അന്ന് സ്റ്റാലിൻ അപമാനിച്ചു; ഇന്ന് കണക്ക് തീർത്തു...മുഖ്യമന്ത്രിയെ മലർത്തി അടിച്ച് വി എസ് ബാബു

Tuesday 05 May 2026 4:38 PM IST

ചെന്നൈ: എം കെ സ്റ്റാലിന്റെ സ്വന്തം തട്ടകമായ കൊളത്തൂരിൽ പ്രതീക്ഷിച്ച ഭൂരിപക്ഷം 75,000. പക്ഷെ, സംഭവിച്ചത് 8,795 വോട്ടുകളുടെ പരാജയം. അപ്പോൾ മുതൽ ലോകം തിര‌ഞ്ഞത് ഒരു കാര്യം; ആരാണ് സ്റ്റാലിനെ മലർത്തിയടിച്ച വി.എസ്.ബാബു.

ഡി.എം.കെയിൽ നിന്ന് രാഷ്ട്രീയം പയറ്റിത്തെളിഞ്ഞ ആളുതന്നെയാണ് ബാബു. 2006 ൽ പുരസവാക്കം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, സ്റ്റാലിനോട് ബാബുവിന് ഒരു കണക്ക് തീർക്കാനുണ്ടായിരുന്നു. അതങ്ങ് തീർത്തു. തിരഞ്ഞെടുപ്പ് ഗോദയിൽ സ്റ്റാലിനെ ഫിനിഷ് ചെയ്തു! സ്റ്റാലിനോട് അടുപ്പമുണ്ടായിരുന്ന നേതാവായിരുന്നു ബാബു. വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായിരുന്ന ബാബുവിന് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിന്റെ ചുമതലകൂടിയുണ്ടായിരുന്നു. സ്റ്റാലിന്റെ വിജയം അന്ന് 2,734 വോട്ടിനു മാത്രമായിരുന്നു. അത് ബാബുവിന്റെ കഴിവുകേടായി വിലയിരുത്തപ്പെട്ടു.

ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും ബാബുവിനെ പുറത്താക്കി. അണ്ണാ ഡി.എം.കെ വിട്ട് എത്തിയ പി.കെ. ശേഖർബാബുവിന് ‌ജില്ലാ സെക്രട്ടറി പദവി നൽകി.അപമാനിതമായ വി.എസ്.ബാബു ഡി എം കെ വിട്ട് അണ്ണാ ഡി എം കെയിലെത്തി. അവിടേയും അർഹമായ പരിഗണന കിട്ടിയില്ല. അങ്ങനെയിരിക്കെയാണ് ‌ടി.വി.കെയിൽ ചേർന്നത്. കൊളത്തൂരിൽ തന്നെ മത്സരിക്കാമെന്ന് വിജയ്‌യെ അറിയിച്ചു. കൊളത്തൂരിലെ ഡി എം കെ അടവുകൾ അറിയാവുന്ന ബാബു കളം അറിഞ്ഞു കളിച്ചു ജയിച്ചു.

വിജയമുറപ്പിച്ച ബാബു സ്റ്റാലിൻ മുമ്പ് കാണിച്ചതു പോലെ ഫിനിഷ് ചെയ്യുമെന്ന ആംഗ്യത്തെ അനുകരിച്ച് കാണിക്കുകയും ചെയ്തു.''വിജയത്തിനു കാരണം ദളപതി (വിജയ്) ആണ്. ഇനി എല്ലാം ദളപതി പറയും പോലെ'' എന്നാണ് വിജയിച്ച ശേഷം വി.എസ്.ബാബു മാദ്ധ്യമങ്ങളോടു പ്രതികരിച്ചത്.