മൂവാറ്റുപുഴയിൽ കാറ്റിലും മഴയിലും വ്യാപകനാശം
മൂവാറ്റുപുഴ: ശക്തമായ കാറ്റും മഴയും മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളിലും നാശംവിതച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ വീശിയടിച്ച കാറ്റിൽ നഗരത്തിൽ ടാറ്റാ ഷോറൂമിന് മുകളിലെ മേൽക്കൂരയോടുകൂടിയ ഷീറ്റ് താഴേക്കുപതിച്ചു. മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വാളകം പഞ്ചായത്ത് റാക്കാട് ഭാഗത്ത് ഗൗരിവിലാസത്തിൽ (കരമഠത്തിൽ ) രാജേഷ്‌കുമാറിന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലിമരം വീണ് മേൽക്കൂരയും ഭിത്തിയും തകർന്നു. 100 വർഷത്തിലേറെ പഴക്കമുള്ള മൂന്നുനിലമാളികയായ വീട് ഭാഗികമായി തകർന്നു. ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവർ വീടിന്റെ മറ്റൊരു ഭാഗത്തായിരുന്നത് രക്ഷയായി. കാവുങ്കര മേഖലയിലും ഇ.ഇ.സി മാർക്കറ്റ് ബൈപ്പാസ് റോഡിലും കീച്ചേരിപ്പടി എരമല്ലൂർ റോഡിൽ നിരപ്പ് ഭാഗത്തും മരം വൈദ്യുതിലൈനിന് മുകളിലേയ്ക്കും റോഡിലേയ്ക്കും വീണു. മൂവാറ്റുപുഴ പിറവം റോഡിൽ മാറാടി പഞ്ചായത്ത് പടി പാലത്തിന് സമീപം ബദാം മരം ലൈനിന് മുകളിൽവീണ് വൈദ്യുതി വിതരണം നിലച്ചു. റാക്കാട് കായനാട്, മാറാടി മേഖലകളിൽ റബർ മരങ്ങൾ മറ്റു മരങ്ങളും കാറ്റിൽവീണു. വാഴ, കപ്പ, പച്ചക്കറി കൃഷികൾക്കും നാശമുണ്ടായി.