നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടും മത്സരിക്കാനില്ലെന്ന് കെ ബാബു

Thursday 19 February 2026 12:54 PM IST

കൊച്ചി: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ച് കോൺഗ്രസ് നേതാവ് കെ ബാബു. കോൺഗ്രസ് നേതാക്കൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് നിലവിലെ തൃപ്പൂണിത്തുറ എംഎൽഎ കൂടിയായ അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. മത്സരിക്കാനായി കോൺഗ്രസിലെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ മത്സരത്തിനില്ലെന്നുമാണ് കെ ബാബു പറഞ്ഞത്.

വിദ്യാർത്ഥി രാഷ്‌ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിൽ സജീവമായ വ്യക്തിയാണ് കെ ബാബു. ഏഴ് തവണ തൃപ്പൂണിത്തുറയിൽ നിന്ന് മത്സരിച്ച അദ്ദേഹം ആറു തവണ എംഎൽഎ ആയിട്ടുണ്ട്. അതിൽ അഞ്ചുതവണയും തുടർച്ചയായ വിജയങ്ങളായിരുന്നു. 1991 മുതൽ 2016 വരെയുള്ള കാലഘട്ടത്തിലാണ് തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, 2016ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം സ്വരാജിനോട് മത്സരിച്ച് പരാജയപ്പെട്ടു. 2021ലെ തിരഞ്ഞെടുപ്പിൽ എം സ്വരാജിനെ പരാജയപ്പെടുത്തി വീണ്ടും എംഎൽഎ ആവുകയായിരുന്നു.

ഓരോ തവണയും മികച്ച ഭൂരിപക്ഷം നേടിയാണ് കെ ബാബു തൃപ്പൂണിത്തുറ എംഎൽഎയായത്. 2016ലെ ബാർ കോഴ ആരോപണത്തിന് പിന്നാലെയാണ് എം. സ്വരാജിനോട് പരാജയപ്പെട്ടത്. എന്നാൽ, തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ വീണ്ടും എംഎൽഎയായി മടങ്ങിവന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ എക്‌സൈസ്-തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. അങ്കമാലി നഗരസഭയിലെ ആദ്യത്തെ നഗരസഭാ ചെയർമാനായിരുന്നു അദ്ദേഹം.