ഷാനിമോൾ ഉസ്മാന് സ്വീകരണം, വടുതല മറ്റത്തിൽ സംഘർഷാവസ്ഥ
Monday 11 May 2026 8:07 AM IST
പൂച്ചാക്കൽ: നിയുക്ത എം.എൽ.എ ഷാനിമോൾ ഉസ്മാന് സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് അരൂക്കുറ്റി വടുതല മറ്റത്തിൽ ഭാഗത്ത് സംഘർഷാവസ്ഥ. സി.ഐ.ടിയു ഓഫീസ് പരിസരത്ത് കോൺഗ്രസ് പ്രവർത്തകർ കൊടികളും തോരണങ്ങളും സ്ഥാപിച്ച് സ്വീകരണത്തിനായി വേദി ഒരുക്കിയതിനെ തുടർന്നാണ് സി.പി.എം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായത്.മുൻകൂട്ടി അറിയിക്കാതെയും അനുമതി തേടാതെയുമാണ് ഓഫീസ് പരിസരത്ത് ഒരുക്കങ്ങൾ നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.തുടർന്ന് സി.പി.എം, സി ഐ.ടി.യു പ്രവർത്തകർ കോൺഗ്രസ് സ്ഥാപിച്ച തോരണങ്ങൾ നീക്കം ചെയ്ത് സ്വന്തം പതാകയും തോരണങ്ങളും സ്ഥാപിച്ചു. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പൂച്ചാക്കൽ പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളോടും സംയമനം പാലിക്കണമെന്ന് നിർദേശിച്ചു. ഇന്ന് വൈകിട്ടാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് പൊലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.