യു.എ.ഇയിൽ ആണവ നിലയത്തിന് സമീപം ആക്രമണം

Monday 18 May 2026 7:37 AM IST

അബുദാബി: യു.എ.ഇയിൽ ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ഇന്നലെ അബുദാബിയിലെ അൽ ദഫ്ര മേഖലയിലെ ബറാക്ക ആണവ നിലയത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിലയത്തിന്റെ പ്രധാന സുരക്ഷാ മേഖലയ്ക്ക് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിൽ ഡ്രോൺ പതിച്ചതോടെ ശക്തമായ തീപിടിത്തമുണ്ടായി. തീ നിയന്ത്രണവിധേയമാക്കിയെന്നും ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. റേഡിയേഷൻ സുരക്ഷയേയോ നിലയത്തിന്റെ പ്രവർത്തനത്തേയോ ബാധിച്ചിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്നുള്ള ഡ്രോണാകാമെന്ന് സംശയിക്കുന്നു.