അ​മ്മ​യെന്ന സ്നേഹപ്രപഞ്ചം

Monday 10 February 2025 3:48 AM IST

തിരുവനന്തപുരത്ത്,​ കൈമനം ആശ്രമത്തിലെത്തിയ മാതാ അമൃതാനന്ദമയീ ദേവിയെ കാണാൻ പോയിരുന്നു. അമ്മയുടെ ദർശനം വലിയ അനുഗ്രഹ പുണ്യമാണ്; ആ സാമീപ്യം നൽകുന്ന പോസിറ്റീവ് എനർജി വിവരണാതീതവും. എനിക്കു മാത്രമല്ല,​ ജനകോടികൾക്ക് അമ്മയാണ് മാതാ അമൃതാനന്ദമയീ ദേവി. പക്ഷെ അരികിലെത്തുമ്പോൾ അതെന്റെ അമ്മയാണെന്നു തോന്നും. തോന്നുക മാത്രമല്ല,​ അനുഭവപ്പെടും. എന്റെ മാത്രം അമ്മ. അതൊരു സ്വാർത്ഥ ചിന്തയാകാം. പക്ഷെ,​ അത് തരുന്ന സംതൃപ്തി പറഞ്ഞറിയിക്കാനാവില്ല.

സിനിമയും സാഹിത്യവും ഒക്കെ അച്ഛനിലൂടെ പരിചിതമായ ഒരു ലോകമായിരുന്നു എന്റെ ബാല്യവും യൗവനവുമെല്ലാം. അക്കാലത്തൊരിക്കൽ അമിതാഭ് ബച്ചനും ശശികപൂറും മത്സരിച്ച് അഭിനയിച്ച 'ദീവാർ" എന്ന ഹിന്ദി ചിത്രം കണ്ടതോർക്കുന്നു. ബച്ചൻ രോഷാകുലനായ ചെറുപ്പക്കാരനെന്ന ഇമേജിൽ സൂപ്പർതാരമായി ഉയരുന്ന കാലം. 'ദീവാർ" ബച്ചന്റെ താരപദവി ഉയർത്തിയ ചിത്രമായിരുന്നെങ്കിലും ആ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശശികപൂർ പറഞ്ഞ ഒരു ഡയലോഗായിരുന്നു. തന്റെ കൈയിൽ പണമുണ്ട്. മണിമാളികകളുണ്ട്.സുന്ദരിയായ കാമുകിയുണ്ട്. വിലമതിക്കാനാവാത്ത സ്വത്തുക്കളുണ്ടെന്നൊക്കെ അധോലോക നായകനായ ബച്ചന്റെ കഥാപാത്രം ശശികപൂർ അവതരിപ്പിച്ച പൊലീസ് ഇൻസ്പെക്ടറായ സഹോദരനോട് പറയുന്നു. എന്നിട്ട് ചോദിക്കുന്നു; 'നിന്റെ കൈയിലെന്തുണ്ട്?" അപ്പോൾ ശശി കപൂറിന്റെ കഥാപാത്രം പറയുന്ന മറുപടി: 'മേരെ പാസ് മാ ഹെ!"- എന്റെയൊപ്പം അമ്മയുണ്ട്! ഒരുപക്ഷെ,​ ആ സിനിമയിലെ ഏറ്റവും നല്ല മുഹൂർത്തം അതായിരുന്നിരിക്കാം.

അ​മ്മ​ ​എ​ല്ലാ​വ​ർ​ക്കും​ ​ഹൃ​ദ​യ​വി​കാ​ര​മാ​ണ്.​ ​എ​ന്നാ​ൽ​ ​എ​നി​ക്ക് ​അ​മ്മ​യെ​ക്കു​റി​ച്ച് ​എ​ത്ര​ ​പ​റ​ഞ്ഞാ​ലും​ ​മ​തി​യാ​വു​ക​യി​ല്ല.​ ​അളക്കാൻ ​പ​റ്റാ​ത്ത​ ​സ്നേ​ഹ​മാ​യി​രു​ന്നു​ ​അ​മ്മ.​ ​ഓർമ്മവച്ച നാൾ മുതൽ അമ്മയുടെ ഒപ്പം ചെലവഴിച്ച ഓരോ നിമിഷവും മനസിൽ പൂത്തുലഞ്ഞു നിൽക്കുന്നുണ്ട്. ​അ​മ്മ​ ​ശാ​ന്ത​ ​ജ​ഗ​ന്നാ​ഥ​ൻ.​ ​എ​ല്ലാ​വ​രും​ ​ശാ​ന്ത​മ്മ​ ​എ​ന്നാ​ണ് ​വി​ളി​ച്ചി​രു​ന്ന​ത്.​ ​എ​പ്പോ​ഴും​ ​ആ​ക്ടീ​വാ​യി​രുന്നു. മ​റ്റു​ള്ള​വ​രെ​ ​സ​ഹാ​യി​ക്കു​ന്ന​തി​ലും​ ​അ​വ​രു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ലും​ ​അ​മ്മ​യ്ക്ക് ​നൂ​റു​ ​മ​ന​സാ​യി​രു​ന്നു.​ ​അന്ന് മൊബൈൽ ഫോൺ ഒന്നുമില്ലാതിരുന്ന കാലത്ത് അമ്മയുടെ കോൺടാക്ടുകൾ മറ്റുള്ളവരെ സഹായിക്കാൻ യാതൊരു മടിയുമില്ലാതെ അമ്മ ഉപയോഗിച്ചിരുന്നു. ആവശ്യം ന്യായമാണെങ്കിൽ അമ്മ ആരെയും വിളിക്കും- അതിനി പ്രധാനമന്ത്രിയെന്നോ പ്രസിഡന്റെന്നോ ഒന്നുമില്ല.

അ​മ്മ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ൽ​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്നു.​ ​ക​മ്മി​ഷ​ണ​റാ​യാ​ണ് ​വി​ര​മി​ച്ച​ത്.​ ​ഞാൻ വിവാഹം ചെയ്ത ശേഷവും പനിയൊക്കെ വരുന്ന സന്ദർഭങ്ങളിൽ അമ്മ ചോറ് വാരിത്തരുമായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ അമ്മ ഒപ്പമില്ലെന്ന നഷ്ടബോധത്തിന്റെ വിങ്ങൽ ഉള്ളിൽ നിറയും. ഒ​രേ​ ​സ​മ​യം​ ​ഒ​രു​പാ​ടു​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​പ്രാ​പ്തി​യു​ള്ള​ ​സ്ത്രീ​യാ​യി​രു​ന്നു​ ​എ​ന്റെ​ ​അ​മ്മ.​ ​​അ​മ്മ​യും​ ​അ​ച്ഛ​നും​ ​(​പ്രൊ​ഫ.​ ​വി.​ ​ജ​ഗ​ന്നാ​ഥ​ ​പ​ണി​ക്ക​ർ​)​ ​പ്ര​ണ​യി​ച്ചു​ ​വി​വാ​ഹി​ത​രാ​യ​വ​രാ​ണ്.​ ​കൊ​ല്ലം​ ​എ​സ്.​എ​ൻ.​ ​കോ​ളേ​ജി​ൽ​ ​അ​ച്ഛ​ന്റെ​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്നു​ ​അ​മ്മ.​ ​അ​വ​ർ​ ​ത​മ്മി​ലു​ള്ള​ ​അ​ടു​പ്പ​ത്തി​ന്റെ​ ​ഊ​ഷ്മ​ള​ത​ ​ക​ണ്ടാ​ണ് ​ഞാ​ൻ​ ​വ​ള​ർ​ന്ന​ത്.​ ​അ​മ്മ​ ​വ​സ്ത്ര​ധാ​ര​ണ​ത്തി​ലും​ ​ന​ന്നാ​യി​ ​ഒ​രു​ങ്ങി​ ​ന​ട​ക്കു​ന്ന​തി​ലും​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധ​ ​പു​ല​ർ​ത്തി​യി​രു​ന്നു.​ ​കു​ലീ​ന​ത്വം​ ​കൈ​വി​ടാ​തെ​ ​തി​ക​ച്ചും​ ​മാ​ന്യ​മാ​യി​ട്ടേ​ ​എ​ല്ലാ​വ​രോ​ടും​ ​പെ​രു​മാ​റി​യി​രു​ന്നു​ള്ളൂ.​ ​വ​ലി​യ​ ​ഭ​ക്ത​യാ​യി​രു​ന്നു. ​അ​ങ്ങ​നെ​യു​ള്ള​ ​ഗു​ണ​ങ്ങ​ളെ​ല്ലാം​ ​അ​മ്മ​യി​ൽ​ ​നി​ന്ന് ​എ​നി​ക്കു​ ​ല​ഭി​ച്ച​താ​ണ്.​ ​ഒ​ര​ർ​ത്ഥ​ത്തി​ൽ​ ​അ​മ്മ​ ​ഞാ​ൻ​ ​ത​ന്നെ​യാ​യി​രു​ന്നി​ല്ലേ​യെ​ന്ന് ​ചി​ന്തി​ക്കാ​റു​ണ്ട്.

അ​മ്മ​യെ​യും​ ​അ​ച്ഛ​നെയും​ ​എ​ന്നും​ ​എ​ന്റെ​ ​ഒ​പ്പം​ ​താ​മ​സി​പ്പി​ക്കാ​നും​ ​അ​വ​രു​ടെ​ ​സ്നേ​ഹ​ലാ​ള​ന​ക​ൾ​ ​എ​ന്നും​ ​ഏ​റ്റു​വാ​ങ്ങാ​നും,​ ​അ​വ​രി​രു​വ​രെ​യും​ ​ന​ന്നാ​യി​ ​നോ​ക്കാ​നും​ ​ക​ഴി​ഞ്ഞു​വെ​ന്ന​ത് ​​ജീ​വി​ത​ത്തി​ന്റെ​ ​പു​ണ്യ​മാ​യി​ട്ടാ​ണ് ​ഞാ​ൻ​ ​ക​രു​തു​ന്ന​ത്.​ ​അ​തി​ന് ​ഞാ​ൻ​ ​ഏ​റ്റ​വും​ ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ​എ​ന്റെ​ ​ഭ​ർ​ത്താ​വ് ​മോ​ഹ​ൻ​ ​ചേ​ട്ട​നോ​ടാ​ണ് ​(മോ​ഹ​ൻ​ദാ​സ് ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​നും​ ​പ്ര​മു​ഖ​ ​വ്യ​വ​സാ​യി​യു​മാ​യ​ ​ജി.​ മോ​ഹ​ൻ​ദാ​സ് ​).​ ​എ​ന്റെ​ ​മാ​താ​പി​താ​ക്ക​ളെ​ ​സ്വ​ന്തം​ ​മാ​താ​പി​താ​ക്ക​ളെ​ ​എ​ന്ന​ ​പോ​ലെ​ ​അ​ദ്ദേ​ഹം​ ​സ്നേ​ഹി​ച്ചു.​ ​ഞ​ങ്ങ​ളു​ടെ​ ​അ​ഞ്ചു​ ​കു​ട്ടി​ക​ളെ​യും​ ​വ​ള​ർ​ത്തു​ന്ന​തി​ൽ​ ​അ​മ്മ​ ​വ​ഹി​ച്ച​ ​പ​ങ്ക് ​എ​ത്ര​ ​വ​ലു​താ​യി​രു​ന്നു​വെ​ന്ന് ​എ​നി​ക്കു​ ​ന​ന്നാ​യി​ ​അ​റി​യാം.

മ​രി​ക്കു​മ്പോ​ൾ​ ​അ​മ്മ​യ്ക്ക് 62​ ​വ​യ​സേ ​ആ​യി​രു​ന്നു​ള്ളൂ.​ ​വ​ള​രെ​ ​നേ​ര​ത്തേ​ ​അ​മ്മ​ ​പോ​യി​യെ​ന്ന് ​തോ​ന്നാ​റു​ണ്ട്.​ ​ അമ്മ മരിച്ച് കുറെക്കാലം കഴിഞ്ഞപ്പോൾ അമൃതാനന്ദമയീ ദേവി ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. ദേവിക്കായി ഒരുക്കിവച്ച ഭക്ഷണം ഞങ്ങൾ ഓരോരുത്തർക്കുമായി വാരിത്തന്നു. അമ്മ വാരിത്തരുന്നതുപോലെ എനിക്കു തോന്നി. അമൃതാനന്ദമയീ ദേവിയെക്കാണുമ്പോൾ എന്റെ അമ്മ കൺമുന്നിൽ എത്തിയതു പോലെയാണ്. എല്ലാവരും സ്വന്തം അമ്മയെയായിരിക്കും ദേവിയിൽ കാണുന്നത്. അമ്മയും അച്ഛനും നഷ്ടപ്പെട്ടവർക്കേ അത് കൂടുതൽ അനുഭവിച്ചറിയാൻ കഴിയുകയുള്ളൂ. എന്റെ അമ്മ വിടപറഞ്ഞിട്ട് ഒരുവർഷം കൂടി കടന്നുപോകുന്നു. കുടുംബജീവിതത്തിന്റെ തണലും കരുതലും നന്നായി ഉണ്ടെങ്കിലും അമ്മയെ നോക്കി നട്ടുച്ചയ്ക്കെന്നപോലെ ഏതോ വെയിലിൽ ഞാൻ കാത്തുനിൽക്കുന്നതായി സ്വപ്നംകണ്ട് ഞെട്ടിയുണരാറുണ്ട്. ഇപ്പോൾ എവിടെയായിരിക്കും അമ്മ?

(​ലേ​ഖി​ക​യു​ടെ​ ​ഫോ​ൺ​:​ 98470​ 63333)