SignIn
Kerala Kaumudi Online
Saturday, 30 May 2026 1.03 AM IST

എസ്.ഐ.ആറും പൗരത്വവും

d

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണം (എസ്.ഐ.ആർ) നിയമപരമാണെന്ന സുപ്രീംകോടതി വിധി പൗരത്വ പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സന്ദേഹങ്ങൾക്ക് അറുതി വരുത്തും. ബീഹാറിൽ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന എസ്.ഐ.ആറിന്റെ നിയമസാധുതയെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ച കോടതി, തിരഞ്ഞെടുപ്പ് കമ്മിഷന് അതിനുള്ള അധികാരമുണ്ടെന്ന് വ്യക്തമാക്കി. എസ്.ഐ.ആറിന്റെ ഭരണഘടനാ സാധുതയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്‌ചി, വിപുൽ എം. പഞ്ചോളി എന്നിവരുൾപ്പെട്ട ബെഞ്ച് ശരിവച്ചു. മുൻ പട്ടികയിൽ ഉൾപ്പെട്ടിരുന്നുവെന്നതിനാൽ പുനഃപരിശോധന പാടില്ലെന്നില്ല. നാലു പതിറ്റാണ്ടിലേറെയായി വോട്ടർ പട്ടികയുടെ തീവ്രപരിഷ്കരണം നടന്നിട്ടില്ലെന്നതുൾപ്പെടെ എസ്.ഐ.ആർ പ്രക്രിയയ്ക്കായി കമ്മിഷൻ ഉയർത്തിയ കാരണങ്ങൾ തൃപ്തികരമാണെന്നു കോടതി പറഞ്ഞു.

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് വ്യക്തികളുടെ പൗരത്വം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്. എന്നാൽ, അതു ഒരു വ്യക്തിയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ മാത്രമായിരിക്കുമെന്നും കോടതി വിശദീകരിച്ചു. സംശയം തോന്നിയാൽ വോട്ടർ പട്ടികയിൽ ചേർക്കാതിരിക്കുകയോ നിയമപ്രകാരം പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ നടപടിയെടുക്കുകയോ ചെയ്യാം. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താത്ത തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഒരു വ്യക്തിയെ ഇന്ത്യൻ പൗരനല്ലാതാക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാനുള്ള അവകാശം ഫലത്തിൽ വ്യക്തിക്ക് നഷ്ടമാകുമെങ്കിലും പൗരത്വത്തെ ബാധിക്കുകയില്ല. എസ്.ഐ.ആർ പ്രക്രിയ നടത്താൻ ജനപ്രാതിനിദ്ധ്യ നിയമത്തിലെ വകുപ്പ് 21 (3), ഭരണഘടനയിലെ അനുച്ഛേദം 324 എന്നിവ പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്. സ്വതന്ത്ര‌വും നീതിയുക്തവുമായ തിരഞ്ഞെടുപ്പെന്ന ഭരണഘടനാ ലക്ഷ്യമാണ് എസ്.ഐ.ആർ മുന്നോട്ടു വയ്ക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

നാലുദശകത്തിനു ശേഷമാണ് പലയിടത്തും തീവ്ര വോട്ടർപട്ടിക പുതുക്കൽ നടത്തുന്നതെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. ഇക്കാലയളവിൽ ധാരാളം വോട്ടർമാർ മരിച്ചു. പലരും താമസം മാറി. അതിവേഗതയിലുള്ള നഗരവത്കരണം, പുതിയ വോട്ടർമാർ, ഇരട്ട വോട്ട് തുടങ്ങിയ പ്രശ്നങ്ങളും കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് എസ്.ഐ.ആർ ഭരണഘടനാപരമാണെന്ന് സുപ്രീംകോടതി വിധിച്ചത്.

പൗരത്വം നിർണയിക്കാൻ കേന്ദ്രത്തിനാണ് അധികാരം. കൃത്യമായ വോട്ടർപട്ടിക ഉറപ്പാക്കാൻ വേണ്ടി മാത്രം ഇന്ത്യൻ പൗരനാണോയെന്ന് കമ്മിഷന് പരിശോധിക്കാം. പൗരത്വം പരിശോധിക്കാൻ കമ്മിഷന് പരിമിതമായ അധികാരം മാത്രമാണുള്ളതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒഴിവാക്കിയവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ കമ്മിഷന് ബാദ്ധ്യതയുണ്ട്. നേരത്തേ പേരുണ്ടായിരുന്നു എന്ന കാരണത്താൽ പുനഃപരിശോധന പാടില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.

സുപ്രീംകോടതിയുടെ ഈ നിലപാട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടവർക്ക് തിരിച്ചടിയാകും. കോൺഗ്രസ്, മുസ്ളിംലീഗ്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടന, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, സമാജ്‌വാദി പാർട്ടി തുടങ്ങിയവരാണ് ഹർജികൾ നൽകിയിരുന്നത്. 2003ലായിരുന്നു ബീഹാറിലെ അവസാന വോട്ടർ പട്ടിക പുതുക്കൽ. അന്ന് പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ടവരുടെ വിശദാംശങ്ങൾ നാലാഴ്ചയ്ക്കകം കമ്മിഷൻ കേന്ദ്ര സർക്കാരിന് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എസ്.ഐ.ആറും പൗരത്വ പ്രശ്നവും ബന്ധപ്പെടുത്തി ഒട്ടേറെ അവ്യക്തതകളും വാദപ്രതിവാദങ്ങളും ജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു. അതെല്ലാം ദൂരീകരിക്കാൻ പര്യാപ്തമാണ് സുപ്രീംകോടതിയുടെ ഈ വിധി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY