SignIn
Kerala Kaumudi Online
Thursday, 07 May 2026 3.57 PM IST

ഉത്തേജക ഉപയോഗത്തിലെ നാണംകെട്ട ഒന്നാം സ്ഥാനം

Increase Font Size Decrease Font Size Print Page
a

അന്താരാഷ്ട്ര കായികരംഗത്ത് പല ഇനങ്ങളിലും പിന്നാക്കമാണെങ്കിലും ഇന്ത്യ ഉത്തേജകമരുന്ന് ഉപയോഗത്തിൽ ഒന്നാംസ്ഥാനത്ത് എത്തിയെന്ന നാണംകെടുത്തുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസിയുടെ (വാഡ) വാർഷിക റിപ്പോർട്ടിൽ ഇന്ത്യൻ കായികരംഗത്തെ ഉത്തേജക ഉപയോഗത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ജൂനിയർ മുതൽ സീനിയർ വരെയുള്ള കായികതാരങ്ങൾക്കിടയിൽ ഉത്തേജക ഉപയോഗം വർദ്ധിച്ചിരിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. പരിശോധനകൾ ശക്തമാക്കുന്നതു കൊണ്ടാണ് പിടിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നതെന്ന് കായിക സംഘടനകളുടെ തലപ്പത്തുള്ളവരും പരിശീലകരും പറഞ്ഞൊഴിയുന്നതു പോലെ നിസാരമായി മായ്ച്ചുകളയാവുന്നതല്ല ഈ പേരുദോഷം. ഇന്ത്യൻ അത്‌ലറ്റിക്സ് താരങ്ങൾക്കിടയിൽ ഉത്തേജക മരുന്ന് ഉപയോഗം കൂടുതലാണെന്ന് വേൾഡ് അത്‌ലറ്റിക്സ് ഫെഡറേഷൻ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ വേൾഡ് അത്‌ലറ്റിക്സിന്റെ അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് ഇന്ത്യയെ ഏറ്റവും റിസ്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ബി കാറ്റഗറിയിൽ നിന്ന് എ കാറ്റഗറിയിലേക്ക് മാറ്റി.

ഉത്തേജക ഉപയോഗത്തിൽ കെനിയ പോലുള്ള രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യയുടെ പോക്കെന്ന് അത്‌ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റ് ചെയർമാൻ ഡേവിഡ് ഹൊവ്മാൻ പറയുന്നു. എ കാറ്റഗറിയിലേക്ക് മാറ്റിയതോടെ അന്താരാഷ്ട്ര മത്സരവേദികളിൽ ഇന്ത്യൻ താരങ്ങളുടെ ഉത്തേജക പരിശോധന കൂടുതൽ കർക്കശമാക്കും. പല വിദേശരാജ്യങ്ങളിലെയും ഇൻവിറ്റേഷണൽ മീറ്റുകളിൽ നിന്ന് ഇപ്പോൾതന്നെ അനൗദ്യോഗികമായി ഇന്ത്യൻ താരങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. 2022ൽ 48 ഇന്ത്യൻ കായിക താരങ്ങളെയാണ് ഉത്തേജകക്കേസിൽ പിടികൂടിയത്. ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു അപ്പോൾ. 2023ൽ 63പേരെ പിടികൂടി. രണ്ടാം സ്ഥാനത്ത് തുടർന്നു. എന്നാൽ 2024ൽ 71 കേസുകളുമായി ഒന്നാം സ്ഥാനത്തേക്ക് വന്നു. 2025ൽ 30 കേസുകളായെങ്കിലും ഒന്നാം സ്ഥാനത്തിന് മാറ്റമുണ്ടായില്ല. മറ്റ് രാജ്യങ്ങൾ ഉത്തേജനത്തിന്റെ കാര്യത്തിൽ മറുമരുന്നുകൾ സ്വീകരിച്ചപ്പോൾ ഇന്ത്യ കൃത്യമായ നടപടികളെടുക്കാത്തതിന്റെ ഫലമായിരുന്നു ഇത്.

കഴിഞ്ഞവർഷം പാർലമെന്റിൽ ചരിത്രത്തിൽ ആദ്യമായി ദേശീയ കായിക നിയമം പാസാക്കിയതിനൊപ്പം ഉത്തേജകവിരുദ്ധ നിയമവും പാസാക്കിയിരുന്നു. ഉത്തേജകമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികൾ വിഭാവനം ചെയ്യുന്ന നിയമം ആർജ്ജവത്തോടെ നടപ്പിൽ വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസിയുടെ റിപ്പോർട്ട് അർത്ഥമാക്കുന്നത്. ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസിയാണ് (നാഡ) ഇന്ത്യൻ കായിക താരങ്ങൾക്കിടയിൽ ഉത്തേജക പരിശോധനകൾ നടത്തുന്നതും താത്കാലികമായും സ്ഥിരമായുമൊക്കെ തരാതരംപോലെ വിലക്കുന്നതും. ഇന്ത്യപോലെ വലിയ രാജ്യത്ത് നടക്കുന്ന എല്ലാമത്സരങ്ങളിലും പരിശോധന നടത്താൻതക്ക ആൾബലമുള്ള ഏജൻസിയല്ല നാഡ. പല ദേശീയ ജൂനിയർ മീറ്റുകളും ഇന്റർ യൂണിവേഴ്സിറ്റി മീറ്റുകളും കഴിയുമ്പോൾ ഉത്തേജക സിറിഞ്ചുകൾ പെറുക്കിക്കൂട്ടേണ്ട അവസ്ഥയാണ്. സ്പോർട്സ് ക്വാട്ട നിയമനങ്ങൾ നേടാനുള്ള കുറുക്കുവഴിയായാണ് പലരും ഉത്തേജകത്തെ കാണുന്നത്. ജൂനിയർ തലം കഴിഞ്ഞാൽ പലരെയും കായികരംഗത്ത് കണ്ടുകിട്ടാത്ത അവസ്ഥയുണ്ടാകുന്നതും ഇതുകൊണ്ടാണ്.

കുറച്ചു കായിക താരങ്ങളെ വിലക്കുന്നതിൽ തീരുന്നതല്ല ഉത്തേജകം കൊണ്ടുണ്ടാകുന്ന നാണക്കേട്. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കായിക മാമാങ്കങ്ങൾക്ക് വേദിയാകാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് ഈ പേരുദോഷം വിലങ്ങുതടിയാകും. 2030ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്നത് ഇന്ത്യയാണ്. 2036ലെ ഒളിമ്പിക്സ് വേദിക്കായുള്ള പരിശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുകയാണ്. 2038ലെ ഏഷ്യൻ ഗെയിംസ് വേദിക്കും ശ്രമം തുടങ്ങിക്കഴിഞ്ഞു. പക്ഷേ, ഉത്തേജക ഉപയോഗം ഈ രീതിയിൽ പോവുകയാണെങ്കിൽ തിരിച്ചടിയാകും. വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി സ്വാർത്ഥലാഭക്കാരുടെ ദുഷ്ചെയ്തികൾക്ക് രാജ്യം ഒന്നടങ്കം നാണംകെടുന്ന അവസ്ഥ ഒഴിവാക്കണം. ഉത്തേജകത്തിൽ നിന്ന് അകന്നുനിൽക്കാൻ ഓരോ കായികതാരവും പ്രതിജ്ഞാബദ്ധരാകണം. പരിശീലകരുൾപ്പെടെ ഉത്തേജകത്തിന് വളംവയ്ക്കുന്നവരെ തളയ്ക്കാൻ അധികാരപ്പെട്ടവരും തയ്യാറാകണം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.