പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം; പ്രതിയെ തിരിച്ചറിയാതെ പൊലീസ്, അന്വേഷണം പ്രതിസന്ധിയിൽ

Sunday 15 February 2026 7:38 AM IST

തിരുവനന്തപുരം: അതീവ സുരക്ഷയുള്ള പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് ആനക്കൊമ്പുകൾ മോഷണം പോയ സംഭവത്തിൽ പൊലീസ് അന്വേഷണം നീളുന്നു. ആനക്കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്നാണ് നിഗമനം. ക്യാമ്പിനകത്തുള്ള ഓഫീസേഴ്സ് മെസും പരിസരവും സൈനികർ വ്യാപകമായി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ക്യാമ്പിനുള്ളിൽ പരിശോധന നടത്താൻ പൊലീസിന് പരിമിതികൾ ഉണ്ട്. ഇതിനാൽ തന്നെ അന്വേഷണം ഊര്‍ജിതമാക്കി ആനക്കൊമ്പുകള്‍ കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്.

ക്യാമ്പിലുള്ളവർ തന്നെയാണ് മോഷണത്തിനുപിന്നിലെന്നാണ് പൊലീസിന്റെ സംശയം. കവർച്ചയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ ചോദ്യംചെയ്തു. വിരലടയാളം ഉൾപ്പെടെ നിർണായകമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സൈനികർക്കുപുറമേ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെയും ഓഫീസ്, മെസ് ജീവനക്കാരെയുമെല്ലാം ചോദ്യം ചെയ്തു. രണ്ടോ അതിലധികമോ പേർ ചേർന്ന് വാഹനത്തിലാകും കൊമ്പുകൾ കടത്തിക്കൊണ്ടുപോയിട്ടുണ്ടാകുകയെന്നാണ് കരുതുന്നത്. സൈനിക കേന്ദ്രത്തിന്റെ പ്രവേശനകവാടത്തിൽ മാത്രമാണ് സിസിടിവി കാമറയുള്ളത്. പ്രധാനകവാടത്തിലൂടെ പോകുന്നവരെയും വരുന്നവരെയും സൈനികർ കൃത്യമായി പരിശോധിക്കാറുണ്ട്. റോഡിലെ പ്രവേശനകവാടത്തിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരത്താണ് ഓഫീസേഴ്സ് മെസ്.

മദ്രാസ് റെജിമെന്റിന് കരസേനാ മേധാവിയുടെ കമൻഡേഷൻ ലഭിച്ചത് ആഘോഷിക്കാൻ ബുധനാഴ്ച രാത്രി നടത്തിയ ഡിജെ പാർട്ടിക്കിടെയായിരുന്നു മോഷണം. വ്യാഴാഴ്ച പുലർച്ചെ മൂന്നുവരെയായിരുന്നു ഡിജെ പാർട്ടി. രാവിലെ പരിശോധിച്ചപ്പോഴാണ് മെസ് ഹാളിലെ ഭിത്തിയിൽ ഘടിപ്പിച്ച ആനക്കൊമ്പുകൾ കാണാനില്ലെന്ന് മനസിലായത്. സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക്കിന്റെ മേൽനോട്ടത്തിൽ ഡിസിപി തപോഷ് ബസുമതാരിയാണ് കേസന്വേഷിക്കുന്നത്.