഗ് രാജ്യത്തിന് കൈമാറിയത്.

ഇന്ത്യയിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തുകാരൻ സുഭാഷ് കപൂർ, നാൻസി വീനർ എന്നിവരുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കൊടുവിലാണ് അമൂല്യ ശേഖരം കണ്ടൈത്തിയത്. ഇന്ത്യയിലെ ക്ഷേത്രങ്ങളിലും പുരാതന കേന്ദ്രങ്ങളിൽ നിന്നുമൊക്കെ നിയമവിരുദ്ധമായി കടത്തിയ ശിൽപങ്ങളും ചിത്രങ്ങളും ആഗോളതലത്തിൽ സ്വകാര്യ വ്യക്തികൾക്കും ഗാലറികൾക്കും ഇവർ വിറ്റിരുന്നു. തിരികെ ലഭിച്ചവയിൽ ചരിത്രപരമായും സാമ്പത്തിക മൂല്യമുള്ളതുമായ നിരവധി സൃഷ്ടികളുണ്ട്.

അവലോകിതേശ്വര പ്രതിമ

ഏകദേശം 16 കോാടി (രണ്ട് മില്യൺ)​ വിലമതിക്കുന്ന അപൂർവ വെങ്കല പ്രതിമയാണിത്. സിംഹങ്ങൾ താങ്ങുന്ന സിംഹാസനത്തിൽ താമരപ്പൂവിന് മുകളിലിരിക്കുന്ന രൂപത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഛത്തീസ്‌ഗഡിലെ സിപൂരിലുള്ള ദ്രോണാദിത്യൻ എന്ന ശിൽപിയാണ് ഇത് നിർമ്മിച്ചതെന്ന് ശിലാലിഖിതങ്ങൾ വ്യക്തമാക്കുന്നു. 1982ൽ മോഷണം പോയ ഈ പ്രതിമ 2014ലാണ് ന്യൂയോർക്കിലെ ഒരു സ്വകാര്യ ശേഖരത്തിൽ നിന്നും കണ്ടെത്തിയത്.

മണൽക്കല്ലിൽ തീർത്ത ഗണേശ വിഗ്രഹം

മദ്ധ്യപ്രദേശിലെ ക്ഷേത്രത്തിൽ നിന്ന് 2000-മാണ്ടിൽ മോഷ്ടിക്കപ്പെട്ട നൃത്തം ചെയ്യുന്ന ഗണേശന്റ പ്രതിമയും തിരിച്ചെത്തിച്ചവയിൽ ഉൾപ്പെടുന്നു. വാമൻ ഘിയ എന്ന കുറ്റവാളി വഴിയാണ് ഇത് അമേരിക്കയിലേക്ക് കടത്തിയത്. അഭയമുദ്രയിലുള്ള ബുദ്ധപ്രതിമ ചുവന്ന മണൽക്കല്ലിൽ കൊത്തിയെടുത്ത് നിൽക്കുന്ന രൂപത്തിലുള്ള ബുദ്ധപ്രതിമയാണിത്. ഉത്തരേന്ത്യയിൽ നിന്നുള്ള ഈ ശിൽപത്തിന് 60 കോടി (7.5 മില്യൺ) ഡോളർ)​ രൂപയാണ് വില.

2012ൽ സുഭാഷ് കപൂറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച മാൻഹട്ടൻ ഡിസ്‌ട്രിക് അറ്റോർണി ഓഫീസ്, പുരാവസ്തു കടത്ത് തടയാൻ കർശന നടപടികളാണ് സ്വീകരിച്ചിരുന്നത്. ആന്റിക്വിറ്റീസ് ട്രാഫിക്കിംഗ് യൂണിറ്റ് ഇതുവരെ 36 രാജ്യങ്ങളിലായി 5,900ലധികം പുരാവസ്തുക്കൾ തിരികെ നൽകിയിട്ടുണ്ട്. 485 മില്യൺ ഡോളറിലധികം മൂല്യമുള്ള 6,200ഓളം സാംസ്‌കാരിക നിധികൾ ഇതുവരെ ഇവർ കണ്ടെത്തി.