വധശ്രമക്കേസ് പ്രതിക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കേസ്

Friday 15 May 2026 2:05 AM IST

കൊച്ചി: വധശ്രമക്കേസിൽ അറസ്റ്റിലായ യുവതിക്കെതിരെ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കടവന്ത്ര പൊലീസ് കേസെടുത്തു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചപ്പോൾ പൊലീസ് ജീപ്പിന് കുറുകെ കിടന്ന് ബഹളമുണ്ടാക്കിയതിനും പാറാവ് നിന്ന പൊലീസുകാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനുമാണ് കേസ്.

വൈറ്റില കാച്ചപ്പിള്ളി റോഡ് 131/24ൽ ഇ.പി. സന്ധ്യയാണ് (45) പൊലീസ് സ്റ്റേഷനിൽ അക്രമാസക്തയായത്. സന്ധ്യയുടെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന യുവതിയെ വധിക്കാൻ ശ്രമിച്ചതിനാണ് ഇവരെ ആദ്യം കസ്റ്റഡിയിലെടുത്തത്. വീട്ടിൽ കാടക്കോഴി, താറാവ്, കോഴി എന്നിവയെ വളർത്തുന്ന സന്ധ്യ ഇതിൽ നിന്നുള്ള മാലിന്യം റോഡിൽ തള്ളുന്നത് യുവതി ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. 11ന് വൈകിട്ട് റോഡിലൂടെ പോവുകയായിരുന്ന യുവതിയെ തലമുടിയിൽ ചുറ്റിപ്പിടിച്ച് സമീപത്തെ വീട്ടുവളപ്പിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി സന്ധ്യ മർദ്ദിക്കുകയായിരുന്നു. യുവതിയുടെ തല മതിലിൽ ആഞ്ഞിടിച്ചെങ്കിലും കൈ കൊണ്ട് തടഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. വലതുകൈയ്ക്ക് സ്വാധീനക്കുറവുള്ള യുവതിയുടെ ഭർത്താവിനും മർദ്ദനമേറ്റു. യുവതിയുടെയും ഭർത്താവിന്റെയും പരാതിയിൽ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് പ്രതി പൊലീസ് ജീപ്പിന് മുന്നിൽ കിടന്ന് ബഹളമുണ്ടാക്കിയത്. പ്രതി സ്ഥിരം പ്രശ്നക്കാരിയാണെന്ന് കടവന്ത്ര പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും പൊലീസ് ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനുമാണ് രണ്ടാമത്തെ കേസ്.