കേരളത്തിൽ ഇനി ഈ പരിപാടി നടക്കില്ല; ഏപ്രിൽ ഒന്നുമുതൽ നിരീക്ഷണ സംവിധാനം പണിതുടങ്ങും

Tuesday 10 February 2026 11:51 AM IST

തിരുവനന്തപുരം: ലോറികളിൽ ജി.പി.എസ് സംവിധാനം നിർബന്ധമാക്കുന്നതടക്കം റേഷൻ അരിയിൽ തട്ടിപ്പ് നടത്തി കരിഞ്ചന്തയിൽ എത്തിക്കുന്നത് തടയാൻ കർശന നിരീക്ഷണ സംവിധാനമൊരുക്കാൻ ഭക്ഷ്യവകുപ്പ്. അരി എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നെടുത്ത് എൻ.എഫ്.എസ്.എ ഗോ‌ഡൗണുകളിൽ എത്തിക്കുന്നതും അവിടെ നിന്ന് റേഷൻ കടകളിലെത്തിക്കുന്നതും നിരീക്ഷിക്കും. ഈ രണ്ട് വഴികളിലൂടെയാണ് പ്രധാനമായും റേഷനരി കരിഞ്ചന്തയിലെത്തുന്നതെന്നാണ് വകുപ്പിന് ലഭിച്ച റിപ്പോർട്ട്.

റേഷൻ വിതരണത്തിന്റെ ചുമതല സപ്ലൈകോയിൽ നിന്ന് പൊതുവിതരണ വകുപ്പ് ഏറ്റെടുക്കുന്ന ഏപ്രിൽ ഒന്നുമുതലാണ് കർശന നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുക. ശക്തമായ നിരീക്ഷണ സംവിധാനത്തിന്റെ അഭാവമാണ് റേഷനരി കരിഞ്ചന്തയിലെത്തുന്നതിന് കാരണം. അരി കൊണ്ടുപോകുന്ന ലോറികളിൽ ജി.പി.എസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് പ്രവർത്തിക്കാറില്ല. ഇതടക്കം പരിഹരിക്കാൻ നടപടിയെടുക്കും.

വീഴ്ച വരുത്തിയ

കരാറുകാരെ ഒഴിവാക്കും

1.മുമ്പ് അരിവിതരണത്തിൽ വീഴ്ച വരുത്തിയിട്ടുള്ള ട്രാൻസ്പോർട്ട് കരാറുകാരെ ഒഴിവാക്കും

2.വാതിൽപ്പടി അരിവിതരണം കൃത്യമായ തൂക്കത്തിലാണെന്ന് ഉറപ്പാക്കും

3.പൊതുവിതരണ വകുപ്പ് വിജിലൻസ് വിഭാഗം ശക്തിപ്പെടുത്തും

തട്ടിപ്പ് പലവിധം

എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിക്കുന്ന അരി റേഷൻകടകളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് തട്ടിപ്പ് കൂടുതലും നടക്കുന്നത്. എഫ്.സി.ഐ സപ്ലൈകോയ്ക്കു നൽകുന്ന ഒരുലോഡിൽ 205 ചാക്കുകളുണ്ടാകും. അഞ്ചെണ്ണം ചാക്കിന്റെ തൂക്കക്കുറവിനു പകരമുള്ളത്. ഇതും ഓരോ ചാക്കിൽനിന്നും 2-4 കിലോ അരി കുത്തിയെടുത്തുമാണ് കടത്തുന്നത്.

കുത്തിയെടുക്കുന്ന അരി ശേഖരിക്കാൻ കാലിച്ചാക്കുകൾ നേരത്തെ ഗോഡൗണുകളിൽ എത്തിച്ചിരിക്കും. അരിയുടെ തൂക്കം രേഖപ്പെടുത്തിയ ബില്ലിന്റ കോപ്പിയുള്ളതിനാൽ പരിശോധന ഉണ്ടായാൽ അത് കാണിക്കും. റേഷൻ കടകളിലേക്ക് പോകുന്നതിനിടെയാണ് കരിഞ്ചന്ത കേന്ദ്രത്തിലേക്കും ലോറി എത്തുന്നതെന്നുമാണ് വിജിലൻസ് കണ്ടെത്തൽ. റേഷനരി കരിഞ്ചന്തയിലേക്കു കടത്തുന്നതിനുള്ള എല്ലാ സാദ്ധ്യതകളും ഇല്ലാതാക്കുമെന്ന് ഭക്ഷ്യവകുപ്പ് സെക്രട്ടറി എം.ജി.രാജമാണിക്യം പറഞ്ഞു.