നാട്ടിലെ കടുവ...!

Sunday 26 January 2025 3:32 AM IST

മുൻപ് മൃഗശാലയിലും ഉൾവനത്തിലും മാത്രം കണ്ടിരുന്ന കടുവ ഇപ്പോൾ വീട്ടുമുറ്റത്തെത്തുകയും മനുഷ്യരെ കൊന്നുതിന്നുകയും ചെയ്യുന്നതിന്റെ ഭീതിയിലാണ് കേരളം. പത്തുവർഷത്തിനിടെ 9പേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ 8മരണവും വയനാട്ടിലാണ്. വയനാട് ഉൾപ്പെട്ട വനമേഖലയിൽ 84 കടുവകളുണ്ട്. ഇതിൽ 39 എണ്ണം മുൻകാലങ്ങളിൽ ക്യാമറാ നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നവയല്ല. ഇവ ബന്ദിപ്പൂരടക്കം അന്യസംസ്ഥാന വനമേഖലയിൽ നിന്നെത്തിയതാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. വയനാട്, ഇടുക്കി, കണ്ണൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 30ലക്ഷത്തോളം ജനങ്ങളാണ് വന്യജീവി ഭീതിയിൽ കഴിയുന്നത്.

സദാസമയവും ജനവും വാഹനങ്ങളുമുള്ള വയനാട് ചുരത്തിൽ പോലും കടുവയെ കാണുന്നു. ആനപ്പാറയിൽ 4 കടുവകൾ ജനവാസകേന്ദ്രങ്ങളിലൂടെ വിലസുന്നു. 2012 മുതൽ 2022 വരെ വയനാട്ടിൽനിന്നു മാത്രം 36 കടുവകളെയാണു വനംവകുപ്പ് ജനവാസ കേന്ദ്രങ്ങളിൽനിന്നു പിടികൂടിയത്. കേരളത്തിലെ വനങ്ങളിൽ എത്ര കടുവകളുണ്ടെന്ന കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കണക്കിൽ പോലും വൈരുദ്ധ്യമാണ്. കേന്ദ്രവനം മന്ത്രാലയം ലോക്‌‌സഭയിൽ വച്ച കണക്കുപ്രകാരം കേരളത്തിൽ 190കടുവകളുണ്ടെങ്കിൽ സംസ്ഥാന സർക്കാർ നിയമസഭയിൽ വച്ച കണക്കിൽ ഇത് 213 ആണ്.

കർണാകയിലെ ബന്ദിപ്പൂർ, നാഗർഹോളെ, ബി.ആർ ടൈഗർറിസർവ്, തമിഴ്നാട്ടിലെ മുതുമലൈ, സത്യമംഗലം എന്നിവിടങ്ങളിൽ നിന്ന് വയനാട്ടിലേക്ക് കടുവകളെത്തുന്നു. കർണാടകത്തിൽ 524 കടുവകളാണുള്ളത്. വയനാടൻ കാടുകളിൽ 100ചതുരശ്ര കിലോമീറ്ററിൽ എട്ട് കടുവകളുണ്ടെന്നാണ് കണക്ക്. 2018ലെ കണക്കെടുപ്പിൽ ഇത് 9.3 ആയിരുന്നു. അന്ന് 120 കടുവകളെ കണ്ടെത്തിയിരുന്നു. ഇതിൽ 45കടുവകളെ മാത്രമേ 2023ലെ കണക്കെടുപ്പിൽ കണ്ടെത്താനായിട്ടുള്ളൂ. അതേസമയം, ബന്ദിപ്പൂരിലും നാഗർഹോളയിലും കടുവകളുടെ എണ്ണം കൂടിയതായാണ് കണക്കെടുപ്പിൽ കണ്ടെത്തിയത്.

വെറും 344 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് കടുവസങ്കേതമല്ലാത്ത വയനാട് വന്യജീവി സങ്കേതം. ഇവിടെയാണ് 84കടുവകളുള്ളത്. കാടിന് ഉൾക്കൊള്ളാനാവാത്തത്ര കടുവകളുണ്ടെന്നാണ് വിലയിരുത്തൽ. ഇരതേടാനാവാത്ത തരത്തിൽ പരിക്കേറ്റതും വാർദ്ധക്യവും അസുഖവും ബാധിച്ചതുമായ കടുവകളാണ് ഇരതേടി ജനവാസകേന്ദ്രങ്ങളിലെത്തുന്നത്. മനുഷ്യന് ഭീഷണിയാവുന്ന കടുവകളെ പിടികൂടി പറമ്പിക്കുളം, പെരിയാർ കടുവ സങ്കേതങ്ങളിൽ പുനരധിവസിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ആളെ കൊന്നാൽ മാത്രമാണ് കടുവകളേയും ആനകളേയും പിടികൂടാൻ വനംവകുപ്പ് തയാറാകുന്നത്. കേരളത്തിലെ വനങ്ങളിൽനിന്ന് കടുവകളെ പുനർവിന്യസിപ്പിക്കണമെന്നാശ്യപ്പെട്ട് സംസ്ഥാനം അപേക്ഷ നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. കടുവ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ 'പ്രോജക്ട്‌ ടൈഗർ' സ്കീം പ്രകാരം സംസ്ഥാനങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്നുണ്ട്.

കടുവകളുടെ സ്ഥാനം അറിയാൻ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചുള്ള റേഡിയോ കോളറിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന പ്രഖ്യാപനവും പാഴായി.

ആക്രമണകാരികളായ വന്യജീവികളെ കണ്ടെത്താൻ വനാതിർത്തികളിൽ സ്ഥാപിച്ച ക്യാമറാ നിരീക്ഷണവും ഫലപ്രദമല്ല.

അഞ്ച് വർഷം,

486 ജീവൻ

2019–24 കാലയളവിൽ കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 486 പേരാണെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. 2023–24 കാലയളവിൽ മാത്രം 94 പേർക്കാണ് ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ മരണമുണ്ടായത് 2021–22ലാണ്- 114 പേർ. ആനകളുടെ ആക്രമണത്തിൽ 35 പേരും കടുവകളുടെ ആക്രമണത്തിൽ ഒരാളും മറ്റ് വന്യജീവികളുടെ ആക്രമണത്തിൽ 78 പേരുമാണ് അന്ന് മരിച്ചത്. 2020–21 കാലയളവിൽ 88 പേരും 2022–23 കാലയളവിൽ 98 പേരുമാണ് മരിച്ചത്. രാജ്യത്ത് ആനയുടെയും കടുവയുടെ ആക്രമണത്തിലാണ് കൂടുതൽപേർ മരിക്കുന്നത്. ആനയുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് ഒഡിഷയിലാണ്. കടുവകളുടെ ആക്രമണത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മഹാരാഷ്ട്രയിലാണ്. 2022ൽ 82 പേരും 2023ൽ 35 പേർക്കുമാണ് ജീവൻ നഷ്ടമായത്. 2019-20ൽ 49, 2020-21ൽ 49, 2021-22ൽ 59, 2022-23ൽ 110, 2023-24ൽ 82 പേരാണ് കടുവയുടെ ആക്രമണത്തിൽ രാജ്യത്താകെ കൊല്ലപ്പെട്ടത്. അതേസമയം 2016 മുതൽ 2025ജനുവരി വരെ ആകെ 914 പേരാണ് വന്യമൃഗ ആക്രമണത്തിൽ മരിച്ചതെന്നാണ് സംസ്ഥാനത്തിന്റെ കണക്ക്. 67 മരണങ്ങളാണ് 2024–25 ൽ ഇതേവരെ ഉണ്ടായത്. ഇതിൽ 45 എണ്ണം പാമ്പുകടിയേറ്റും കടന്നൽക്കുത്തേറ്റുമാണ്.

കടുവാ കണക്കിൽ

കള്ളക്കളി

കേരളത്തിൽ കടുവകളുടെ എണ്ണം കുറ‍ഞ്ഞുവരുന്നെന്നാണ് വനംവകുപ്പിന്റെ കണക്ക്. കടുവ സെൻസസുകൾ പ്രകാരം 1993ൽ- 76, 97ൽ- 73, 2002ൽ- 71, 2006ൽ- 46, 2010ൽ- 71, 2014ൽ- 136, 2018ൽ- 190 എന്നിങ്ങനെയാണ് കേരളത്തിലെ കടുവകളുടെ എണ്ണം. 2022 ലെ കണക്കെടുപ്പിൽ വയനാട്ടിലെ കടുവകളുടെ എണ്ണം 157 ആണെന്ന് വനംവകുപ്പ് അനൗദ്യോഗികമായി പറഞ്ഞെങ്കിലും ഔദ്യോഗികമായി പുറത്തുവിട്ടില്ല. 2023 ലെ കണക്കെടുപ്പിൽ വയനാട് മേഖലയിലെ കടുവകൾ വെറും 84 ആയി കുറയുകയും ചെയ്തു. കടുവ സംരക്ഷണത്തിന്റെ പേരിൽ കോടികളുടെ ഫണ്ട് കിട്ടുന്നുണ്ട്. 2012 മുതൽ 2022 വരെ വയനാട്ടിൽനിന്നു മാത്രം 36 കടുവകളെയാണു വനംവകുപ്പ് ജനവാസകേന്ദ്രങ്ങളിൽ നിന്നു പിടികൂടിയത്.

ഒരൊറ്റ അടികൊണ്ട്

ജീവനെടുക്കും

200–260 കിലോവരെ ഭാരമുള്ള കടുവ ശബ്ദമുണ്ടാക്കാതെ പതുങ്ങിയെത്തിയാണ് മനുഷ്യരെ ആക്രമിക്കുക. മുൻകാലുകളിലെ പത്തി വലുതായതിനാൽ ഒരൊറ്റ അടിയിൽതന്നെ മനുഷ്യന്റെ ജീവൻ പോവും. പാദങ്ങളുടെ അടിയിൽ ആവരണമുള്ളതിനാൽ നടക്കുമ്പോൾ ശബ്ദം ഉണ്ടാകില്ല. ഇത് ഇരകളെ പിന്നിൽനിന്നും ആക്രമിക്കാൻ സഹായകമാണ്. 20 വർഷമാണ് ഇവയുടെ ആയുസെങ്കിലും 10വർഷം കഴിയുമ്പോഴേ ഇരപിടിക്കാനാവാതെ നാട്ടിലിറങ്ങുന്നു. ചെറിയ വെളിച്ചത്തിൽ പോലും കൃത്യമായി കാണാൻ കടുവകൾക്ക് കഴിവുണ്ട്. അതിവേഗത്തിൽ ഓടി ഇരയെ പിടിക്കും. കടുവകളിലെ ഉമിനീരിന് ആന്റിസെപ്റ്റിക് കഴിവുള്ളതിനാൽ മുറിവുകൾ ഉണ്ടാകുമ്പോൾ അവ സ്വയം നക്കിത്തുടച്ച് മുറിവുണക്കും. സാധാരണഗതിയിൽ മനുഷ്യൻ കടുവയുടെ ഭക്ഷണമല്ലെങ്കിലും ചില കടുവകൾ നരഭോജികളായി മാറുന്നുണ്ട്.