SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.38 AM IST

'വേണ്ടത് ജാഗ്രത, ബോധവത്കരണം അനിവാര്യം'

Increase Font Size Decrease Font Size Print Page

തൃശൂർ: ചലച്ചിത്രത്തിൽ 'അവയവ വ്യാപാര മാഫിയ'യെ കുറിച്ച് പറയാൻ ശ്രമിച്ചപ്പോൾ ആരോഗ്യരംഗത്തെ നിരവധിപേർ വിമർശനവുമായി രംഗത്തുവന്നു, മഞ്ഞുകട്ടയുടെ ഒരറ്റം മാത്രമാണ് സിനിമയിലുള്ളതെന്ന് പറഞ്ഞവരുമുണ്ട്. ജോസഫ് സിനിമയുടെ സംവിധായകൻ എം. പദ്മകുമാർ പറയുന്നു. 'അവയവ വ്യാപാരം നടക്കുന്നുണ്ട്, പിന്നിൽ ഒരു മാഫിയാ സംഘവുമുണ്ട്. ഇതിന് തെളിവാണ് സമീപകാല സംഭവങ്ങൾ.' 'വൃക്കകളുണ്ട്, കരിഞ്ചന്തയിൽ' എന്ന കേരളകൗമുദി പരമ്പരയെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു പദ്മകുമാർ. 'സത്യത്തിൽ അവയവ മാഫിയയെക്കുറിച്ചുള്ള സിനിമ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയല്ല ജോസഫ് ചെയ്തത്. ഷാഹിയുടെ തിരക്കഥ വിജയിക്കുമെന്ന് തോന്നി. സിനിമ സൂപ്പർ ഹിറ്റായി. കൊമേഴ്‌സ്യൽ ചേരുവകളുണ്ട്. എന്നിരുന്നാലും അവയവ മാഫിയയെക്കുറിച്ചും ആരോഗ്യ രംഗത്തെക്കുറിച്ചും റിസർച്ച് ചെയ്തിരുന്നു.' പദ്മകുമാർ വിശദീകരിക്കുന്നു.

പൊലീസിനെയും രാഷ്ട്രീയക്കാരെയും വിമർശിക്കുന്നതുപോലെ ആരോഗ്യരംഗത്തെ തെറ്റായ പ്രവണതകളും വിമർശിക്കപ്പെടണം. അവയവ വ്യാപാരം പോലുള്ള കാര്യങ്ങളിൽ വ്യക്തികൾ സ്വയം ജാഗ്രത പാലിക്കണം. സർക്കാരിനും അംഗീകൃത സംവിധാനങ്ങൾക്കും ബോധവത്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കാനാകുമെന്നും പദ്മകുമാർ പറഞ്ഞു. അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്ന ഉയിർ എന്ന സിനിമയുടെ പണിപ്പുരയിലാണ് മലയാളത്തിന്റെ പ്രിയ സംവിധായകൻ എം. പദ്മകുമാർ.


ദാരിദ്ര്യം അകറ്റാൻ തീരദേശ ജനത ഉൾപ്പെടുന്ന ജനവിഭാഗം അവയവ വ്യാപാരത്തിൽ ഇരകളാകുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. അതിദാരിദ്ര്യം നിർമ്മാർജനം ചെയ്‌തെന്ന് അവകാശപ്പെടുമ്പോഴാണ് സാക്ഷര കേരളത്തിൽ ഇത് നടക്കുന്നത്. ചൂഷണങ്ങൾക്കെതിരെ സർക്കാരിന്റെ ശ്രദ്ധ അടിയന്തരമായി പതിയണം.

അഡ്വ. ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ്

അനധികൃമായ അവയവ വ്യാപാരത്തെ ചെറുക്കാൻ നിലവിലെ നിയമം തന്നെ പര്യാപ്തമാണ്. അത്യാസന്ന നിലയിലുള്ള രോഗികളുടെ കാര്യം എന്ന നിലയിൽ മുൻതൂക്കം നൽകണമെങ്കിലും നിയമ വ്യവസ്ഥകളെ മാനിച്ചാകണം അവയവ കൈമാറ്റം.

കെ.വി. അബ്ദുൾ ഖാദർ, സി.പി.എം ജില്ലാ സെക്രട്ടറി

കേരളത്തിന്റെ തീരദേശം അവയവ വ്യാപാര മാഫിയയുടെ കേന്ദ്രമായി മാറുന്നുവെന്ന കേരളകൗമുദി പരമ്പര ഞെട്ടക്കുന്നതാണ്. ദാരിദ്ര്യം ചൂഷണം ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി വേണം.
ജസ്റ്റിൻ ജേക്കബ്, സിറ്റി ജില്ലാ ബി.ജെ.പി പ്രസിഡന്റ്

ഡോക്ടർമാരും ആരോഗ്യമേഖലയും തന്നെയാണ് ചൂഷണത്തെ ആദ്യം ചെറുക്കേണ്ടത്. സയൻസിലെ അത്ഭുത പ്രവൃത്തിയാണ് അവയവ മാറ്റ ശസ്ത്രക്രിയ. ഇതിനെ ചൂഷകരുടെ കൈയിലെത്തിക്കാതിരിക്കാൻ നടപടിക്രമം സുതാര്യവും നിയമവിധേയവുമാകണം.

ഡോ. ഹിതേഷ് ശങ്കർ, ഫോറൻസിക് വിഭാഗം മേധാവി, തൃശൂർ ഗവ. മെഡിക്കൽ കോളേജ്

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL