ഒരു സര്‍ജറിക്ക് ഒരു കത്രിക ഫ്രീ, പരിഹാസവുമായി കെ മുരളീധരന്‍ 

Friday 20 February 2026 10:31 PM IST

ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് അവന്റെ ആരോഗ്യമാണെന്നും പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ ആരോഗ്യ മേഖലയെ സമ്പൂര്‍ണ്ണമായി തകര്‍ത്തിരിക്കുകയാണെന്നും കെ. മുരളീധരന്‍. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കോഴിക്കോട് സര്‍ജറി നടത്തിയ സ്ത്രീയുടെ വയറ്റില്‍ കത്രിക സമ്മാനിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്തും സര്‍ജറി നടത്തിയ യുവതിയുടെ വയറ്റില്‍ കത്രിക നിക്ഷേപിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫ് പദയാത്രയുടെ ജില്ലാ സ്വാഗതസംഘം ഓഫീസ് സെക്രട്ടേറിയറ്റിനു മുന്‍വശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി കെ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

10 വര്‍ഷത്തെ എല്‍ഡിഎഫ് ദുര്‍ഭരണത്തിന് അറുതി വരുത്താനാണ് യുഡിഎഫ് ജാഥ നടത്തുന്നത്. വി.ഡി. സതീശന്‍ പറഞ്ഞ വിസ്മയങ്ങള്‍, ജാഥ കടന്നുവരുന്ന എല്ലാ ജില്ലകളിലും സംഭവിക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു. ഗോവിന്ദന്‍ മാഷിന്റെ ജാഥ പൗരപ്രമുഖരെ കാണുമ്പോള്‍ വി.ഡി സതീശന്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുടെ വികാരങ്ങള്‍ ഏറ്റെടുക്കുകയാണ്. ആശുപത്രികളിലെ സര്‍ജറി ഉപകരണങ്ങളില്‍ കുറവുവരുന്നത് രോഗികളുടെ വയറ്റില്‍ നിക്ഷേപിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു.

ശബരിമല അയ്യപ്പ സംഗമത്തിന്റെ 3 തരത്തിലുള്ള കണക്കാണ് ദേവസ്വം ബോര്‍ഡിന്റെ കൈവശമുള്ളത്. ശരിയായ കണക്ക് ദൈവത്തിനുപോലും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല. ഇടതു സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ദൈവങ്ങള്‍ക്കുപോലും രക്ഷയില്ലെന്നായി.

ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍, വിഎസ് ശിവകുമാര്‍, ബീമാപള്ളി റഷീദ്, കൊട്ടാരക്കര പൊന്നച്ചന്‍, എംആര്‍. മനോജ്, എസ് ആര്‍ ഹരി, ജോണി ചെക്കിട്ട, കരുമം സുന്ദരേശന്‍ എന്നിവര്‍ പ്രസംഗിച്ചു.