മാര്‍ച്ചിലും ഏപ്രിലിലും കേരളം ചുട്ടുപൊള്ളും; കാത്തിരിക്കുന്നത് റെക്കോഡ് താപനില
തിരുവനന്തപുരം: ഫെബ്രുവരി മാസം പകുതി പിന്നിട്ടപ്പോള്‍ തന്നെ കേരളത്തില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമെങ്കിലും ചൂടില്‍ നിന്ന് വലിയ ഇടവേള പ്രതീക്ഷിക്കേണ്ടതില്ല. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേരളത്തില്‍ ചൂട് ഇനിയും ഉയരാനും റെക്കോഡ് താപനിലയിലേക്ക് പോലും എത്താനും സാദ്ധ്യതയുണ്ടെന്നാണ് നിഗമനം.
സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിച്ചതിന് പിന്നാലെ പകല്‍ സമയ തൊഴിലുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പകല്‍ 12 മണി മുതല്‍ മൂന്ന് മണി വരെ പുറംപണികളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. വേനലില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇപ്പോള്‍ തന്നെ അന്തരീക്ഷ താപനില റെക്കോഡ് വേഗത്തിലാണ് ഉയരുന്നത്. ചൂട് കാരണം ശാരീരിക അസ്വസ്ഥതകളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യതയും വളരെ കൂടുതലാണ്.
ചൂട് കൂടുതലായി അനുഭവപ്പെടുന്ന സമയത്ത് വീടിന് പുറത്ത് പോകാതെ അകത്ത് കഴിയുന്നവരും ധാരാളം വെള്ളം കുടിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ദാഹം തോന്നുന്നത് വരെ കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്ന ശീലം ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ തന്നെ ധാരാളം കരിക്കിന്‍ വെള്ളം കുടിക്കുന്നതും പഴച്ചാറുകള്‍ ശീലമാക്കുന്നതും നല്ലതായിരിക്കും. പകല്‍ സമയത്തില്‍ നേരിട്ട് വെയിലേല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നതാണ് ഗുണകരം. കടുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കി ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ശീലമാക്കുന്നതും നല്ലതായിരിക്കുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.