പിടികിട്ടാപ്പുള്ളിയായ പിഎഫ്ഐ പ്രവർത്തകനെ എൻഐഎ പിടികൂടി, അറസ്റ്റ് നെടുമ്പാശേരി വിമാനത്താവളത്തിൽ
Wednesday 18 February 2026 5:33 PM IST
കൊച്ചി: പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പിഎഫ്‌ഐ) പ്രവർത്തകനെ അറസ്റ്റ് ചെയ്ത് എൻഐഎ. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്‌തീൻ കുട്ടിയാണ് അറസ്റ്റിലായത്. വിദേശത്ത് ഒളിവിലായിരുന്ന ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് എൻഐഎ പിടികൂടിയത്. പിഎഫ്ഐ തീവ്രവാദക്കേസിലെ 70ാം പ്രതിയാണ് ഇയാൾ.
പിഎഫ്ഐയുടെ ആയുധ പരിശീലന വിഭാഗത്തിന്റെ കോ - ഓർഡിനേറ്ററായിരുന്നു മൊയ്‌തീൻ കുട്ടിയെന്നാണ് എൻഐഎ പറയുന്നത്. പിഎഫ്‌ഐയെ നിരോധിച്ചതിനുപിന്നാലെയാണ് ഇയാൾ വിദേശത്തേയ്ക്ക് കടന്നത്. തുടർന്ന് ഇയാളെ എൻഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചു. ഇതിനിടെ ഇയാൾ നാട്ടിലെത്തിയപ്പോഴാണ് പിടിവീണത്. മൊയ്‌തീൻ കുട്ടി കൈവെട്ടുകേസിലും പ്രതിയാണെന്ന് എൻഐഎ പറയുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് എൻഐഎ അറിയിച്ചു.