കോട്ടറോഡിന്റെ നിർമ്മാണം: ജനപ്രതിനിധികളുടെ യോഗം ചേർന്നു
തൊടുപുഴ: മൂവാറ്റുപുഴ - തേനി സംസ്ഥാനപാതയിലെ കോട്ടറോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ പ്രത്യേക യോഗം ചേർന്നു. പ്രദേശത്തിന്റെ ഗതാഗത വികസനത്തിനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിർണായകമായ റോഡിന്റെ പ്രവർത്തികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ ദീർഘകാല ആവശ്യമായ ഈ പദ്ധതിയുടെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും യോഗം വിലയിരുത്തി. കോട്ടറോഡിന്റെ ഭാഗങ്ങൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തത്. യോഗത്തിൽ പൊതുമരാമത്തുവകുപ്പ് അധികൃതരും പങ്കെടുത്തു. പുറമ്പോക്ക് ഭൂമിയുമായി ബന്ധപ്പെട്ട് വീടുകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നവരുടെയും വീട് കിട്ടിയിട്ട് മാറാത്തവരുടെയും, മറ്റ് പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു. കയ്യേറ്റങ്ങളും അനുബന്ധ വിഷയങ്ങളും വിശദമായി പരിഗണിച്ചു. ബഡ്ജറ്റ് അലോക്കേഷന്റെ ഭാഗമായി കോടിക്കുളം മേഖലയിലെ നിലവിലെ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർ വിശദീകരിച്ചു. തുടർ യോഗങ്ങളിൽ ഇടുക്കി - തൊടുപുഴ മണ്ഡലങ്ങളിലെ എം.എൽ.എമാരെയും എം.പിയെയും പങ്കെടുപ്പിച്ച് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനും തീരുമാനമായി. ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജിജി സുരേന്ദ്രൻ, അനു ജിജോ, ജോമി മാത്യു, ജീൻസ് ജോൺ, ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി , നൈസി ഡെനിൽ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലാലു കൊയ്ത്താനം, ജോസുകുട്ടി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ റീനാ സോജൻ, ഷമീനാ നവാസ്,പഞ്ചായത്ത് അംഗങ്ങളായ മാത്യു തോമസ്, ഷമീനാ അസിസ്, ഹബീബ് വി.എം , റ്റിജോ ജോസഫ്, ബിജു മാനുവൽ, സന്ധ്യ ജോജി, ദീപുമോൻ കണ്ണംപുഴ, എ.ജെ മാനുവൽ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.