SignIn
Kerala Kaumudi Online
Saturday, 30 May 2026 2.10 AM IST

കാലവർഷത്തിനു മുമ്പേ പനി പടരുമ്പോൾ

d

കാലവർഷത്തിനു പിന്നാലെ പനിക്കാലം തുടങ്ങുന്നതായിരുന്നു പണ്ടത്തെ പതിവ്. പിന്നെ അത് മഴയ്ക്കൊപ്പം എന്നായി. പക്ഷേ,​ ഇത്തവണ കാലവർഷം എത്തുംമുമ്പേ സംസ്ഥാനത്ത് പനി പിടിമുറുക്കിയതിന്റെ ആശങ്കയുളവാക്കുന്ന കണക്ക് കഴിഞ്ഞ ദിവസം 'കേരളകൗമുദി' പ്രസിദ്ധീകരിച്ചിരുന്നു. തെക്കുപടിഞ്ഞാറൻ മൺസൂണിന് ഒരാഴ്ചകൂടി കാത്തിരിക്കണമെന്നാണ് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ,​ മേയ് മാസത്തിൽ മാത്രം വിവിധ ജില്ലകളിലായി പനിക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേരാണ്. മഴയും ഈർപ്പവും കാറ്റും മലിനജലവുമൊക്കെ പനിബാധയ്ക്ക് അവസരമൊരുക്കുന്ന ഘടകങ്ങളാണ് എന്നത് നേരു തന്നെ. പലേടത്തും വേനൽമഴ കനത്തു തുടങ്ങിയത് മേയ് പകുതി പിന്നിട്ടതോടെയാണ്. എന്നാൽ,​ അതിനും മുമ്പ് കൊടുംചൂടിൽത്തന്നെ പകർച്ചപ്പനികൾ ഉൾപ്പെടെയുള്ള വ്യാധികൾ തേർവാഴ്ച തുടങ്ങിയെന്നത് ഞെട്ടിക്കുന്ന പരമാർത്ഥമാണ്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച്,​ മേയ് മാസത്തിൽ മാത്രം പത്തു പേരാണ് വിവിധയിനം പനികൾ ബാധിച്ച് മരിച്ചത്. എലിപ്പനിയാണ് പനികളിലെ കൊടുംവില്ലൻ! എലിപ്പനി ബാധിച്ച് എട്ടു പേർക്ക് ജീവൻ നഷ്ടമായപ്പോൾ രണ്ടുപേരുടെ ജീവനെടുത്തത് ഡെങ്കിയാണ്. മലേറിയ മുതൽ മസ്തിഷ്കജ്വരം വരെയുള്ള വ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ ആഫ്രിക്കൻ രാജ്യങ്ങളിൽ കാണുന്ന എബോളയുടെ ഭീഷണിയും രാജ്യത്ത് ഉള്ളതിനാൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നല്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന വിദേശ മലയാളികളുണ്ട്. വിമാനയാത്രാ വേളയിലും മറ്റുമുണ്ടാകുന്ന സമ്പർക്കത്തിലൂടെ എബോളയുടെ അണുക്കൾ കേരളത്തിലെത്താൻ ഇടയുള്ളതിനാൽ ഇപ്പോൾ പനിയുമായി ചികിത്സയ്ക്ക് എത്തുന്നവരുടെ യാത്രാചരിത്രവും ആശുപത്രികളിൽ വിശദമായി നിരീക്ഷിക്കുന്നുണ്ട്.

അഞ്ചുവർഷം മുമ്പ് ഇന്ത്യയിൽ കൊവിഡ് ആദ്യം പ്രത്യക്ഷപ്പെട്ടത് തൂശൂരിലാണെന്നും,​ അതിനും മുമ്പ് ദക്ഷിണേന്ത്യയിൽ ആദ്യമായി നിപ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് കോഴിക്കോട്ടാണെന്നും മറക്കരുത്. ഞങ്ങളുടെ ലേഖകൻ കെ.എസ്. അരവിന്ദ് തയ്യാറാക്കി,​ 'പനി പിടിച്ച് കേരളം' എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ച ബുധനാഴ്ചയുടെ തലേന്നു മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സയ്ക്കെത്തിയത് 7705 പേരായിരുന്നു. അതേദിവസം ഡെങ്കിക്ക് ചികിത്സ തേടിയ 3005 പേരിൽ രോഗം സ്ഥിരീകരിക്കപ്പെട്ടത് 703 പേർക്ക്. എലിപ്പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തിയവരിൽ 122 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം മാത്രം 27 പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അമീബിക് മസ്തിഷ്കജ്വരം ഇവരിൽ 13 പേരുടെ ജീവനാണ് കവർന്നത്. കാലവർഷം തുടങ്ങുന്ന സമയത്ത് ആശുപത്രികളിൽ പ്രത്യേകം പനി ക്ളിനിക്കുകൾ ആരംഭിക്കുന്നതും,​ അത്യാവശ്യ മരുന്നുകൾ സംഭരിക്കുന്നതുമാണ് നമ്മുടെ ചട്ടപ്പടി നടപടി.

പക്ഷേ,​ കാലാവസ്ഥാഭേദമില്ലാതെ പടരുന്ന പനിയെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുകയും,​ മൂലകാരണം കണ്ടെത്തി പ്രതിരോധം ശക്തമാക്കുകയും ചെയ്യേണ്ടതുണ്ട്. പനി എന്നത് പണ്ടത്തെപ്പോലെ തുമ്മലും ചീറ്റലും മാത്രമായി ഒതുങ്ങുന്നതല്ല. എബോള ഉൾപ്പെടെ പലതരം വ്യാധികളുടെ പ്രാഥമിക ലക്ഷണങ്ങൾ പനിക്കു സമാനമാണ്. ഒരാഴ്ചകൊണ്ട് മാറിക്കോളുമെന്ന ധൈര്യത്തിൽ ഇരുന്നാൽ സ്ഥിതി വഷളായേക്കാം. സ്വയം ചികിത്സ നിശ്ചയിക്കുന്നരോടും,​ വിദഗ്ദ്ധ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മെഡിക്കൽ ഷോപ്പുകളിൽ രോഗലക്ഷണം പറഞ്ഞ് മരുന്ന് വാങ്ങുന്നവരോടും പറയാനുള്ളത്,​ അപകടം ക്ഷണിച്ചുവരുത്തരുത് എന്നാണ്. ചൂടും തലവേദനയും മൂക്കൊലിപ്പും ഉൾപ്പെടെയുള്ളവയെ ജലദോഷപ്പനിയുടെ ലക്ഷണങ്ങളായി കരുതി അവഗണിക്കരുത്. രണ്ടു ദിവസത്തിൽ കൂടുതൽ നീളുന്ന ഏതു പനിക്കും വിദഗ്ദ്ധ ചികിത്സ തേടുകതന്നെ വേണം. സാഹചര്യത്തിന്റെ ഗൗരവം സർക്കാരും ഉൾക്കൊള്ളണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY