എൽ.ഡി.എഫിന്റെ കപ്പൽച്ചേതം
രാഷ്ട്രീയ തിരഞ്ഞെടുപ്പുകളിൽ പ്രവചനങ്ങളും കണക്കുകൂട്ടലുകളും തെറ്റിപ്പോകുന്നത് അത്രയൊന്നും അസാധാരണമല്ലെന്ന് തിരഞ്ഞെടുപ്പുകളുടെ ചരിത്രം അറിയാവുന്ന എല്ലാവർക്കും നിശ്ചയമുള്ളതു തന്നെ. പക്ഷേ, പതിനാറാം നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് 'വിസ്‌മയജയം' അവരുടെ തന്നെ പ്രതീക്ഷകളെ മറികടക്കുകയും, എക്സിറ്റ്പോൾ ഫലങ്ങളെക്കൂടി പിന്നിലാക്കുകയും ചെയ്ത് അസാധാരണവും
അഭൂതപൂർവവുമായൊരു രാഷ്ട്രീയമാറ്റത്തിന്റെ വജ്രത്തിളക്കം പ്രകടമാക്കുന്നതാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽതന്നെ, ജനവിധിയിൽ എൽ.ഡി.എഫിന് ഏൽക്കാനിരിക്കുന്ന തിരിച്ചടി വ്യക്തമായിരുന്നെങ്കിലും, മത്സരിച്ച ഇരുപത് മന്ത്രിമാരിൽ 13 പേർക്കും കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടിവരികയും, മുന്നണിക്ക് മൊത്തത്തിൽ 35 സീറ്റിൽ ഒതുങ്ങേണ്ടിവരികയും ചെയ്ത തോൽവി, സി.പി.എമ്മിനും ഇടതുമുന്നണിക്കും മുന്നിലേക്ക് ഒരുപാട് പാഠങ്ങൾ നീക്കിവയ്ക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മേൽവിലാസം തന്നെയായ പിണറായി കൂടി ഉൾപ്പെടുന്നതും, ഇടതുകോട്ടയെന്ന് കാലങ്ങളായി കരുതപ്പെട്ടു പോന്നിരുന്നതുമായ ധർമ്മടം മണ്ഡലത്തിൽ അദ്ദേഹത്തിനു പോലും അവസാന റൗണ്ടുകളിൽ മാത്രമാണ് ലീഡ് നേടാനായത് എന്നതും, ഞെരുക്കത്തിലുള്ള ജയത്തിനു പോലും ഒരു പരാജയച്ഛായയുണ്ട് എന്നതും ആ പാർട്ടിക്കും മുന്നണിക്കും ഏൽപ്പിച്ചിരിക്കുന്ന ആഘാതം ചെറുതല്ല. ഇടതുമുന്നണിയെന്ന കപ്പലിന്റെ അടിത്തട്ടു പൊളിക്കുക മാത്രമല്ല, ക്യാപ്ടനു തന്നെ വല്ലവിധേനയും നീന്തി കരപറ്റുവാൻ തക്ക പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത യു.ഡി.എഫ് നേടിയത് 102 സീറ്റുകളുമായി, അവർക്ക് അഭിമാനവും ആവേശവും പകരുന്ന ഗംഭീരവിജയം തന്നെയാണ്. ഒപ്പം, വി.ഡി. സതീശൻ എന്ന ജനനായകന്റെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കൃത്യമായ കണക്കുകൂട്ടലുകളുടെയും ധീരമായ നിലപാടുകളുടെയും മിന്നുന്ന ജയം കൂടിയാണിത്.
ഒരുപാട് പാഠങ്ങൾ പഠിക്കുന്നതിനു മുമ്പ്, ജനങ്ങൾക്ക് സഹിച്ചു മതിയായാൽ അത്തരമൊരു സർക്കാരിനെതിരെ തിരഞ്ഞെടുപ്പിൽ ജനം എങ്ങനെയാവും പ്രതികരിക്കുക എന്നത് പഠിക്കാൻ ഇതിലും മികച്ചൊരു ഉദാഹരണം ഇനിയുണ്ടാകണമെന്നില്ല. പിണറായി വിജയൻ നേതൃത്വം നൽകിയ ഇടതു സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ചോ ജനക്ഷേമ പരിപാടികളെക്കുറിച്ചോ അധികമാർക്കും ആക്ഷേപമുണ്ടാകാനിടയില്ല. ഇത്രയും ഞെട്ടിക്കുന്നൊരു തോൽവി അവർക്കായി ജനം കാത്തുവച്ചിരുന്നത് ഭരണത്തോടുള്ള കടുത്ത വിരോധം കാരണമാകാനും തരമില്ല. ഇത്, ആ പാർട്ടിയും അതിന്റെ നേതാക്കളും അവരെ ഭരണത്തിലേറ്റുകയും ഭരണത്തുടർച്ച നൽകുകയും ചെയ്ത ജനങ്ങളോട് പുലർത്തിയ ധാർഷ്ട്യത്തിനും ധിക്കാരത്തിനും യഥാർത്ഥ അധികാരികളായ ജനം നൽകിയ മൂർച്ചയേറിയ മറുപടിയാണ്. കപ്പിത്താനായ മുഖ്യമന്ത്രിക്കാകട്ടെ, വന്നുചേരാനിരിക്കുന്ന അപകടത്തെക്കുറിച്ച് ബോദ്ധ്യമുണ്ടായതുമില്ല. അത്തരമൊരു അപകടസാഹചര്യം സ്തുതിപാഠകവൃന്ദം അദ്ദേഹത്തിൽ നിന്ന് മന:പൂർവം മറച്ചുപിടിക്കുകയും ചെയ്തു.
ഭരണത്തിലേറുമ്പോൾ മേലെഴുത്തുപിള്ളമാരായ ഉന്നതോദ്യോഗസ്ഥർ പറയുന്ന ഔദ്യോഗിക ശരികൾക്കപ്പുറം ജനമനസിന്റെ ആഴംകൂടി അറിഞ്ഞ്, അവരുടെ പക്ഷത്തുനിൽക്കുന്ന തീരുമാനങ്ങളും നടപടികളുമാണ് ഏതു സർക്കാരും എടുക്കേണ്ടത്. അങ്ങനെ ഭരിക്കുന്നവർക്കു മാത്രമേ ജനമനസിൽ ഇടമുണ്ടാകൂ. ഭരണ വിരുദ്ധവികാരം എന്ന് പൊതുവെ പറയുന്നതിനപ്പുറം, മുഖ്യഭരണാധികാരിയോടുള്ള കടുത്ത ജനരോഷവും പ്രകടമായി നിഴലിച്ചുകണ്ട തിരഞ്ഞെടുപ്പാണ് കഴിഞ്ഞത്. അല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന് ആറു റൗണ്ട് വോട്ടെണ്ണിത്തീരും വരെ പിന്നിൽ നിൽക്കേണ്ടിവരില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ കെ.എൻ. ബാലഗോപാലും സജി ചെറിയാനും പി.എ. മുഹമ്മദ് റിയാസും ഉൾപ്പെടെ ഏഴുപേർ മാത്രം വിജയിച്ചപ്പോൾ കണ്ണൂരിലെ ഉൾപ്പെടെ സി.പി.എമ്മിന്റെ കരുത്തുറ്റ കോട്ടകൾ തകർന്നടിഞ്ഞു.
ന്യൂനപക്ഷ വോട്ടുകളുടെ വൻതോതിലുള്ള ഏകീകരണത്തിനൊപ്പം, ഒരു മാറ്റം അനിവാര്യമാണെന്ന പുതുതലമുറയുടെയും പഴയ തലമുറയുടെയും സംയുക്ത തീരുമാനമാണ് യു.ഡി.എഫിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. സി.പി.ഐയുടെ കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ് എന്നിവർ വിജയിച്ചപ്പോൾ ജെ. ചിഞ്ചുറാണി തോറ്റുപോയി. ജനങ്ങളെ വെല്ലുവിളിക്കുന്ന മാടമ്പി രാഷ്ട്രീയം വീട്ടിൽ വച്ചാൽ മതി എന്നു തെളിയിച്ചതാണ് പത്തനാപുരത്ത് കെ.ബി. ഗണേശ് കുമാറിന്റെ പരാജയം. കണ്ണൂരിലും കോഴിക്കോട്ടും കൊല്ലത്തും തിരുവനന്തപുരത്തുമെല്ലാം യു.ഡി.എഫ് ചുഴലി ആഞ്ഞടിച്ചപ്പോൾ സി.പി.എമ്മിന്റെ പല കുത്തക സീറ്റുകളും നഷ്ടപ്പെട്ടു.
ഇടതു മന്ത്രിസഭയിലെ പകുതിയിലധികം പേരും തോറ്റതോടെ കേരളത്തിലെ ഇടത് രാഷ്ട്രീയത്തിൽ വലിയ അഴിച്ചുപണികൾക്കും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കും വഴിയൊരുങ്ങുകയാണ്. ഇടതുപക്ഷത്തിൽ കാലാനുസൃതമായ തിരുത്തൽ ആവശ്യമാണെന്നു പ്രഖ്യാപിച്ച് പുറത്തുവരികയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്ത ജി. സുധാകരൻ ആലപ്പുഴയിലും, കുഞ്ഞുകൃഷ്ണൻ പയ്യന്നൂരിലും, ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിലും വിജയിച്ചത് സി.പി.എം കേന്ദ്ര നേതൃത്വം പ്രത്യേകം വിലയിരുത്തേണ്ടതാണ്.
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി മൂന്ന് സീറ്റുകൾ നേടിയത് അവർ അക്കൗണ്ട് തുറക്കില്ലെന്നു വീമ്പടിച്ചവർക്കുള്ള തിരിച്ചടി മാത്രമായല്ല, അവർ ഭാവിയിൽ നിക്ഷേപം വർദ്ധിപ്പിക്കുമെന്നതിന്റെ സൂചനയായിക്കൂടി കണക്കാക്കണം. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും ചാത്തന്നൂരിൽ ഗോപകുമാറും ബി.ജെ.പിയുടെ എം.എൽ.എമാരായി നിയമസഭയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നു. മുമ്പ് ഒ. രാജഗോപാൽ വിജയിച്ചത് 'രാജേട്ടന്റെ" സവിശേഷമായ വ്യക്തിവൈശിഷ്ട്യംകൊണ്ടു കൂടിയായിരുന്നെങ്കിൽ, ഇത്തവണത്തേത് ബി.ജെ.പിയുടെ വ്യക്തമായ രാഷ്ട്രീയജയം തന്നെയാണ്. മണ്ഡലത്തിൽ ഒരൊറ്റ ഫ്ളക്‌സോ പോസ്റ്ററോ പോലും വയ്ക്കാതെ സൈക്കിളിൽ വീടുതോറും കയറിയിറങ്ങി വോട്ടു പിടിച്ച് 52,907 വോട്ടിന് വിജയിച്ച പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയം എന്തുകൊണ്ടും വേറിട്ടുനിൽക്കുന്ന ഒന്നായി മാറി. മാതൃകാപരമായ ഈ പ്രചാരണ രീതി ഭാവിയിൽ ജനങ്ങളിൽ പൂർണവിശ്വാസമുള്ളവർക്ക് മാതൃകയാക്കാവുന്നതാണ്. കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണി നയിക്കുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നാമാവശേഷമായതാണ് ഈ തിരഞ്ഞെടുപ്പ് സമ്മാനിച്ച എടുത്തുപറയത്തക്ക മറ്റൊരു സവിശേഷത. 23 സീറ്റുകളിൽ വിജയിച്ച മുസ്ളിം ലീഗിന് ആദ്യമായി ഫാത്തിമ തഹ്‌ലിയ എന്ന വനിതാ അംഗത്തെയും നിയമസഭയിൽ എത്തിക്കാനായി.
വിജയവും പരാജയവുമൊക്കെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്വാഭാവികമാണ്. വൻ വിജയത്തിൽ മതിമറന്ന് പ്രവർത്തിക്കാതിരിക്കാനുള്ള ശ്രദ്ധയാണ് യു.ഡി.എഫിന്റെ ഭാഗത്തുനിന്ന് ഇനി ഉണ്ടാകേണ്ടത്. അഭിപ്രായ പ്രകടനങ്ങളിൽ മിതത്വം പാലിക്കാനും പ്രകോപനം സൃഷ്ടിക്കാതിരിക്കാനും നേതാക്കളും ശ്രമിക്കേണ്ടതാണ്. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അനുസൃതമായ തീരുമാനങ്ങൾ; പ്രത്യേകിച്ച്, കോൺഗ്രസ് മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ളത് വിവാദങ്ങൾക്കിടയാക്കാതെ യു.ഡി.എഫ് നേതൃത്വത്തിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. കേരളത്തിനു പുറമേ ഇലക്ഷൻ നടന്ന തമിഴ്നാട്ടിലും ബംഗാളിലും തീവ്രമായ ഭരണവിരുദ്ധ വികാരമാണ് ആഞ്ഞടിച്ചത്. തമിഴ്നാട്ടിൽ വിജയ് സൂപ്പർ ഹിറ്റായി. ഭരണകക്ഷിയായ ഡി.എം.കെയെ നിലം തൊടീക്കാതെയാണ് വിജയ്‌യുടെ ടി.വി.കെ വിജയം നേടിയത്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തറപറ്റിച്ച്, മമതാ ബാനർജിയെക്കൂടി പരാജയപ്പെടുത്തി 200 സീറ്റും കടന്ന് മുന്നേറിയിരിക്കുകയാണ് ബി.ജെ.പി. അസമിൽ ബി.ജെ.പി ഹാട്രിക് ഭരണം നേടുകയും ചെയ്തു. പുതുച്ചേരിയിലും എൻ.ഡി.എ സഖ്യം ഭരണം ഉറപ്പാക്കി. തുടർഭരണം ലഭിക്കണമെങ്കിൽ 'എങ്ങനെയാവരുത് ഭരിക്കേണ്ടത്" എന്ന പാഠം വ്യക്തമായി പഠിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പുകളാണ് കഴിഞ്ഞതെന്ന് ചുരുക്കിപ്പറയാം.