8 വർഷത്തിനു ശേഷം വീണ്ടും കൂട്ടക്കൊല; തലസ്ഥാനം നടുങ്ങി
തിരുവനന്തപുരം: എട്ടുവർഷത്തിനുശേഷം വീണ്ടുമൊരു പൈശാചികമായ കൂട്ടക്കൊലയുടെ വാർത്ത കേട്ട് തലസ്ഥാനം നടുങ്ങിയിരിക്കുകയാണ്. ഇന്നലെ വെഞ്ഞാറമൂടാണ് ദാരുണ കൊലപാതകങ്ങൾ നടന്നതെങ്കിൽ അന്ന് കൊലപാതകങ്ങൾ നടന്നത് നഗരഹൃദയത്തോടു ചേർന്ന നന്ദൻകോട്ടായിരുന്നു.
2017 ഏപ്രിൽ ഒമ്പതിന് കേഡൽ ജീൻസൺ രാജ എന്ന ചെറുപ്പക്കാരനാണ് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. നന്ദൻകോട്ട് ക്ലിഫ് ഹൗസിനു സമീപം ബെയിൽസ് കോമ്പൗണ്ടിൽ എം.ബി.ബി.എസ് ബിരുദധാരിയായ കേഡൽ ആസ്ട്രൽ പ്രൊജക്ഷന്റെ പേരിലായിരുന്നു കൊലപാതകങ്ങൾ നടത്തിയത്.
ഡോ.രാജ തങ്കം,ഭാര്യ ഡോ.ജീൻ പത്മ,മകൾ ഡോ.കരോലിൻ,ജീൻ പത്മയുടെ ബന്ധു ലളിത എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. വിദേശത്ത് മെഡിസിൻ പഠനം നടത്തുന്നതിനിടെയാണ് ആസ്ട്രൽ പ്രൊജക്ഷനിലേക്ക് കേഡൽ ആകൃഷ്ടനായത്. കേസ് വിചാരണയിലാണ്.
മനോരോഗിയായ തന്നെ വെറുതെ വിടണമെന്ന പ്രതിയുടെ ഹർജി കോടതി നേരത്തേ തള്ളിയിരുന്നു. വിചാരണ നേരിടാൻ പ്രതിക്ക് മാനസികാരോഗ്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയിരുന്നു.
പൈശാചികമായ കൂട്ടക്കൊലയ്ക്ക് ശേഷവും പുഞ്ചിരിയോടെയാണ് കേഡൽ തെളിവെടുപ്പിനെത്തിയത്. കേഡൽ കടുത്ത മാനസികരോഗിയാണെന്നും ആഭിചാരക്രിയയായ ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് കൂട്ടക്കൊലയെന്നുമാണ് പൊലീസ് കുറ്റപത്രത്തിലുള്ളത്. ഇയാൾക്ക് മാനസികാരോഗ്യ ചികിത്സയും നൽകിയിരുന്നു. സെല്ലിലെ സഹതടവുകാരനെയും കേഡൽ ആക്രമിച്ചിരുന്നു. അടുത്തിടെ ശ്വാസകോശത്തിൽ ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും രക്ഷപ്പെട്ടു.
കോടികളുടെ സ്വത്തവകാശിയായിരുന്നു കേഡൽ. നന്ദൻകോട്ടെ ഇവരുടെ വീടിപ്പോൾ പ്രേതാലയം പോലെ അനാഥമാണ്. വിചാരണഘട്ടത്തിൽ കേഡൽ കുറ്റം നിഷേധിച്ചിരുന്നു.