ഞെട്ടൽ വിട്ടുമാറാതെ ഇടത്
ഇടുക്കി ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഞെട്ടലിലാണ് ഇടതുപക്ഷം. ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി നിയമസഭയിലും ആവർത്തിക്കുമെന്ന് മുന്നണി ഒരിക്കലും കരുതിയിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ബൂത്ത് തലത്തിൽ കൃത്യമായ ആസൂത്രണത്തോടെ പാർട്ടി മെഷിനറി പ്രവർത്തിച്ചിട്ടും ഫലം വന്നപ്പോൾ ഇടതുപക്ഷത്തിന് വലിയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ജില്ലയിൽ മൂന്നര പതിറ്റാണ്ടിന് ശേഷം ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ അഞ്ചും യു.ഡി.എഫ് നേടി. 1991ലാണ് ഇതിന് മുമ്പ് അഞ്ചിടത്തും യു.ഡി.എഫ് വിജയിച്ചിട്ടുള്ളത്. 20 വർഷത്തിന് ശേഷമാണ് കോൺഗ്രസിന് ജില്ലയിൽ ഒരു എം.എൽ.എയുണ്ടാകുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ കാൽനൂറ്റാണ്ടായി പ്രതിനിധീകരിക്കുന്ന ഇടുക്കി മണ്ഡലത്തിൽ 23,822 വോട്ടുകൾക്ക് കോൺഗ്രസിലെ റോയ് കെ. പൗലോസിനോട് തോറ്റു. 25 വർഷമായി സി.പി.എം വിജയിക്കുന്ന ഉടുമ്പഞ്ചോലയിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ കോൺഗ്രസിലെ സേനാപതി വേണുവിനോട് 20,021 വോട്ടിന് തോറ്റു. തൊടുപുഴയിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ പിൻഗാമിയായി എത്തിയ മകൻ അപു ജോൺ ജോസഫ് 44,291 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. രണ്ട് പതിറ്റാണ്ടായി സി.പി.എം കുത്തകയാക്കിയ ദേവികുളത്ത് നിലവിലെ എം.എൽ.എ എ. രാജയെ കോൺഗ്രസിലെ എഫ്. രാജ 5,233 വോട്ടുകൾക്ക് തോൽപ്പിച്ചു. 20 വർഷമായി സി.പി.ഐ ജയിക്കുന്ന പീരുമേട്ടിൽ, മുമ്പ് രണ്ട് തവണ പരാജയപ്പെട്ട കോൺഗ്രസിലെ സിറിയക് തോമസ് 27,634 വോട്ടുകൾക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെ തോൽപ്പിച്ചു.
ചിട്ടയായ പ്രവർത്തനം നടത്തിയിട്ടും കർഷകരും തൊഴിലാളികളുമുള്ള ഇടുക്കിയിൽ എന്തുകൊണ്ട് അടിപതറി എന്ന ആലോചനയിലാണ് എൽ.ഡി.എഫ് നേതൃത്വം. ക്ഷേമ പെൻഷൻ വർദ്ധനവും ഭൂപ്രശ്നങ്ങളിലെ ഇടപെടലുകളും വോട്ടായി മാറുമെന്ന് കരുതിയെങ്കിലും ഫലം തിരിച്ചടിയായി. 2006 മുതൽ ജില്ലയിൽ ഇടതുപക്ഷം പുലർത്തിയിരുന്ന മേൽക്കോയ്മ ഇതോടെ തകർന്നു. കെ.കെ. ജയചന്ദ്രൻ, എ. രാജ തുടങ്ങിയ പ്രമുഖരുടെ പരാജയം പാർട്ടിക്ക് ഉൾക്കൊള്ളാനായിട്ടില്ല. എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന ഉടുമ്പഞ്ചോലയും കാൽനൂറ്റാണ്ടായി റോഷി അഗസ്റ്റിൻ പ്രതിനിധീകരിച്ചിരുന്ന ഇടുക്കി മണ്ഡലവും നഷ്ടമായത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അപ്രതീക്ഷിതമായ ഈ ഫലം ഇടതുപക്ഷ ക്യാമ്പുകളെ നിശബ്ദമാക്കിയിരിക്കുകയാണ്. പരാജയ കാരണം വിശകലനം ചെയ്യുന്നതിനായി വരും ദിവസങ്ങളിൽ മുന്നണി യോഗങ്ങൾ ചേരും. താഴെത്തട്ടു മുതൽ പാർട്ടിയിൽ അഴിച്ചുപണി വേണമെന്ന വികാരമാണ് പ്രവർത്തകർക്കിടയിലുള്ളത്.
തറപറ്റി മന്ത്രി റോഷി ഇടുക്കി മണ്ഡലത്തിൽ കാൽനൂറ്റാണ്ടായി തുടരുന്ന റോഷി അഗസ്റ്റിന്റെ ആധിപത്യത്തിനാണ് ഇക്കുറി അന്ത്യമായത്. മന്ത്രിയായിരിക്കെ നേരിട്ട പരാജയം റോഷിക്ക് കനത്ത ആഘാതമായി. കോൺഗ്രസ് സ്ഥാനാർത്ഥി റോയ് കെ. പൗലോസ് 23,822 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റോഷിയെ പരാജയപ്പെടുത്തിയത്.റോയ് കെ. പൗലോസിന് 70,562ഉം റോഷി അഗസ്റ്റിന് 46,740 വോട്ടും ലഭിച്ചു. ആദ്യം പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മാത്രമാണ് റോഷി മുന്നിട്ട് നിന്നത്. പിന്നീടുള്ള 17 റൗണ്ടിലും റോയ് കെ. പൗലോസിനായിരുന്നു വ്യക്തമായ മേൽക്കൈ. റോഷിയുടെ വീടിരിക്കുന്ന വാഴത്തോപ്പ് വഞ്ചിക്കവലയിൽ 51 വോട്ടുകൾക്ക് റോയിയാണ് ലീഡ് ചെയ്തത്. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ തങ്കമണി 11ാം നമ്പർ ബൂത്തിലും 200 വോട്ടിന് റോഷി പിന്നിലായി. കേരള കോൺഗ്രസിൽ നിന്ന് സീറ്റ് ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചാൽ വിജയിക്കുമെന്ന കോൺഗ്രസ് നിരീക്ഷണം തെറ്റിയില്ലെന്നതും തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.
വോട്ട് വിഹിതത്തിൽ വൻ ഇടിവ്
ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതത്തിൽ ഇത്തവണ 12.57 ശതമാനത്തിന്റെ വലിയ ഇടിവാണുണ്ടായത്. അതേസമയം യു.ഡി.എഫിന്റെ വോട്ട് വിഹിതം 11.93 ശതമാനം വർദ്ധിച്ചു. ജില്ലയിൽ ആകെ പോൾ ചെയ്ത വോട്ടുകളിൽ 54.49 ശതമാനവും യു.ഡി.എഫ് സ്വന്തമാക്കി. എൻ.ഡി.എയുടെ വോട്ടുവിഹിതത്തിൽ ചെറിയ വർദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്.
രണ്ട് പതിറ്റാണ്ടിന് ശേഷം ത്രിവർണ കരങ്ങൾ യു.ഡി.എഫിനെ സംബന്ധിച്ച് ഇത് ചരിത്ര വിജയമാണ്. ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങൾ പിടിച്ചെടുത്ത് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള ശക്തമായ തിരിച്ചുവരവാണ് കോൺഗ്രസ് നടത്തിയത്. ഉടുമ്പൻചോലയിൽ സേനാപതി വേണുവും പീരുമേട്ടിൽ സിറിയക് തോമസും ദേവികുളത്ത് പുതുമുഖമായ എഫ്. രാജയും തിളക്കമാർന്ന വിജയം നേടി. ഐക്യത്തോടെയുള്ള പ്രവർത്തനവും ശക്തമായ ഭരണവിരുദ്ധ വികാരവുമാണ് യു.ഡി.എഫിന് തുണയായത്.
ഇതിന് മുമ്പ് 1991ലെ തിരഞ്ഞെടുപ്പിലാണ് അഞ്ചു സീറ്റും യു.ഡി.എഫിന് കിട്ടിയത്. അതിൽ തൊടുപുഴയിൽ പി.ടി. തോമസ് ഉൾപ്പെടെ നാലിടത്തും ജയിച്ചത് കോൺഗ്രസായിരുന്നു. 1996ൽ പക്ഷേ, സ്ഥിതി മാറി. തൊടുപുഴയും പീരുമേടും ഇടുക്കിയും ജയിച്ചത് എൽ.ഡി.എഫ് ആയിരുന്നു. യു.ഡി.എഫിന് രണ്ടുസീറ്റ് മാത്രം. അന്ന് പി.ജെ. ജോസഫ് ഇടതുപക്ഷത്താണ്. 2001ൽ വീണ്ടും യു.ഡി.എഫ് ആധിപത്യം ആയി. തൊടുപുഴ ഉൾപ്പെടെ നാലിടത്ത് യു.ഡി.എഫ് ജയിച്ചപ്പോൾ എൽ.ഡി.എഫിന് ഉടുമ്പൻചോല മാത്രം കിട്ടി. തുടർച്ചയായി യു.ഡി.എഫ് ജയിച്ചുവന്ന ഇവിടെ കെ.കെ. ജയചന്ദ്രൻ ആദ്യമായി എം.എൽ.എയായി. 2006ൽ വീണ്ടും കഥമാറി. അഞ്ചിൽ നാലും എൽ.ഡി.എഫ് ജയിച്ചപ്പോൾ യു.ഡി.എഫിന് ഇടുക്കി മണ്ഡലം മാത്രം. അന്ന് മുതൽ കോൺഗ്രസിന് ഒരു എം.എൽ.എ പോലും ഇല്ലാതായി. 2011 ആയപ്പോഴേക്കും പി.ജെ. ജോസഫ് എൽ.ഡി.എഫ് വിട്ടു. 2011ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്- 3, യു.ഡി.എഫ്- 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. കേരളകോൺഗ്രസിന്റെ ബലത്തിലാണ് യു.ഡി.എഫ് ഇടുക്കിയിലും തൊടുപുഴയിലും ജയിച്ചത്. 2016ലെ തിരഞ്ഞെടുപ്പിൽ തൊടുപുഴയും ഇടുക്കിയുമൊഴിച്ച് ബാക്കി മൂന്ന് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു. പിന്നീട് കേരളകോൺഗ്രസ് (എം) എൽ.ഡി.എഫിലെത്തിയതോടെ റോഷി അഗസ്റ്റ്യൻ പ്രതിനിധീകരിക്കുന്ന ഇടുക്കിയും ഇടതിനൊപ്പമെത്തി. 2021ലും തൊടുപുഴയൊഴികെ നാലും എൽ.ഡി.എഫിനൊപ്പം നിന്നു.
നേട്ടമുണ്ടാക്കാനാകാതെ എൻ.ഡി.എ നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കാര്യമായ മുന്നേറ്റം നടത്താൻ എൻ.ഡി.എയ്ക്ക് കഴിഞ്ഞില്ല. വോട്ട് വിഹിതത്തിൽ രണ്ട് ശതമാനത്തിന്റെ വർദ്ധന മാത്രമാണ് ഉണ്ടായത് (7.05%ൽ നിന്ന് 9.04%ലേക്ക്). ദേവികുളത്ത് മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും മറ്റ് മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് വലിയ ചലനം സൃഷ്ടിക്കാനായില്ല. തൊടുപുഴയിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞതുമില്ല.