ട്രംപിന് തിരിച്ചടി; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ വർദ്ധിപ്പിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
വാഷിംഗ്ടൺ : ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ അധിക തീരുവ യു.എസ് സുപ്രീംകോടതി റദ്ദാക്കി. വ്യാപകമായി താരിഫുകൾ ഏർപ്പെടുത്തിയ ട്രംപ് , പ്രസിഡന്റിന്റെ അധികാര പരിധി ലംഘിച്ചതായി കോടതി ഉത്തരവിൽ വ്യക്തമാക്കി. ദേശീയ അടിയന്തരാവസ്ഥകളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള നിയമത്തിന് കീഴിലാണ് ട്രംപ് രാജ്യങ്ങൾക്കെതിരെ തീരുവ ചുമത്തിയതെന്ന് വിധിയിൽ പറയുന്നു. 6-3 ഭൂരിപക്ഷത്തിലാണ് ജഡ്ജിമാർ വിധി പ്രസ്താവിച്ചത്.
1977ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ലെവികൾ തുമത്തുന്നത് അനുവദനീയമല്ലെന്ന് കോടതി വിധിച്ചു. യു.എസ് ഭരണഘടന പ്രസിഡന്റിനല്ല, കോൺഗ്രസിനാണ് നികുതികളും താരിഫുകളും പുറപ്പെടുവിക്കാനുള്ള അധികാരം നൽകുന്നത്. ട്രംപ് താരിഫുകളെ പ്രധാന സാമ്പത്തിക വിദേശനയ ഉപകരണമായി ഉപയോഗപ്പെടുത്തിയെന്നും കോടതി നിരീക്ഷിച്ചു.
അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്ക് തീരുവകൾ പ്രധാനമാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു.അവയില്ലാതെ രാജ്യം തകരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.