ഇന്ത്യൻ റിപ്പബ്ളിക്ക് 76 ലേക്ക് കടക്കുമ്പോൾ, അവസാനിക്കാത്ത അഗ്നിപരീക്ഷ  

Sunday 26 January 2025 3:04 AM IST

പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമായ ഇന്ത്യൻ റിപ്പബ്ലിക്ക് 75 വർഷങ്ങൾ പൂർത്തിയാക്കി പ്രയാണം തുടരുകയാണ്. 1975-77 ലെ (പ്രഖ്യാപിത) ആഭ്യന്തര അടിയന്തരാവസ്ഥ പോലുള്ള ചില അപഭ്രംശങ്ങൾ മാറ്റിനിറുത്തിയാൽ, പൊതുവേ അഭംഗുരം ജനാധിപത്യ പ്രക്രിയയുടെ ഒഴുക്ക് തുടരുകയാണ്. അതൊരു തെളിനീരുറവ പോലെ സംരക്ഷിക്കാനുള്ള കടമ നമ്മുടേതാണ്. 'ഇന്ത്യയിലെ ജനങ്ങളായ നാം..." എന്ന് ആരംഭിക്കുന്ന ഭരണഘടനയുടെ ആമുഖം നമ്മുടെ ഐക്യത്തെയും സ്വാതന്ത്ര്യത്തെയും സമത്വത്തെയും സഹോദര്യത്തെയും വിളംബരം ചെയ്യുന്നു.

രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉദ്ഗ്രഥനവും അരക്കിട്ടുറപ്പിക്കുന്ന ആധികാരിക രേഖയാണ് നമ്മുടെ ഭരണഘടന. ലോകത്തെ,​ ലിഖിതമായ ഏറ്റവും വലിയ ഭരണഘടന! സ്വയം, പരിഷ്‌കരണങ്ങൾക്ക് വിധേയമാകാനും എന്നാൽ അടിസ്ഥാന പ്രമാണങ്ങൾ ച്യുതിയേതുമില്ലാതെ സംരക്ഷിച്ച് തലമുറകൾ കൈമാറാനും ഒരു ജനതയെ പ്രാപ്തമാക്കുന്ന പ്രകാശരശ്മികളുടെ ജ്യോതിസാണ് അത്. ഇന്ന്,​ ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള, ഏറ്റവും വലിയ ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥ പുലരുന്ന, വൈവിദ്ധ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും നാട്!

'സംസ്ഥാനങ്ങളുടെ സമുച്ചയ"മാണ് ഇന്ത്യയെന്ന് ഭരണഘടനയുടെ അനുച്ഛേദം- ഒന്ന് നിർവചിക്കുന്നു. ഫെഡറൽ സംവിധാനത്തിലെ കേന്ദ്ര ഗവണ്മെന്റ് എന്നത് ഭാഗം 5- ൽ ഉൾക്കൊള്ളിച്ചിട്ടുള്ള 'യൂണിയൻ" ആണ്. ഘടനയും അധികാര നിർവഹണങ്ങളും ചുമതലകളും ഉൾപ്പെടെയുള്ളവ രേഖപ്പെടുത്തിക്കൊണ്ട് അനുച്ഛേദം 52 മുതൽ 151 വരെയും, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ചുമതലകൾ മുതലായ ഘടനാപരമായ കാര്യങ്ങൾ ഭാഗം 6- ൽ അനുച്ഛേദം 152 മുതൽ 237 വരെയും നിർവചിക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളെ സംബന്ധിച്ച് ഭാഗം 8-ൽ അനുച്ഛേദം 239 മുതൽ 241 വരെ പ്രതിപാദിക്കുന്നു. ഭാഗം 9 പഞ്ചായത്തുകളെക്കുറിച്ചാണ്; ഭാഗം 9 (എ) പരാമർശിക്കുന്നത് മുനിസിപ്പാലിറ്റികളെ സംബന്ധിച്ചും.

പങ്കുവയ്ക്കാത്ത

അധികാരങ്ങൾ

അധികാര വികേന്ദ്രീകരണം ലക്ഷ്യമിടുന്ന ഇന്ത്യൻ ഭരണഘടനയനുസരിച്ച് മേൽ പ്രസ്താവിച്ചവ 'തദ്ദേശ സ്വയംഭരണ സർക്കാരു"കളാണ്. എന്നാൽ അവയുടെ അധികാരങ്ങളും ധനവിഭവങ്ങളും സംസ്ഥാന സർക്കാരുകളിൽ നിന്ന് വീതിച്ചു നല്കുന്നതല്ലാതെ,​ യൂണിയൻ ഗവണ്മെന്റിൽ നിന്ന് സംസ്ഥാന സർക്കാരുകളിലേക്ക് അധികാരങ്ങളും വിഭവങ്ങളും ന്യായമായി ലഭിക്കുന്നില്ലെന്ന പരാതി പരിഹാരമില്ലാതെ തുടരുകയാണ്. കേന്ദ്ര,​ സംസ്ഥാന ഘടകങ്ങൾ ഒരു ഫെഡറൽ റിപ്പബ്ലിക്കിൽ പ്രവർത്തിക്കേണ്ടത് സഹകരണ ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഭരണഘടനാ നിർമ്മാണസഭയിൽ ഡോ. ബി.ആർ. അംബേദ്കർ ഉൾപ്പെടെയുള്ള പ്രമുഖർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമത്വവും സ്വയംഭരണവും പ്രായോഗികമായ ഭരണനിർവഹണവും അംബേദ്ക്കർ വിഭാവനം ചെയ്ത ഫെഡറലിസത്തിന്റെ അടിസ്ഥാന ശിലകളാണ്.

എന്നാൽ,​ അധികാര കേന്ദ്രീകരണമെന്ന ആസക്തി പലപ്പോഴായി യൂണിയൻ ഗവണ്മെന്റിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും,​ അതിന്റെ കരങ്ങളായ കേന്ദ്ര ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും തലയ്ക്കു പിടിക്കുമ്പോൾ ഐതിഹ്യത്തിലെ 'വിക്രമാദിത്യനും വേതാളവും" സമകാലീന രാഷ്ട്രീയ ചരിത്രത്തിലും സംഭവിക്കുന്നു! സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് യൂണിയൻ ഗവണ്മെന്റ് നിയമനിർമ്മാണങ്ങളിലൂടെയും എക്സിക്യുട്ടീവ് നടപടികളിലൂടെയും കടന്നുകയറുന്നുവെന്നത് ഭരണഘടനയുടെ സ്പിരിറ്റിന് വിരുദ്ധമാണ്. ആസൂത്രണം (PLAN) പ്രോഗ്രാമിന് വഴിമാറുകയും കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഏകപക്ഷീയമായി നിലവിൽ വരികയും ചെയ്യുമ്പോൾ പ്രാദേശികമായ ആവശ്യങ്ങൾ പുറമ്പോക്കിലേക്കു തള്ളപ്പെടും. ഓജസിനു പകരം യാന്ത്രികത്വം വികസന പരിപാടിയിൽ ഇടംപിടിക്കും.

അധികാര വേർതിരിവ് (separation of powers) ലെജിസ്ലേച്ചറും എക്സിക്യുട്ടീവും ജുഡിഷ്യറിയും തമ്മിലുണ്ടായിരിക്കേണ്ടത് ഒരു ഫെഡറൽ ജനാധിപത്യ രാഷ്ട്രത്തിന് അനിവാര്യമാണ്. അമേരിക്കൻ ഭരണഘടനയുടെ മാതൃക ഇതിന്റെ മികച്ച ഉദാഹരണമാണ്. 1789-ലെ ഫ്രഞ്ച് വിപ്ലവകാലത്ത് ഉയർന്നുകേട്ട മോണ്ടെസ്‌ക്യുവിന്റെ 'അധികാര വേർതിരിവ് " എന്ന സിദ്ധാന്തവും,​ റൂസ്സോയുടെ 'സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം" മുതലായ ആശയങ്ങളും,​ വോൾട്ടയറുടെ അഭിപ്രായപ്രകടനത്തിനും മൗലികാവകാശങ്ങൾക്കും മതനിരപേക്ഷ ഭരണകൂടത്തിനും വേണ്ടിയുള്ള ചിന്താഗതികളും നമ്മുടെ ഭരണഘടനയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. സോവിയറ്റ് യൂണിയൻ, റിപ്പബ്ലിക്ക് ഒഫ് അയർലണ്ട്, ജർമ്മനി, കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക തുടങ്ങിയ മറ്റ് അനവധി രാജ്യങ്ങളുടെ ഭരണഘടനയിൽ നിന്നുപോലും നമ്മുടെ ഭരണഘടനാ ശില്പികൾ ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്.

പ്രജകളിൽ നിന്ന്

പൗരന്മാരിലേക്ക്

പ്രായപൂർത്തി വോട്ടവകാശവും പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയും നമ്മെ വെറും 'പ്രജ"കളുടെ സ്ഥാനത്തുനിന്ന് 'പൗര"ന്മാരുടെ നിലവാരത്തിലേക്ക് ഉയർത്തി. ബ്രിട്ടന്റെ അലിഖിത ഭരണഘടനയും പാർലമെന്ററി ഭരണ സമ്പ്രദായവും പുതുതായി ജന്മംകൊണ്ട ഇന്ത്യൻ യൂണിയന് അപൂർവവും അഭിമാനകരവുമായ ഒരു ഭരണഘടനയ്ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും പ്രചോദനവും ആധാരവുമായിത്തീർന്നത് നീണ്ട നാളത്തെ വമ്പിച്ച ജനകീയ പോരാട്ടങ്ങളുടെ പരിണതഫലമായിട്ടായിരുന്നുവെന്ന് ഇന്നത്തെ തലമുറ മറന്നുപോകരുത്.

മഹാത്മാ ഗാന്ധിയും അംബേദ്കറും നെഹ്രുവും സർദാർ വല്ലഭായ് പട്ടേലും ഉൾപ്പെടെയുള്ള അനേകായിരം ധിഷണാശാലികളും ആധുനിക ഇന്ത്യയുടെ ശില്പികളും പതിറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളും ലോക സംഭവഗതികളും ജനകീയ സർക്കാരുകളും പതിപ്പിച്ച വ്യക്തിമുദ്രകൾ നമ്മുടെ റിപ്പബ്ലിക്കിന്റെ പ്ലാറ്റിനം ജൂബിലി വേളയിലും നക്ഷത്രശോഭയോടെ ഇന്ത്യൻ ഭരണഘടനയുടെ കരുത്തായി തുടരുന്നു. കാലമെത്ര കഴിഞ്ഞാലും ഗാന്ധിജി ലോകത്തിനുതന്നെ അത്ഭുത മനുഷ്യനായിരിക്കുമ്പോലെ! ഒരിക്കൽപ്പോലും അധികാരത്തിന്റെ ഇടനാഴികളിലേക്ക് ഓരംചേർന്നു നിൽക്കാത്ത ആ മഹാത്മാവിന്റെ ആശയങ്ങൾ നമ്മുടെ ഭരണഘടനയുടെ ചാലകശക്തിയായി മാറിയെന്നു മാത്രമല്ല,​ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനു ശേഷം മാത്രം ജന്മമെടുത്ത നിരവധി റിപ്പബ്ലിക്കുകളെയും സ്വാധീനിച്ചു.

നാം ആകുന്ന

നാനാത്വം!

കൃത്യമായ കാലാവധിവച്ച് ജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ അടങ്ങുന്ന നിയമനിർമ്മാണ സഭ. അതിന്റെ ഉത്തരവാദിത്വം ജനങ്ങളോട്. നിയമനിർമ്മാണ സഭയോട് ഉത്തരവാദിത്വമുള്ള കാര്യനിർവഹണ സമിതി (executive), സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ സമ്പ്രദായം... നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനശിലകൾ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഭേദഗതികളും നിയമങ്ങളും വ്യഖ്യാനങ്ങളും സാധുവാകുന്നുള്ളൂ. സാങ്കേതികമായി ഭരണഘടനയ്ക്കുള്ളിൽ നിന്നുകൊണ്ടു പോലും ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കുന്ന 'constitutional unconstitutionalism" ജനാധിപത്യ വ്യവസ്ഥയ്ക്ക് ക്ഷീണമുണ്ടാക്കും; ചിലപ്പോൾ ഭീഷണിയുമാകാം!

അത്തരത്തിൽ ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി അടുത്തിടെ പ്രഖ്യാപിച്ച ഒന്നായിരുന്നു ഇലക്ട്രൽ ബോണ്ട്. ഇത്തരം ഭരണഘടനാ വിരുദ്ധ പ്രവണതകൾ പ്രകടമായി വിവേചനപരമാണു താനും. നിയമനിർമ്മാണങ്ങളും ഭേദഗതികളും സർക്കാർ നടപടികളും അത്തരത്തിലാകരുതെന്ന് സുപ്രീം കോടതി പലവുരു ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ചർച്ചകൾ, സംവാദങ്ങൾ, വിയോജിപ്പുകൾ, വിമർശനങ്ങൾ, വിലയിരുത്തലുകൾ, അപഗ്രഥനങ്ങൾ, സമന്വയങ്ങൾ... അങ്ങനെ വിവിധ തലങ്ങളിലൂടെയാണ് നമ്മുടെ ജനാധിപത്യ പ്രക്രിയ വളരുന്നത്. ഭൂരിപക്ഷവും ന്യൂനപക്ഷവും ഭരണഘടനയ്ക്കു കീഴിൽ 'നാം" ആയിത്തീരുന്നു.