ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന് ഒരുകേസിൽ സ്വാഭാവിക ജാമ്യം, ജയിൽമോചിതനാകില്ല

Friday 20 February 2026 11:58 AM IST

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്​റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറിന് ഒരു കേസിൽ ജാമ്യം. കട്ടിളപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരിക്കുന്നത്. 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കു​റ്റപത്രം നൽകിയിരുന്നില്ല. നിലവിൽ പത്മകുമാർ ദ്വാരപാലക ശില്പ കേസിൽ റിമാൻഡിലാണ്. ഇതിൽകൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ജയിൽ മോചിതനാകാൻ സാധിക്കുകയുള്ളൂ.

കട്ടിളപ്പാളി കേസിൽ റിമാൻഡ് 90 ദിവസം പൂർത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ ജാമ്യഹരജി സമർപ്പിച്ചത്. അപേക്ഷയിൽ കൊല്ലം കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. കഴിഞ്ഞ നവംബർ 20നാണ് ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. പിന്നാലെ റിമാൻഡിൽ കഴിയവേ ദ്വാരപാലക ശില്പ കേസിലും പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കേസിലെ ആദ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും അടക്കമുള്ളവർ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയിരുന്നു. പത്മകുമാറിനെതിരെ ദേവസ്വം ബോർഡ് മുൻ അംഗങ്ങളക്കം മൊഴി നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതി ദേവസ്വം ബോർഡ് മുൻ അംഗമായിരുന്ന കെ പി ശങ്കർദാസ് ആരോഗ്യപ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യഹർജി 23നാണ് വിജിലൻസ് കോടതി പരിഗണിക്കുക.