പ്രളയം കഴിഞ്ഞ് വർഷം ഒന്നായിട്ടും പതിനായിരം രൂപപോലും കിട്ടിയില്ല, സർക്കാർ  തിരിഞ്ഞു നോക്കാത്ത കുടുംബം ഒരു വർഷമായി ചതുപ്പിൽ 

Thursday 22 August 2019 2:33 PM IST

കേരളത്തെ കണ്ണീരിലാഴ്ത്തിയ മഹാപ്രളയം കഴിഞ്ഞ് ഒരാണ്ട് പിന്നിടുമ്പോഴും വീടുനഷ്ടപ്പെട്ട നിരവധി പേരാണ് നമുക്ക് ചുറ്റിലുമുള്ളത്. ഒരു ജീവിതകാലം കൊണ്ട് കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയുണ്ടാക്കിയ വീടും മറ്റ് ജീവിത മാർഗ്ഗങ്ങളും രണ്ടാൾപൊക്കത്തിലേറെ ഉയരത്തിൽ കുത്തൊലിച്ചുവന്ന പ്രളയം കവർന്നപ്പോഴും ജീവൻ നഷ്ടമായില്ലെന്ന ആശ്വാസം മാത്രമാണ് ഇവർക്കുള്ളത്. പ്രളയാന്തരം സർക്കാർ സംവിധാനങ്ങൾ ജനത്തിന്റെ കണ്ണീരൊപ്പാൻ എങ്ങനെ പ്രവർത്തിച്ചു എന്ന് പരിശോധിക്കാൻ വേണ്ടിയാണ് കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന നേർക്കണ്ണ് പ്രളയം തകർത്തെറിഞ്ഞ ഭൂമിയിലൂടെ ഒരാണ്ടിനുശേഷം സഞ്ചരിക്കുന്നത്. ഇവിടെ നിരവധി പേരുടെ കണ്ണീർ കാണുവാൻ കഴിഞ്ഞു. സർക്കാർ അടിയന്തര സഹായമായി ഏർപ്പെടുത്തിയ പതിനായിരം രൂപപോലും ലഭിക്കാതെ ചതുപ്പിൽ വിഷപാമ്പുകളെ ഭയന്ന് കഴിയുന്ന അഞ്ചംഗകുടുംബത്തിന്റെ അവസ്ഥ ആരുടെയും ചങ്ക് തകർക്കുന്നതാണ്. സർക്കാർ കൂടെയുണ്ടെന്ന പരസ്യവാചകം കേൾക്കുമ്പോൾ ഇങ്ങനെയൊക്കെയാണോ സഹായിക്കുന്നതെന്ന് അലീഷ്യയുടെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ ആർക്കും തോന്നും.ചെങ്ങന്നൂരിലെ പാണ്ടനാട്ടിലാണ് അലീഷ്യയുടെ നാട്. അലീഷ്യയുടെ കുടുംബത്തിന്റെ ദുരിതജീവിതം അടുത്തറിയാം.