തെരുവുനായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്

Wednesday 13 May 2026 12:25 AM IST

എരുമപ്പെട്ടി: തെരുവുനായകളുടെ ആക്രമണത്തിൽ ആറ് വയസുകാരൻ ഉൾപ്പെടെ ഏഴു പേർക്ക് പരിക്ക്. എരുമപ്പെട്ടി തിപ്പല്ലൂർ സ്വദേശികളായ തച്ചാട്ടിരി വീട്ടിൽ മനോജിന്റെ മകൾ അധിരിത (13), കാണിപ്പയ്യൂർ സ്വദേശി അമ്പലത്തിങ്കൽ വീട്ടിൽ ബാബുരാജിന്റെ മകൻ ആദിദേവ് (6), കടങ്ങോട് മണ്ടംപറമ്പ് ചുള്ളിവളപ്പിൽ വീട്ടിൽ ബാലൻ(60), കടങ്ങോട് മനപ്പടി പൂവ്വത്തിങ്കൽ വീട്ടിൽ അനിലൻ(50), കടങ്ങോട് ഉണ്ണിമിശിഹ പള്ളിക്ക് സമീപം താമസിക്കുന്ന സുവർണ, കടങ്ങോട് തെക്കുമുറി സ്വദേശികളായ ചന്ദ്രൻ നായർ, പി.ടി. സുരേന്ദ്രൻ (62) എന്നിവർക്കാണ് കടിയേറ്റത്. അധിരിതയ്ക്കും ആദിദേവിനും വീടിന്റെ പരിസരത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കടിയേറ്റത്. മറ്റുള്ളവർക്ക് റോഡരികിൽ വെച്ചുമാണ്. പരിക്കേറ്റവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമപ്പെട്ടി, കടങ്ങോട് പഞ്ചായത്തുകളിൽ തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്നും പ്രദേശവാസികൾ ഭയത്തോടെയാണ് കഴിയുന്നതെന്നും എരുമപ്പെട്ടി പഞ്ചായത്ത് അംഗം കെ.ഗോവിന്ദൻകുട്ടി പറഞ്ഞു. രണ്ട് മാസം മുൻപ് വെള്ളറക്കാട് കൊല്ലൻ പടിയിൽ വയോധിക കാർത്യായനിയെ പേവിഷബാധയുള്ള തെരുവുനായ വീട്ടിൽ കയറി കടിച്ച് കൊന്നിരുന്നു.