'ശബരിമല ശ്രീ ധർമ്മശാസ്താവാണെ സത്യം, വസ്തുതകൾ അതെന്നായാലും പുറത്തുവരും, സ്വാമിയേ ശരണമയ്യപ്പ'
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കണക്കുകളിൽ പിശകുകളുണ്ടെന്ന വാർത്തയിൽ പ്രതികരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകൾക്കുപോലും ഞങ്ങൾ കേൾക്കുന്ന പേരുദോഷം എത്ര ഭയങ്കരമാണ്. ശബരിമല ശ്രീ ധർമ്മശാസ്താവാണെ സത്യം, വസ്തുതകൾ അതെന്നായാലും പുറത്തുവരും.അതുവരെ ഇതൊക്കെ കണ്ടും കേട്ടും ദു:ഖഭാരത്തോടെ സഹിക്കുകയേ നിവൃത്തിയുള്ളു. സ്വാമിയേ ശരണമയ്യപ്പ എന്നാണ് ഫേസ്ബുക്കിൽ പ്രശാന്ത് കുറിച്ചത്. അയ്യപ്പസംഗമം നടക്കുമ്പോൾ പ്രശാന്തായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് .
പ്രശാന്തിന്റെ പോസ്റ്റ്
എന്നയാലും സത്യം പുറത്ത് വരും..
ശബരിമല അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങൾ പിന്നിടങ്ങോട്ട് ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് ഉള്ളതും ഇല്ലാത്തതുമായ എന്തെല്ലാം നിറം പിടിപ്പിച്ച കഥകളാണ് ഓരോ ദിനവും പുറത്ത് വരുന്നത്.
ശബരിമലയിൽ കഴിഞ്ഞ രണ്ട് വർഷമായി ദേവസ്വം ബോർഡിന്റേയും സർക്കാരിന്റേയും നേതൃത്വത്തിൽ നടത്തിയ മാതൃകാപരമായ മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ വിജയം ആരും ഓർക്കുന്നുപോലുമില്ല. ദേവസ്വം ബോർഡിന്റെ ചരിത്രത്തിൽ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വന്നിട്ടും അവർ സംതൃപ്തിയോടെ മടങ്ങിയ മണ്ഡലകാലം ഉണ്ടായിട്ടുണ്ടോ.?
ശബരിമല ക്ഷേത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനം അതല്ലേ.? ഇതൊന്നും ആരും ഒരു വാക്ക് പോലും മിണ്ടുന്നില്ല. എന്നാൽ ഇത്തരം വിവാദങ്ങളിൽ ചില ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സംഭവിക്കുന്ന പിഴവുകൾക്ക് പോലും ഞങ്ങൾ കേൾക്കുന്ന പേര് ദോഷം എത്ര ഭയങ്കരമാണ്. ശബരിമല ശ്രീ ധർമ്മശാസ്താവാണെ സത്യം, വസ്തുതകൾ അതെന്നായാലും പുറത്ത് വരും. അതു വരെ ഇതൊക്കെ കണ്ടും കേട്ടും ദു:ഖഭാരത്തോടെ സഹിക്കുകയേ നിവൃത്തിയുള്ളു. സ്വാമിയേ ശരണമയ്യപ്പ. അതിനിടെ, ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന വാർത്തകൾ സത്യവിരുദ്ധവും വേദനാജനകവുമാണെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് വാർത്താക്കുറിപ്പിറക്കി. നടക്കുന്നത് തികച്ചും അവാസ്തവമായ ചില പ്രചാരണങ്ങൾ മാത്രമാണെന്നും വാർത്താകുറിപ്പിൽ പറയുന്നുണ്ട്.