വേനൽക്കാലത്ത്  മുഖം കരിവാളിച്ചോ?​ ട്രൈ ചെയ്യാം ഈ സ്പെഷ്യൽ വെള്ളരിക്ക ഫേസ് മാസ്ക്  

Friday 08 May 2026 1:26 PM IST

വേനൽക്കാലത്ത് ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ചർമ പ്രശ്നങ്ങൾ കൊണ്ടാണ്. കരിവാളിപ്, ടാനിങ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ദിനംപ്രതി നേരിടേണ്ടിവരും. ഇത്തരം ചർമ്മപ്രശ്നങ്ങൾ ഇല്ലാതാക്കാനും തിളക്കമുള്ള ചർമ്മം നേടാനും സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ ഒരു പ്രതിവിധിയാണ് വെള്ളരിക്ക ഫേസ് മാസ്ക്.

വെള്ളരിക്കയിൽ ഉയർന്ന അളവിൽ നിറഞ്ഞിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിൻ എ, ബി1, സി, ബയോട്ടിൻ, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളെല്ലാം ചർമത്തിലെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായിക്കും. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ചർമത്തിൽ ഉണ്ടാകുന്ന വീക്കത്തെ കുറച്ച് കൊണ്ട് എല്ലായ്പ്പോഴും ജലാംശം ഉള്ളതാക്കി നിലനിർത്താനും ആവശ്യമായ തിളക്കം നൽകാനുമെല്ലാം ഇത് സഹായിക്കുന്നു. ഇനി എങ്ങനെയാണ് ലളിതവും ഫലപ്രദവുമായ രീതിയിൽ വെള്ളരിക്ക ഫേസ് മാസ്ക് തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ഒരു വെള്ളരിക്ക

രണ്ട് ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ

ഒരു ടേബിൾസ്പൂൺ തേൻ

തയ്യാറാക്കുന്ന വിധം

ആദ്യം വെള്ളരിക്ക നന്നായി കഴുകുക. ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക. ഇനി ഈ കഷണങ്ങൾ മിക്സിയിൽ ഇട്ട് നന്നായി പേസ്റ്റാക്കണം. തയ്യാറാക്കിയ പേസ്റ്റ് വൃത്തിയുള്ള ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഇതിലേക്ക് കറ്റാർ വാഴ ജെല്ലും തേനും ചേർത്ത് ഒന്നുകൂടി പേസ്റ്റാക്കണം.

ഉപയോഗിക്കേണ്ട ശരിയായ രീതി

ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകിയ ശേഷം ജലാംശം തുടച്ചെടുക്കുക. ശേഷം ഉണങ്ങിയ മുഖത്തും കഴുത്തിലും, കൈകളോ ബ്രഷോ ഉപയോഗിച്ച് പേസ്റ്റ് പുരട്ടണം. 15-20 മിനിറ്റ് നേരം വയ്ക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇത് ഉപയോ​ഗിക്കുന്നതുവഴി കരിവാളിപ്, ടാനിങ് എന്നിവ മാറി മുഖത്തിന് തിളക്കം ലഭിക്കുന്നു. ഈ കുക്കുമ്പർ ഫെയ്സ് മാസ്ക് ചർമ്മത്തിന് വളരെ ആരോഗ്യകരമാണെങ്കിലും, സെൻസിറ്റീവ് ചർമ്മമുണ്ടെങ്കിൽ ആദ്യമായി മുഖത്ത് പുരട്ടുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് ഉറപ്പാക്കുക.