സ്ത്രീത്വത്തെ അപമാനിച്ചു: ഗ്രേഡ് എസ്.ഐക്കെതിരെ കേസ്
നെടുമ്പാശേരി: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരം പൊലീസ് ഉദ്യോഗസ്ഥനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തു. കാലടി സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ഷിജുവിനെതിരെ ദേശത്തെ ഒരു സ്വകാര്യ അഗ്രിക്കൾച്ചറൽ നഴ്സറിയിലെ ജീവനക്കാരിയുടെ പരാതിയിലാണ് കേസ്.
പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുടെ അഞ്ച് വയസുകാരിയായ മകളെ മറ്റൊരു യുവതി ഉപദ്രവിച്ചിരുന്നു. ഇതുസംബന്ധിച്ച് 2023 ജൂൺ ഒന്നിന് നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു. ഈ കേസിന്റെ അന്വേഷണത്തിനെത്തിയ പൊലീസ് സംഘത്തിൽ അന്ന് നെടുമ്പാശേരി സ്റ്റേഷൻ എ.എസ്.ഐയായിരുന്ന ഷിജുവും ഉണ്ടായിരുന്നു. പേരും വിലാസവും ചോദിക്കുകയും തുടർന്ന് കളിയാക്കുകയും സ്ഥാപന ഉടമയുമായി ബന്ധപ്പെടുത്തി അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നാണ് പരാതി.
അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. എസ്.ഐ. എൻ ജയപ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം.