കോംഗോയിൽ ഐസൊലേഷൻ കേന്ദ്രം ആക്രമിച്ച് ജനം: പുറത്തുകടന്ന എബോള രോഗികൾക്കായി തെരച്ചിൽ

Tuesday 26 May 2026 7:48 AM IST

കിൻഷസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് ദ കോംഗോയിൽ (ഡി.ആർ കോംഗോ) എബോള രോഗികളെ പാർപ്പിച്ചിരുന്ന ഐസൊലേഷൻ ടെന്റിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. സംഘർഷത്തിനിടെ കടന്നുകളഞ്ഞ 18 രോഗികൾക്കായി ആരോഗ്യ പ്രവർത്തകർ തെരച്ചിൽ ശക്തമാക്കി.

വെള്ളിയാഴ്ച കിഴക്കൻ ഇട്ടൂരി പ്രവിശ്യയിലെ മോങ്ങ്‌ബ്വാലുവിലായിരുന്നു സംഭവം. എബോള വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായ ഇവിടെ ഡോക്‌ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് നടത്തിയ ക്ലിനിക്കിന് നേരെയാണ് ആക്രമണമുണ്ടായത്. ഐസൊലേഷൻ ടെന്റ് ജനക്കൂട്ടം കത്തിച്ചു. എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പ്രോട്ടോക്കോൾ പ്രകാരം ആരോഗ്യ പ്രവർത്തകർ സംസ്കരിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു അക്രമം.

തീപിടിത്തത്തിൽ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് രോഗികൾ കടന്നുകളഞ്ഞത്. രോഗം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാമെന്നതിനാൽ ആരോഗ്യ പ്രവർത്തകർ ജാഗ്രത ശക്തമാക്കി. അതേ സമയം, വൈറസ് ബാധിതരുടെ എണ്ണം 1000 കടന്നു. 230ലേറെ പേർ മരിച്ചു. നിലവിൽ വാക്സിനുകളോ പ്രത്യേക ചികിത്സയോ റാപ്പിഡ് ടെസ്റ്റുകളോ ഇല്ലാത്ത എബോളയുടെ തീവ്രതയേറിയ 'ബൂൻഡിബൂഗ്യോ" വകഭേദമാണ് കോംഗോയിൽ പടരുന്നത്.