ഉയർന്ന ഭൂരിപക്ഷത്തിൽ സജീവ് ജോസഫ്

Thursday 07 May 2026 12:09 AM IST
സജീവ് ജോസഫ് ഭാര്യ ബ്യൂട്ടി സജീവിനും മകൾ സോനയ്ക്കും മരുമകൻ വരുണിനുമൊപ്പം

കണ്ണൂർ: ജില്ലയിൽ ഏറ്റവുമധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജീവ് ജോസഫ് രണ്ടാമൂഴത്തിൽ ജയം ഉറപ്പിച്ചത്. രണ്ടാം തവണയും വോട്ടുനൽകി വിജയിപ്പിച്ച വോട്ടർമാരോട് ഏറെ നന്ദിയുണ്ടെന്ന് സജീവ് ജോസഫ് പറയുന്നു. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ തന്നെയാണ് ജനങ്ങൾ രണ്ടാമതും തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമെന്നും തുടർന്നും ജനങ്ങളോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും സജീവ് ജോസഫ് പറഞ്ഞു.

കാർഷിക പ്രശ്നങ്ങൾ, വന്യജീവി ആക്രമണം, അടിസ്ഥാന സൗകര്യ വികസനം എന്നിവ കേന്ദ്രീകരിച്ചുള്ള വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകും. മലയോര മേഖലയായതിനാൽ വന്യജീവി ആക്രമണം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കേണ്ടതുണ്ട്. റോഡ്, പാലം, കർഷകർക്കുള്ള സഹായം, മറ്റ് അടിസ്ഥാന വികസന പ്രവർത്തനങ്ങൾ എന്നിവ മുൻനിർത്തിയായിരുന്നു കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

42,249 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫിലെ മാത്യു കുന്നപ്പള്ളിയെ സജീവ് ജോസഫ് തറപറ്റിച്ചത്. സജീവ് ജോസഫ് (90,575), മാത്യു കുന്നപ്പള്ളി (48,326), ട്വന്റി ട്വന്റിയിലെ ശ്രീനാഥ് പത്മനാഭൻ (9577) എന്നിങ്ങനെയാണ് വോട്ട് നില. 1,51,521 പേരാണ് വോട്ട് ചെയ്തത്. 2021ൽ 76,964 വോട്ടായിരുന്നു സജീവ് ജോസഫിനു ലഭിച്ചത്. 18,428 വോട്ടിന്റെ ചോർച്ചയാണ് എൽ.ഡി.എഫിനുണ്ടായത്. ജില്ലയിൽ യു.ഡി.എഫ് ഉണ്ടാക്കിയ നേട്ടത്തിൽ ഏറ്റവും കരുത്തുള്ളതാണ് സജീവ് ജോസഫിന്റെ വിജയം.