മിൻസ്ക് : ബെലറൂസ് വിദേശകാര്യ മന്ത്രി വ്ലാഡിമിർ മാകിയുടെ ( 64 ) മരണം ആത്മഹത്യയായിരുന്നെന്ന് റിപ്പോർട്ട്. നവംബർ 26നായിരുന്നു മാകിയുടെ മരണം. ഇതിന് നാല് ദിവസങ്ങൾക്ക് മുന്നേ അർമേനിയയിൽ വച്ച് റഷ്യൻ ഉദ്യോഗസ്ഥർക്കൊപ്പം ഒരു യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. പാശ്ചാത്യ രാജ്യങ്ങളെ അനുകൂലിക്കുന്ന മാകിയുടെ മരണം ഹൃദയാഘാതം മൂലമെന്നായിരുന്നു അനൗദ്യോഗിക റിപ്പോർട്ട്. മരണ കാരണം വ്യക്തമാക്കുന്നതിൽ ബെലറൂസ് ഭരണകൂടം നിശബ്ദത പാലിച്ചത് ദുരൂഹതകൾക്കിടയാക്കി.
മാകി കടുത്ത സമ്മർദ്ദം നേരിട്ടിരുന്നെന്ന് ചില സുഹൃത്തുക്കൾ പറയുന്നു. 2012 മുതൽ ബെലറൂസിന്റെ വിദേശകാര്യ മന്ത്രിയായി തുടർന്ന മാകിയെ പദവിയിൽ നിന്ന് മാറ്റാൻ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെൻകോയ്ക്ക് നീക്കമുണ്ടായിരുന്നതായി ഒരു പ്രാദേശിക മാദ്ധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ റഷ്യ സമ്മർദ്ദം ചെലുത്തിയിരുന്നോ എന്ന് വ്യക്തമല്ല.
മുൻ ചാരൻ കൂടിയായ മാകി യുക്രെയിൻ അധിനിവേശത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നെന്നും പാശ്ചാത്യ രാജ്യങ്ങളുമായി രഹസ്യമായി ആശയവിനിമയം നടത്തിയിരുന്നെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പുട്ടിന്റെ അടുത്ത സഖ്യകക്ഷിയായ ബെലറൂസ് പ്രസിഡന്റ് ലുകാഷെൻകോ അധിനിവേശത്തിൽ റഷ്യക്ക് പിന്തുണ നൽകുന്നതിനോട് മാകി എതിരായിരുന്നെന്നും കരുതുന്നു.
ഇതിനിടെ മാകിയെ റഷ്യൻ ഏജന്റുമാർ വിഷം കൊടുത്ത് കൊന്നതാണോ എന്ന തരത്തിലെ വാർത്തകളും പ്രത്യക്ഷപ്പെട്ടിരുന്നു. നവംബർ 29ന് നടന്ന മാകിയുടെ സംസ്കാരച്ചടങ്ങിൽ ലുകാഷെൻകോ പങ്കെടുത്തിരുന്നെങ്കിലും റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവ് എത്തിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |