ബാലകൃഷ്ണയുടെ നായിക സംയുക്ത

Sunday 26 January 2025 3:02 AM IST

നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന അഖണ്ഡ 2 എന്ന ചിത്രത്തിൽ സംയുക്ത നായിക.

മലയാളത്തിൽനിന്ന് കരിയർ ആരംഭിച്ച സംയുക്ത പിന്നീട് തമിഴിലും തെലുങ്കിലും കന്നടയിലും എത്തി. എന്നാൽ തെലുങ്കിലാണ് ഏറെ തിളങ്ങുന്നത്.സ്വയംഭൂ, നാരി നാരി നടുമ മുരാരി, ബി.എസ്.എസ് 12 എന്നീ ചിത്രങ്ങൾ തെലുങ്കിൽ സംയുക്തയുടേതായി റിലീസിനുണ്ട്. അയ്യപ്പനും കോശിയുടെ റീമേക്കായ ഭീംലനായകിലൂടെയാണ് സംയുക്തയുടെ തെലുങ്ക് അരങ്ങേറ്റം.

അഞ്ചുപതിറ്റാണ്ടായി അഭിനയരംഗത്ത് തുടരുന്ന നന്ദമുരി ബാലകൃഷ്ണയുടെ ആദ്യ നൂറ് കോടി ചിത്രമായിരുന്നു 2021 ൽറിലീസ് ചെയ്ത അഖണ്ഡ. ബോയപതി ശ്രീനു സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗം ബിഗ് ക്യാൻവാസിലാണ് ഒരുക്കുന്നത്. ബോയപതി ശ്രീനു തന്നെയാണ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന അഖണ്ഡ 2 ഒരുക്കുന്നത്. മേയിൽ ചിത്രീകരണം പൂർത്തിയാകും.