തമിഴ്നാട്ടിൽ വോട്ടുചെയ്‌ത് 25 വിദേശികൾ  പിടികൂടി എമിഗ്രേഷൻ അധികൃതർ  ശ്രീലങ്കൻ,​ കനേഡിയൻ,​ യു.കെ പൗരന്മാർ

Saturday 16 May 2026 1:52 AM IST

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യാജ രേഖകളുപയോഗിച്ച് വോട്ടുചെയ്ത 25 വിദേശ പൗരന്മാർ അറസ്റ്റിൽ.

ചെന്നൈ, മധുര വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ അധികൃതരാണ് അറസ്റ്റ് ചെയ്തത്. കൂടുതലും ശ്രീലങ്കൻ സ്വദേശികളാണ്.

ചെന്നൈയിൽ നാല് സ്ത്രീകളുൾപ്പെടെ പത്ത് പേരാണ് പിടിയിലായത്.

ശ്രീലങ്കയിൽ നിന്നുള്ള രഞ്ജിനി (59), സർഫുദീൻ (68), നിലന്തി (44), ജയന്തൻ (40), ചാർളി ബാലചന്ദ്രൻ (48), ചക്രവർത്തി ലോഗപ്രിയ (50), സുനിത ചക്രവർത്തി (48), യു.കെ സ്വദേശി അയ്യാദുരൈ (53), ഇന്തോനേഷ്യയിൽ നിന്നുള്ള ടിറ്റിൻ മരിയാട്ടി (47), കാനഡയിൽ നിന്നുള്ള ജിതേന്ദ്രനാഥ് (38) എന്നിവരാണ് അറസ്റ്റിലായത്.

മഷി കുടുക്കി

പരിശോധനയ്ക്കിടെ ചൂണ്ടുവിരലുകളിൽ മഷി അടയാളം ശ്രദ്ധിച്ച ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും അറസ്റ്ര് ചെയ്യുകയുമായുന്നു. ഇന്ത്യൻ വോട്ടർ ഐ.ഡി കാർഡുകളും ഇവരുടെ പക്കലുണ്ട്. എസ്.ഐ.ആർ പ്രക്രിയയ്ക്കുശേഷമാണ് ഇവ കൈയിലെത്തിയിട്ടുള്ളത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം, തമിഴ്നാട്ടിലെ വോട്ടർ പട്ടികയിൽ നിന്ന് പുനഃപരിശോധനാ പ്രക്രിയയിൽ ഏകദേശം 74 ലക്ഷം പേരുകൾ നീക്കം ചെയ്യപ്പെട്ടു, അതേസമയം ഏകദേശം 27.5 ലക്ഷം പുതിയ വോട്ടർമാർ ചേർക്കപ്പെട്ടു.

വിദേശ പൗരന്മാർ വോട്ടർപ്പട്ടികയിൽ എങ്ങനെയുൾപ്പെട്ടുവെന്നും പരിശോധനാ സംവിധാനങ്ങളിൽ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോയെന്നും

തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കും.