തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവം; നഗരസഭയെ  പഴിചാരി  പിഡബ്ല്യുഡി  റിപ്പോർട്ട്

Wednesday 18 February 2026 11:40 AM IST

ഇടുക്കി: തൊടുപുഴ മുതലക്കോടത്ത് സ്ളാബിടാത്ത ഓടയിലേയ്ക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയെ പഴിചാരി പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്. വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ലാബുകൾ നീക്കം ചെയ്തത് നഗരസഭയാണെന്നും തിരികെ സ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും പിഡബ്ല്യുഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടം ആവർത്തിക്കാതിരിക്കാൻ സ്ലാബുകൾ പുനഃസ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

മുതലക്കോടം പറക്കുന്നേൽ വീട്ടിൽ ബെന്നി - ബിന്ദു ദമ്പതികളുടെ മകൻ ജെയ്സ് ബെന്നിയാണ് (27) മരിച്ചത്. തിങ്കളാഴ്ച രാത്രി 10.40ഓടെയായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന് മുതലക്കോടത്തേക്ക് വരികയായിരുന്ന ജെയ്സ്. റോഡരുകിലെ ഓടയിലേക്ക് ബെെക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടാവസ്ഥയിലുള്ള കലുങ്ക് പുതുക്കിപ്പണിയണമെന്ന് കാലങ്ങളായി പരാതി നൽകിയിട്ടും പിഡബ്ല്യുഡി അധികൃതർ കണ്ടഭാവം നടിച്ചില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി. സമീപത്തെ കെട്ടിട ഉടമ സൗജന്യമായി സ്ലാബ് സ്ഥാപിക്കാമെന്ന് പൊതുമരാമത്ത് അധികൃതരെ അറിയിച്ചെങ്കിലും ഇതിന് സമ്മതിച്ചില്ലെന്നും ആരോപണവുമുണ്ട്. എന്നാൽ നഗരസഭയെ പഴിചാരിക്കൊണ്ടാണ് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് വന്നിരിക്കുന്നത്.

ജെസിബി ഉപയോഗിച്ച് മാറ്റിയതിനാൽ ആ സ്ലാബുകൾ തിരികെ സ്ഥാപിക്കാൻ കഴിയാത്ത സ്ഥിതിയായെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഇവിടെ നേരത്തെയുണ്ടായിട്ടുള്ളത്. വളവിനോട് ചേർന്നുള്ള ഈ ഭാഗത്ത് അപകട കെണിയുണ്ടെന്ന മുന്നറിയിപ്പ് ബോർഡോ, വെളിച്ചമോ ഇല്ല.