
ഇടത് കോട്ടകൾ തകർത്ത് തരിപ്പണമാക്കി 10 വർഷത്തിനു ശേഷം കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലേക്ക്. 102 സീറ്റിന്റെ മിന്നുന്ന വിജയവുമായാണ് യു.ഡി.എഫ് സർക്കാർ രൂപവത്കരിക്കാനൊരുങ്ങുന്നത്. കമ്മ്യൂണിസ്റ്റ് പാർടിയുടെ ഈറ്റില്ലമായ കണ്ണൂരും കോഴിക്കോടും തെക്കൻ കേരളത്തിലെ ശക്തികേന്ദ്രമായ കൊല്ലത്തും ഇടതുപക്ഷം നിലംപൊത്തിയപ്പോൾ ആശ്വാസ തുരുത്തായത് പാലക്കാടും തൃശൂരുമാണ്.
സംസ്ഥാനത്ത് ആകെ വീശിയടിച്ച യു.ഡി.എഫ് തരംഗത്തിൽ പാലക്കാട്ടെ ചെങ്കോട്ടകൾ കുലുങ്ങിയിരുന്നു ചിലയിടങ്ങളിൽ കാര്യമായ വിള്ളലുകളുമുണ്ടായി എങ്കിലും നിലംപതിക്കാതെ പിടിച്ചുനിൽക്കാനായി ഇടതുപക്ഷത്തിന്. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളിൽ മൂന്നെണ്ണം പിടിച്ചെടുത്താണ് യു.ഡി.എഫ് ശക്തി തെളിയിച്ചത്. സി.പി.എം നേതൃത്വത്തോട് കലഹിച്ച് പുറത്തിറങ്ങിയവരുമായി ചേർന്ന് യു.ഡി.എഫ് നടത്തിയ പരീക്ഷണം പാലക്കാട്ട് ഫലംകണ്ടില്ല. പാലക്കാട് മണ്ഡലത്തിൽ സി.പി.എം നടത്തിയ സ്വതന്ത്ര പരീക്ഷണവും മണ്ണാർക്കാട്ട് പൊതുസമ്മതനെ നിർത്തി സി.പി.ഐ നടത്തിയ പരീക്ഷണവും വിജയിച്ചില്ല.
2016ലെ തിരഞ്ഞെടുപ്പിൽ 12ൽ ഒമ്പതിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയിച്ചിരുന്നു. പാലക്കാടും തൃത്താലയും മണ്ണാർക്കാടുമാണ് യുഡിഎഫ് വിജയിച്ച മണ്ഡലങ്ങൾ. 2021ൽ ഇത് യഥാക്രമം പത്തും രണ്ടുമായി. ഈ തിരഞ്ഞെടുപ്പിൽപാലക്കാടും മണ്ണാർക്കാടും നിലനിറുത്തി മുൻതിരഞ്ഞെടുപ്പുകളിൽ കൈവിട്ട തൃത്താലയും ചിറ്റൂരും തിരിച്ചുപിടിക്കാനും ചരിത്രത്തിൽ ആദ്യമായി കോങ്ങാടും പിടിച്ചെടുക്കാനും യു.ഡി.എഫിനായി. കൂടാതെ തരൂർ, ആലത്തൂർ, നെന്മാറ, പട്ടാമ്പി തുടങ്ങിയ മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടമാണ് നടന്നത്.
വീണ്ടും കാലിടറി ബിജെപി
പാലക്കാട് എന്ന എ ക്ലാസ് മണ്ഡലം ശോഭാ സുരേന്ദ്രനിലൂടെ പിടിച്ചെടുക്കാമെന്ന എൻ.ഡി.എ സ്വപ്നത്തിന് വീണ്ടും തിരിച്ചടി. രമേഷ് പിഷാരടിയിലൂടെ യു.ഡി.എഫും കോൺഗ്രസും മണ്ഡലം നിലനിറുത്തി. 13,147 വോട്ടാണ് ഭൂരിപക്ഷം. 2016ൽ 57,559 വോട്ടും 24ലെ ഉപതിരഞ്ഞെടുപ്പിൽ 58,389 വോട്ടും നേടിയ യു.ഡി.എഫ് ഇത്തവണ 62,199 വോട്ടാണ് സ്വന്തമാക്കിയത്. രമേഷ് പിഷാരടിയും ശോഭ സുരേന്ദ്രനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാമതെത്തിയ ശോഭാ സുരേന്ദ്രൻ ഇത്തവണയും വോട്ട് വിഹിതം ഉയർത്തി. 2024ലെ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വോട്ട് 39,549 ആയിരുന്നു. അത് ഇത്തവണ 49,052 ആയി.
2021ൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ബി.ജെ.പിയുടെ മെട്രോമാൻ ഇ.ശ്രീധരനെ മറികടന്ന് 3859 എന്ന ചെറിയ ഭൂരിപക്ഷത്തിനാണ് സിറ്റിംഗ് സീറ്റ് നിലനിറുത്തിയത്. 2024ലെ ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ 18000ൽ കൂടുതൽ വോട്ടുകൾക്ക് വിജയിച്ചിരുന്നു. ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറായിരുന്നു രണ്ടാം സ്ഥാനത്ത്. പാലക്കാട്ട് 2024ലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിട്ടെത്തിയ പി.സരിൻ നേടിയ വോട്ട് ഇത്തവണ സ്വതന്ത്രനായി രംഗത്തിറക്കിയ ഹോട്ടൽവ്യവസായി എൻ.എം.ആർ.റസാക്കിനില്ലായിരുന്നു. റസാക്ക് നേടിയത് 33,931 വോട്ടാണ്.
തൃത്താലയിൽ തിരിച്ചുവന്ന് ബൽറാം
എൽ.ഡി.എഫ് പ്രതീക്ഷയർപ്പിച്ച തൃത്താലയിൽ വലിയ വിജയമാണ് ബൽറാമിലൂടെ യു.ഡി.എഫ് നേടിയത്. ഭൂരിപക്ഷം 8385. സിറ്റിങ് എം.എൽ.എ ആയ എം.ബി. രാജേഷ് രണ്ടാം സ്ഥാനത്തേക്കായി. ബിജെപി സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്ററാണ് മൂന്നാം സ്ഥാനത്ത്. രാഷ്ട്രീയമായി ആർക്കും കുത്തക അവകാശപ്പെടാനില്ലാത്ത മണ്ഡലമായിരുന്നു തൃത്താല. 20 വർഷത്തെ സി.പി.എം ഭരണത്തിന് ശേഷം 2011ലായിരുന്നു വി.ടി. ബൽറാം ഇവിടെ വിജയിച്ചത്. രണ്ട് തിരഞ്ഞെടുപ്പുകളിൽ വിജയിച്ച ബൽറാമിനെ 2021ലെ മൂന്നാം അങ്കത്തിൽ ജനങ്ങൾ കൈവിടുകയും എം.ബി. രാജേഷിനെ വിജയിപ്പിക്കുകയുമായിരുന്നു. 3,016 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു 2021ൽ എം.ബി. രാജേഷ് വിജയിച്ചത്.
കോങ്ങാട്ടെ കോട്ട തകർത്ത് തുളസി
അട്ടിമറി വിജയമാണ് കോങ്ങാട് മണ്ഡലത്തിലുണ്ടായത്. ഇടതിനെ മാത്രം വിജയിപ്പിച്ച ചരിത്രമുള്ള കോങ്ങാട് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എ.തുളസി ആണ് വിജയിച്ചത്. 3706 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിറ്റിംഗ് എം.എൽ.എ കൂടിയായ സി.പി.എമ്മിന്റെ അഡ്വ. ശാന്തകുമാരിയെ ആണ് പരാജയപ്പെടുത്തിയത്. 2011ൽ കോങ്ങാട് മണ്ഡലം രൂപീകരിച്ചശേഷം ആദ്യമായാണ് യു.ഡി.എഫ് വിജയിക്കുന്നത്. 62734 വോട്ടുകളാണ് തുളസി നേടിയത്. 59028 വോട്ടുകൾ അഡ്വ.ശാന്തകുമാരി നേടി. ബി.ജെ.പി സ്ഥാനാർത്ഥി ഡോ.രേണു സുരേഷ് ആണ് മൂന്നാം സ്ഥാനത്ത്. 2021ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി യു.സി. രാമൻ നേടിയതിനേക്കാൾ 22,000ൽപ്പരം വോട്ടുകളാണ് ഇത്തവണ കെ.എ. തുളസി നേടിയത്. 2021ൽ അഡ്വ. ശാന്തകുമാരി 27,219 വോട്ടുകൾക്കാണ് കോങ്ങാട് നിന്ന് വിജയിച്ചത്.
തിരികെ കൈപിടിച്ച് ചിറ്റൂർ
ചിറ്റൂർ ഇത്തവണ ഇടതുപക്ഷത്തെ കൈവിട്ടു. 1996 മുതൽ 20 വർഷം കോൺഗ്രസിനെ വിജയിപ്പിച്ച ചിറ്റൂർ മണ്ഡലത്തെ 2016ൽ ജനതാദളിലെ കെ. കൃഷ്ണൻകുട്ടിയിലൂടെയാണ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്. തുടർച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ച കൃഷ്ണൻകുട്ടി ഇത്തവണ മാറിനിന്നതോടെ മണ്ഡലം എൽ.ഡി.എഫിനെ കൈവിട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതനാണ് 6510 വോട്ടുകൾക്ക് ഇവിടെ വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.മുരുകദാസ് രണ്ടാം സ്ഥാനത്തായി. ചിറ്റൂർ - തത്തമംഗലം നഗരസഭാ ചെയർമാനാണ് സുമേഷ് അച്യുതൻ. സർക്കാരിന്റെ വികസനവും കെ. കൃഷ്ണൻകുട്ടിയുടെ ജനകീയതയും പ്രവർത്തനങ്ങളും സീറ്റ് നിലനിർത്താൻ സഹായിക്കുമെന്നായിരുന്നു എൽ.ഡി.എഫിന്റെ പ്രതീക്ഷ. എന്നാൽ കൊഴിഞ്ഞാമ്പാറയിലടക്കമുള്ള രാഷ്ട്രീയ മാറ്റങ്ങൾ യു.ഡി.എഫിന്റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. 2016ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7285 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കൃഷ്ണൻകുട്ടി വിജയിച്ചത്. 2021ലെ തിരഞ്ഞെടുപ്പിൽ കൃഷ്ണൻകുട്ടിയുടെ ഭൂരിപക്ഷം 35,000ന് മേലെ ആയിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥി പ്രനേഷ് രാജേന്ദ്രന് 2021ൽ ബി.ജെ.പി സ്ഥാനാർഥി നേടിയതിനേക്കാൽ വെറും 239 വോട്ടുകൾ മാത്രമാണ് നേടിയത്.
വിസ്മയമാകാതെ ശശി
2006 മുതൽ സി.പി.എം തുടർച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണിത്. ഇത്തവണ എൽ.ഡി.എഫ് വിട്ട പി.കെ. ശശിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയതെങ്കിലും അഡ്വ. പ്രേംകുമാർ 26777 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം ആവർത്തിക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ഭൂരിപക്ഷമുയർത്താനും പ്രേംകുമാറിന് കഴിഞ്ഞിട്ടുണ്ട്. പി.കെ. ശശി മൂന്നാം സ്ഥാനയായി. 42476 വോട്ടുകൾ നേടിയ ബി.ജെ.പി സ്ഥാനാർഥി മേജർ രവിയാണ് രണ്ടാമത്. ഇതാദ്യമായാണ് മണ്ഡലത്തിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തുന്നത്. വോട്ട് 25,056ൽ നിന്ന് ഉയർത്താനായത് ബി.ജെ.പിക്കും മേജർ രവിക്കും വലിയ നേട്ടമായി.
സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് മുൻ അംഗവും കെ.ടി.ഡി.സി. ചെയർമാനുമായിരുന്നു പി.കെ. ശശി. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ടിന്റെ പ്രതിനിധിയായി യു.ഡി.എഫ്. സ്വതന്ത്രനായാണ് ഒറ്റപ്പാലത്ത് മത്സരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന ഡോ. പി. സരിൻ ഇവിടെ 59,707 വോട്ട് നേടിയിരുന്നു. ഇത്തവണ പി.കെ. ശശിക്ക് കിട്ടിയത് 48,585 വോട്ട്. എൽ.ഡി.എഫ്. സ്ഥാനാർഥി കെ. പ്രേംകുമാറിന് കഴിഞ്ഞ തവണ 15,152 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നെങ്കിൽ ഇത്തവണ 26,777 ആയി വർധിച്ചു. 2016ൽ പി. ഉണ്ണി യു.ഡി.എഫിലെ അഡ്വ. ഷാനിമോൾ ഉസ്മാനെ 16,088 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എൽ.ഡി.എഫ് ആധിപത്യം ഉറപ്പിച്ചത്. സി.പി.എം നേതൃത്വവുമായി അകന്ന പി.കെ. ശശിയെ യു.ഡി.എഫ് സ്ഥാനാർഥിയാക്കുന്നതിലൂടെ ഒറ്റപ്പാലത്ത് മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ശശി ഫാക്ടർ വിസ്മയങ്ങളൊന്നും ഉണ്ടാക്കിയില്ല.
ത്രില്ലടിപ്പിച്ച് പട്ടാമ്പി
പട്ടാമ്പി ആദ്യം എൽ.ഡി.എഫിന് നെഞ്ചിടിപ്പേറ്റിയെങ്കിലും സിറ്റിങ് എം.എൽ.എ മുഹമ്മദ് മുഹ്സിനിലൂടെ മണ്ഡലം നിലനിർത്തി. 9442 വോട്ടുകൾക്കാണ് മുഹമ്മദ് മുഹ്സിൻ യു.ഡി.എഫിന്റെ ടി.പി. ഷാജിയെ പരാജയപ്പെടുത്തിയത്. കോൺഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് 2021ൽ എൽഡിഎഫിനൊപ്പം നിൽക്കുകയും 2026ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങുകയും ചെയ്ത ടി.പി. ഷാജി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പട്ടാമ്പി നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിച്ചത് ഷാജിയുടെ മടങ്ങിവരവോടെയായിരുന്നു. ടി.പി. ഷാജി വോട്ടിൽ വിള്ളൽ വീഴ്ത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. മുഹമ്മദ് മുഹ്സിന്റെ ഭൂരിപക്ഷം കുറയ്ക്കാൻ ടി.പി. ഷാജിക്ക് സാധിച്ചിട്ടുണ്ട്. 2021ൽ 17,974 വോട്ടുകൾക്കാണ് മുഹ്സിൻ യു.ഡി.എഫിന്റെ റിയാസ് മുക്കോളിയെ പരാജയപ്പെടുത്തിയത്. ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടില്ല.
പരീക്ഷണം വിജയിക്കാതെ മലമ്പുഴ
മലമ്പുഴ മണ്ഡലം രൂപീകരിച്ച് 51 വർഷമായെങ്കിലും ഇതുവരെ എൽ.ഡി.എഫിൽ നിന്നല്ലാത്തൊരു എം.എൽ.എ ഇവിടെയുണ്ടായിട്ടില്ല. ഇത്തവണയും മലമ്പുഴ ആ കമ്മ്യൂണിസ്റ്റ് പാരമ്പര്യം കാത്തു. ഇ.കെ.നായനാർ രണ്ടുതവണയും വി.എസ്. നാലു തവണയും വിജയിച്ച മലമ്പുഴ ഇക്കുറി 19721 വോട്ടുകൾക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയുമായ എ. പ്രഭാകരനെ വിജയിപ്പിച്ചു. 2021ലെ കാൽലക്ഷമെന്ന ഭൂരിപക്ഷം കുറഞ്ഞു. ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. 2021ലെ തിരഞ്ഞെടുപ്പിൽ 50200 വോട്ടുകൾ നേടിയ ബി.ജെ.പി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ ഇത്തവണ 48908 വോട്ടുകളാണ് നേടിയത്. 2016ൽ വി.എസ്. അച്യുതാനന്ദന്റെ ഭൂരിപക്ഷം 27000ൽ കൂടുതലായിരുന്നു. അന്നും ബി.ജെ.പി ആയിരുന്നു രണ്ടാം സ്ഥാനത്ത്. അതുകൊണ്ടുതന്നെ ഇക്കുറി ബി.ജെ.പി ഏറെ പ്രതീക്ഷ പുലർത്തുന്ന സീറ്റായിരുന്നു മലമ്പുഴ. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എ. സുരേഷ് യു.ഡി.എഫ് സ്ഥാനാർത്ഥി ആയി മത്സരിച്ച് 42262 വോട്ടുകൾ നേടി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതുയുഗയാത്ര പാലക്കാട്ടെത്തിയപ്പോഴാണ് സുരേഷ് യു.ഡി.എഫിലെത്തിയത്. കോൺഗ്രസിൽച്ചേർന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചെങ്കിലും മൂന്നാംസ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. സുരേഷിനെ മത്സരിപ്പിച്ച് ഇടത് വോട്ടിൽ ഭിന്നിപ്പിക്കുണ്ടാക്കാൻ കഴിയുമെന്നായിരുന്നു യു.ഡി.എഫ് പ്രതീക്ഷയെങ്കിലും ഫലം കണ്ടില്ല. 2021ൽ സ്ഥാനാർഥിയായ എസ്.കെ. അനന്തകൃഷ്ണൻ നേടിയത് 35,444 വോട്ടാണ്.
അതേസമയം മണ്ണാർക്കാടും ആലത്തൂരും നെന്മാറയിലും തരൂരിലും എൽ.ഡി.എഫിനും യു.ഡി.എഫിനും സിറ്റിങ് സീറ്റുകൾ നിലനിർത്താനായിയിട്ടുണ്ട്. മണ്ണാർക്കാട് സിറ്റിങ് എം.എൽ.എ ആയ അഡ്വ. എൻ. ഷംസുദ്ദീൻ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.
കാറ്റിലും കോളിലും ഉലയാത്ത സ്‌ട്രോംഗ് റെഡ് ഏരിയയായ ആലത്തൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് വിജയിച്ചുകയറി. 8553 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.എം. ശശി വിജയിച്ചത്. നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് പരാജയമറിയാത്ത മണ്ഡലമാണ് നെന്മാറ. ഇക്കുറി 3305 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർഥി കെ. പ്രേമൻ വിജയിച്ചു. ഷൊർണൂരിൽ സിറ്റിംഗ് എം.എൽ.എ ആയ പി. മമ്മിക്കുട്ടി 16,517 വോട്ട് ഭൂരിപക്ഷത്തിനാണ് ഇടതുപക്ഷത്തിനായി മണ്ഡലം നിലനിറുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |