ഒരാഴ്ച മുമ്പ് വരെ 35 രൂപ, ഇപ്പോള്‍ ഒരെണ്ണത്തിന് വില 60 വരെ; മലയാളിയുടെ പോക്കറ്റ് കാലിയാകും

Friday 06 February 2026 12:17 AM IST

കല്ലറ: തേങ്ങ വിലയ്‌ക്കൊപ്പം ഉയര്‍ന്ന് ഇളനീര്‍ വിലയും. ഒരാഴ്ച മുമ്പ് 35 രൂപ വരെയുണ്ടായിരുന്ന ഇളനീരിന് ഇപ്പോള്‍ 50 രൂപയായി. വേനല്‍ച്ചൂടില്‍ ഇളനീര്‍ വില്പന വര്‍ദ്ധിച്ചത് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായി. വലിയ ഇളനീരിന് 60 രൂപ വരെ നല്‍കണം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധിച്ചത്. മാസങ്ങളായി നാളികേരവില ഉയര്‍ന്നു നില്‍ക്കുകയാണ്.

തേങ്ങയ്ക്കും ഇളനീരിനും വന്‍ ക്ഷാമം നേരിടുന്നതായി കച്ചവടക്കാര്‍ പറയുന്നു. വിളവെടുപ്പ് തീരെ കുറഞ്ഞതോടെ തേങ്ങ വില കിലോയ്ക്ക് 75 രൂപ വരെയെത്തിയിരുന്നു. തമിഴ്‌നാട് ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരവ് കുറവാണ്.

പൊള്ളാച്ചിയില്‍നിന്ന് ഇളനീര്‍ എത്തുന്നുണ്ടെങ്കിലും ഗതാഗതച്ചെലവ് കൂടുതലാണ്. കുരങ്ങുശല്യം കാരണം നാട്ടിന്‍പുറത്തും ഇളനീരും തേങ്ങയും കിട്ടാനില്ല. വേനല്‍ച്ചൂട് കൂടുന്നതോടെ കച്ചവടവും കൂടും. വേനല്‍ക്കാല അസുഖങ്ങള്‍ കൂടിയതും കൂടുതല്‍ പേര്‍ ഇളനീര്‍ തേടിവരുന്നതിന് കാരണമാകുന്നുണ്ട്. രണ്ടു മാസം കൂടി ചൂട് തുടരുമെന്നതിനാല്‍ ഇളനീര്‍ വില ഉടനൊന്നും കുറയാന്‍ സാദ്ധ്യതയില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

ഇളനീര്‍ വില ....... 50 രൂപ

ഒരാഴ്ച മുന്‍പ് ..........35

വലിയ ഇളനീര്‍ വില .....60 രൂപ

തേങ്ങ വില...... 75 രൂപ (കിലോയ്ക്ക്, വിളവെടുപ്പ് കുറഞ്ഞപ്പോള്‍)