'ഇന്ത്യയിലെ നിയമങ്ങൾ അനുസരിക്കാൻ കഴിയില്ലെങ്കിൽ രാജ്യംവിട്ട് പോകണം'; വാട്‌സാപ്പിനോട് സുപ്രീം കോടതി
ന്യൂഡൽഹി: ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യംവിട്ട് പോകണമെന്ന് സോഷ്യൽ മീഡിയ ഭീമനായ വാട്‌സാപ്പിനോടും അതിന്റെ മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മെറ്റ, വാട്‌സാപ്പ് തുടങ്ങിയവയുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. വാട്‌സാപ്പിന്റെ 2021ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസിൽ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്‌ത് മെറ്റയും വാട്‌സാപ്പും നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്.
മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്‌സാപ്പ് വിവരങ്ങൾ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഡാറ്റ ഷെയറിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസിൽ ഫെബ്രുവരി പത്തിന് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.