കീവ് : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായുള്ള കൂടിക്കാഴ്ച പരിഗണനയിലുണ്ടെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ചൈന മുന്നോട്ട് വച്ച സമാധാന നിർദ്ദേശങ്ങളെ പറ്റി ചർച്ച ചെയ്യാനാണ് സെലെൻസ്കിയുടെ നീക്കം. എന്നാൽ കൂടിക്കാഴ്ച എന്നാണെന്നോ എപ്പോഴാകുമെന്നോ സെലെൻസ്കി വ്യക്തമാക്കിയില്ല. ചൈന കൂടിക്കാഴ്ച സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. യുക്രെയിനിലെ വെടിനിറുത്തലിന് 12 പോയിന്റുകളോട് കൂടിയ സമാധാന പദ്ധതി കഴിഞ്ഞ ദിവസമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നോട്ട് വച്ചത്. യുക്രെയിനിൽ ആണവായുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും റഷ്യക്ക് മേൽ ഏകപക്ഷീയമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് നിറുത്തണമെന്നും ചർച്ചകൾ പുനഃരാരംഭിക്കാൻ എല്ലാവരും റഷ്യയേയും യുക്രെയിനേയും പ്രോത്സാഹിപ്പിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. എന്നാൽ, റഷ്യൻ സൈന്യത്തിന്റെ പിൻമാറ്റം അടക്കം പ്രധാനപ്പെട്ട ഘടകങ്ങൾ ചൈനയുടെ നിർദ്ദേശത്തിൽ കാണാനില്ലെന്ന് പാശ്ചാത്യ രാജ്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. റഷ്യയല്ലാതെ മറ്റാർക്കും പ്രയോജനപ്പെടുമെന്ന് സൂചിപ്പിക്കുന്ന ഒന്നും ചൈനയുടെ സമാധാന പദ്ധതിയിൽ താൻ കണ്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |