കാന്‍സറാണ് സഹായിക്കണം, ലക്ഷങ്ങള്‍ തട്ടി സോഷ്യല്‍മീഡിയ താരം; പൊലീസില്‍ കീഴടങ്ങി

Friday 08 May 2026 8:37 PM IST

സമൂഹ മാദ്ധ്യമങ്ങള്‍ വ്യാപകമായതോടെ സെലിബ്രിറ്റികളുടെ എണ്ണവും കൂടി. വെറും ലൈക്കും ഷെയറും വ്യൂസിനുമൊക്കെ അപ്പുറം നല്ല പ്രവര്‍ത്തികള്‍ക്കായി സമൂഹമാദ്ധ്യങ്ങളെ ഉപയോഗിക്കുന്നവരുണ്ട്. അതുപോലെ തന്നെ തട്ടിപ്പിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും സമൂഹമാദ്ധ്യമങ്ങളെ ആയുധമാക്കുന്നവരും കുറവല്ല. പലപ്പോഴും ഇത്തരം പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ അതിന്റെ ആധികാരികത പോലും പരിശോധിക്കാതെ വിശ്വസിക്കാറുണ്ട് ജനങ്ങള്‍. ഇപ്പോഴിതാ തനിക്ക് ക്യാന്‍സറാണെന്ന് കളവ് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഒരു വനിതാ വ്‌ളോഗറുടെ തട്ടിപ്പാണ് ചര്‍ച്ചയാകുന്നത്.

അങ്ങ് ഈജിപ്റ്റിലാണ് സംഭവം അരങ്ങേറിയത്. ഡോണിയ ഫൗദ് എന്ന യുവതിയാണ് തനിക്ക് ക്യാന്‍സറാണെന്നും ചികിത്സയ്ക്ക് പണം വേണമെന്നും അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നത്. നാല് മില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് (ഏകദേശം 71 ലക്ഷം രൂപ) ആണ് ഡോണിയ തട്ടിയെടുത്തത്. ഒടുവില്‍ കള്ളി വെളിച്ചത്തായതോടെ ഇവര്‍ പൊലീസില്‍ കീഴടങ്ങുകയും ചെയ്തു. വൈദ്യപരിശോധനയില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചതിന് തൊട്ട് പിന്നാലെയാണ് ഇവര്‍ പൊലീസില്‍ കീഴടങ്ങിയത്. യുവതിക്കെതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് പണം നല്‍കിയ പലരും.

ഡോണിയ പണപ്പിരിവ് നടത്തുന്നുവെന്ന് ചിലര്‍ പരാതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തട്ടിപ്പ് പുറത്തായതിന് പിന്നാലെ തനിക്ക് മാനസിക രോഗമാണെന്നും അതിന് ചികിത്സ ആവശ്യമാണെന്നുമാണ് ഡോണിയ പറയുന്നത്. രോഗമാണെന്ന് പറഞ്ഞപ്പോള്‍ എല്ലാവരുടേയും സ്‌നേഹവും കരുതലും തനിക്ക് ലഭിച്ചുവെന്നും ഇത് തനിക്ക് വൈകാരികമായി വലിയ ആശ്വാസം സമ്മാനിച്ചുവെന്നും ഡോണിയ പറയുന്നു. മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടണമെന്ന സുഹൃത്തുക്കളുടെ നിര്‍ദേശം താന്‍ മുമ്പ് അവഗണിച്ചിരുന്നുവെന്നും ഡോണിയ തുറന്ന് സമ്മതിക്കുന്നു.