ഒരു പൊതിയുമായി മകളുടെ അടുത്തെത്തി, ശേഷം പെട്രോളുമായി ഭാര്യയെ കൊല്ലാൻ പോയി; അപർണ ഇനി തനിച്ച്

Thursday 05 December 2024 10:44 AM IST

കൊല്ലം: അമ്മയുടെ ചേതനയറ്റ ദേഹം കാണാൻ വീടിന്റെ പൂമുഖത്ത് അമ്മൂമ്മയുടെ തോളിൽ ചാരി അപർണ കാത്തിരുന്നു. മൃതദേഹം എത്തിച്ചപ്പോൾ അവൾ പൊട്ടിക്കരഞ്ഞു. പൊള്ളിക്കരിഞ്ഞതിനാൽ അമ്മയുടെ മുഖം കാണാനായില്ല.

വെള്ള പുതച്ചെത്തിയ അമ്മയ്ക്ക് ചുറ്റും വിതുമ്പിക്കൊണ്ട് അപർണ വലംവച്ചത് കണ്ടുനിന്നവരുടെ കണ്ണ് നിറച്ചു. അവൾ പഠിക്കുന്ന സ്കൂളിലെ പ്രിയപ്പെട്ട ടീച്ചർമാരെത്തിയപ്പോൾ ദുഖം ഇരട്ടിയായി. അച്ഛനും അമ്മയും തമ്മിൽ വഴക്കിടുന്നത് അപർണ പലതവണ കണ്ടിട്ടുണ്ട്. എങ്കിലും ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല.

അപർണയ്ക്ക് തണൽ അമ്മൂമ്മ മാത്രം

അനിലയെ കൊലപ്പെടുത്താൻ തീരുമാനിച്ച പദ്മരാജൻ കൊട്ടിയത്തെ പമ്പിലേക്ക് പോയി മടങ്ങിയത് ഒരു പൊതിയുമായാണ്. അതിൽ മകൾ അപർണയ്ക്ക് ഏറെ ഇഷ്ടമുള്ള ചിക്കനും പൊറോട്ടയുമായിരുന്നു. പദ്മരാജനും അപർണയും അനിലയുടെ അമ്മയും ഒരുമിച്ചിരുന്ന് അത് കഴിച്ചു. അതിന് ശേഷമാണ് പെട്രോളുമായി ഒമ്നി വാനിൽ പദ്മരാജൻ കൊല്ലത്തേക്ക് പുറപ്പെട്ടത്.

അനിലയുടെ മുന്നിൽ മർദ്ദനം

ബിസിനസ് പങ്കാളിത്തത്തെക്കുറിച്ച് ബേക്കറിയിൽ വച്ചുണ്ടായ തർക്കത്തിനിടെ അനിലയുടെ മുന്നിൽ വച്ച് ഹനീഷ് ഈമാസം ഒന്നിന് മർദ്ദിച്ചതായി പദ്മരാജൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. രാത്രി എട്ടരയോടെയായിരുന്നു സംഭവം. അന്ന് അനില കാറിൽ ഹനീഷിനെ വീട്ടിൽ എത്തിക്കാൻ ഒരുങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ചൊവ്വാഴ്ചയും അനില ഹനീഷിനെ കാറിൽ കൊണ്ടുപോകുമെന്ന് കരുതിയാണ് പദ്മരാജൻ പെട്രോളുമായി എത്തിയത്.

ഹനീഷിന് ബേക്കറിയിൽ 60,000 രൂപയുടെ പങ്കാളിത്തം ഉണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അത് തിരികെ നൽകാമെന്ന് പറഞ്ഞപ്പോൾ 1.40 ലക്ഷം രൂപയുണ്ടെന്ന് പറഞ്ഞു. അതും നൽകി പ്രശ്നം തീർക്കാൻ തയ്യാറായാണ് പദ്മരാജൻ പൊതുപ്രവർത്തകനൊപ്പം ചൊവ്വാഴ്ച ബേക്കറിയിലേക്ക് പോയത്. ചർച്ചയിൽ ഹനീഷിന്റെ പങ്കാളിത്തം ഒഴിവാക്കാൻ ധാണയായെങ്കിലും ചില വാക്കുകൾ പദ്മരാജനെ ചൊടിപ്പിച്ചെന്നും അതിന് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.