വിവാഹ വാഗ്ദാനം നൽകി 20 ലക്ഷം തട്ടിയ പ്രതി പിടിയിൽ, മാട്രിമാേണിയൽ പരസ്യം മറയാക്കി

Saturday 09 May 2026 1:52 AM IST

തിരുവനന്തപുരം; പുനർവിവാഹത്തിന് മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീകളുമായി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്ന വിരുതൻ അറസ്റ്റിൽ. ആലുവ തിരുവൈരാണിക്കുളം പുതിയകാവ് ഫോർച്യൂൺ അപാർട്മെന്റ് ഫ്ലാറ്റ് നമ്പർ 1ബിയിൽ രാകേഷ് രാമചന്ദ്രനാണ് (40) പേട്ട പൊലീസിന്റെ പിടിയിലായത് . വിദേശത്തുനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിയായ യുവതി കേരള മാട്രിമോണി വഴി രജിസ്റ്റർ ചെയ്തിരുന്ന ഫോൺ നമ്പരിൽ വിളിച്ച് അടുപ്പത്തിലായ ശേഷം വിവാഹ വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. ചാരിറ്റി പ്രവർത്തനം, യുവതിയുടെ നാളിന്റെ ദോഷം മാറ്റണം, യുവതിക്ക് മലേഷ്യയിലേയ്ക്കുള്ള വിസ ശരിയാക്കണം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് 20 ലക്ഷം തട്ടിയെടുത്തത്.ഗൂഗിൾ പേ വഴിയും അക്കൗണ്ട് വഴിയുമാണ് പല തവണകളായി തുക കൈമാറിയത്. അതിനുശേഷം കടന്നുകളയുകയിരുന്നു. ദുബായ്, മലേഷ്യ എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. ഇയാൾക്കെതിരെ തെലങ്കാനയിലും സമാനമായ കേസിൽ ലുക്ക് ഔട്ട് നോട്ടീസ് നിലവിലുണ്ട്. 2015 മുതൽ പുനർവിവാഹം ആഗ്രഹിക്കുന്നവരെ കണ്ടെത്തി തട്ടിപ്പ് തുടരുകയായിരുന്നു. 2024 ലാണ് പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.