
പശ്ചിമബംഗാളിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരച്ചുകൊണ്ട് മമത യുഗത്തിന് അന്ത്യം കുറിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടായിരിക്കുന്നത്. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് അധികാരമേറ്റതിന് പിന്നാലെ നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും തുടർച്ചയായ വിജയമാണ് അവർ നേടിയത്. 34 വർഷത്തെ സി.പി.എം ഭരണം അവസാനിപ്പിച്ചാണ് മമത മുഖ്യമന്ത്രിയായത്. പിന്നീട് സി.പി.എമ്മിന് ഒരിക്കലും അധികാരത്തിന്റെ നാലയലത്ത് പോലും വരാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, 294 അംഗ നിയമസഭയിൽ ഇത്തവണ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. അത്രയേറെ അപ്രസക്തമായാണ് മൂന്ന് ദശാബ്ദത്തിലേറെ മഹാരഥന്മാർ നയിച്ച ബംഗാളിലെ സി.പി.എം മാറിയത്. ഏതാണ്ട് ഇതേ വിധി തന്നെയാവും മമതയെയും ഇനി കാത്തിരിക്കുന്നത്.
ബംഗാളിൽ എസ്.ഐ.ആറിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായാണ് ജയിച്ചു കയറിയത്. ഭവാനിപൂരിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് മമത 15,105 വോട്ടിന് തോൽക്കുക കൂടി ചെയ്തതയോടെ രാഷ്ട്രീയമായ ഒരു കാവ്യനീതി പൂർത്തിയാവുകയായിരുന്നു. 294 അംഗ നിയമസഭയിൽ ബി.ജെ.പി 206 സീറ്റും തൃണമൂൽ കോൺഗ്രസ് 81 സീറ്റും നേടി. കോൺഗ്രസിന് ലഭിച്ചത് രണ്ട് സീറ്റാണ്. സ്വാതന്ത്യ്രാനന്തരം ആദ്യമായാണ് ബംഗാൾ ബി.ജെ.പി ഭരണത്തിലേക്ക് വരുന്നത്. 2021ൽ വെറും 38 ശതമാനം വോട്ട് ഷെയർ നേടിയിരുന്ന ബി.ജെ.പി 2026ൽ 45.6 ശതമാനമായി ഉയർത്തിയാണ് ചരിത്ര ജയം നേടിയിരിക്കുന്നത്. കേരളത്തിലെപ്പോലെ തന്നെ ബംഗാളിലും മന്ത്രിമാരിൽ ഭൂരിപക്ഷവും തിരഞ്ഞെടുപ്പിൽ തോറ്റു. ഭരണവിരുദ്ധ വികാരം ഏറ്റവും രൂക്ഷമായ ചടുലതയോടെയാണ് ബംഗാളിൽ ആഞ്ഞടിച്ചത്.
ബംഗാളിലെ വനിതാ വോട്ടർമാർ തൃണമൂലിന്റെ നട്ടെല്ലായിരുന്നു. സ്‌ത്രീകൾക്കായി നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ അതിനേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന സ്‌ത്രീ കേന്ദ്രീകൃത പദ്ധതികളും ക്ഷേമ വാഗ്ദാനങ്ങളുമാണ് ബി.ജെ.പി തന്ത്രപൂർവം മുന്നോട്ടുവച്ചത്. അതിൽ ആകൃഷ്ടരായ വനിതാ വോട്ടർമാർ തൃണമൂലിനെ കൈവെടിയുകയായിരുന്നു. എസ്.ഐ.ആറിന്റെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്നും 90 ലക്ഷം പേർ പുറത്തായതും തൃണമൂലിന്റെ തോൽവിക്ക് ഇടയാക്കിയ പ്രധാന കാരണങ്ങളിലൊന്നാണ്. 60 ലക്ഷത്തിലധികം പേരെ മരിച്ചവരെന്ന കണക്കിലാണ് ഉൾപ്പെടുത്തിയിരുന്നത്. ഇവരിൽ ഭൂരിപക്ഷവും മുസ്ലിം വിഭാഗക്കാരുമായിരുന്നു. ബി.ജെ.പിയുടെ നിർദ്ദേശപ്രകാരം നടന്ന വോട്ടർപട്ടിക ശുദ്ധീകരണം ടി.എം.സിയുടെ ആപ്പീസ് പൂട്ടാനാണ് നിമിത്തമായത്.
കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ ബംഗാൾ ഭരിച്ച നിരവധി മന്ത്രിമാർ അഴിമതി കേസുകളുടെ ഭാഗമായി ജയിലിലായിട്ടുണ്ട്. കേന്ദ്ര ഭരണത്തെ എതിർക്കുന്നതിന്റെ മറവിൽ അഴിമതി ബംഗാളിൽ തഴച്ചുവളർന്നിരുന്നു. സ്‌കൂൾ സർവീസ് കമ്മിഷനിൽ നടന്ന കുംഭകോണത്തിന്റെ പേരിൽ 26,000 സ്കൂൾ അദ്ധ്യാപകർക്കാണ് ജോലി നഷ്ടമായത്. ജീവനക്കാർക്ക് കേന്ദ്രം നൽകുന്നതിന് തുല്യമായ ഡി.എ നൽകാനും മമത സർക്കാരിനായില്ല. ബംഗാളിലെ പട്ടണങ്ങളും ഗ്രാമങ്ങളും ഒരേപോലെ തൃണമൂൽ ഭരണത്തിൽ ഗതികെട്ട് ശ്വാസം മുട്ടി കഴിയുകയായിരുന്നു. എവിടെയും അക്രമികളും ഇടനിലക്കാരുമാണ് അഴിഞ്ഞാടിയിരുന്നത്. കേന്ദ്ര സേനയെ സംസ്ഥാനം ഒട്ടാകെ വിന്യസിച്ചിരുന്നതിനാൽ ഇത്തവണ ഭീഷണിപ്പെടുത്തി വോട്ടർമാരെ തടയാൻ തൃണമൂൽ പ്രവർത്തകർക്ക് കഴിഞ്ഞില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടികളാണ് ഇത് സാദ്ധ്യമാക്കിയത്. നിരവധി സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ കാരണങ്ങളാൽ അധികാരം നഷ്ടപ്പെട്ട മമതയ്ക്ക് ഇനിയൊരു തിരിച്ചുവരവ് ഏറെക്കുറെ അസാദ്ധ്യമാണ്. വംഗനാട്ടിലെ വീരവിജയം ബി.ജെ.പിയുടെ രാഷ്ട്രീയ ഗ്രാഫ് ഉയരങ്ങളിലെത്തിച്ചിരിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |