കേരള മുഖ്യൻ,​ ഡൽഹിയിൽ സർവത്ര പിരിമുറുക്കം

Friday 15 May 2026 12:34 AM IST

ന്യൂഡൽഹി: ജനങ്ങളെ സസ്‌പെൻസിന്റെ മുൾമുനയിൽ നിറുത്തിയ മുഖ്യമന്ത്രി ചർച്ചകളിൽ വലിയ ട്വിസ്റ്റുകളാണ് ഡൽഹിയിൽ കണ്ടത്. ചർച്ചകൾ പൂർത്തിയായെന്ന എ.ഐ.സി.സിയുടെ ഉറപ്പിനാൽ ഡൽഹിയിൽ ഇന്നലെ വലിയ നീക്കങ്ങളൊന്നും ആരും പ്രതീക്ഷിച്ചില്ല. എന്നാൽ,​ രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുന ഖാർഗെയുടെയും വസതികളിൽ നടന്നത് പിരിമുറുക്കം സമ്മാനിച്ച ചർച്ചകൾ. അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തെ മുഖ്യമന്ത്രി പ്രഖ്യാപനം വരെ സസ്‌പെൻസ് നീണ്ടു.

ഉച്ചയ്‌ക്ക് ഒരുമണിക്കുള്ള യോഗത്തിൽ പങ്കെടുക്കാൻ ദീപാ ദാസ് മുൻഷിയും നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരും രാവിലെ ഏഴുമണിക്കുള്ള എയർഇന്ത്യാ വിമാനത്തിൽ കയറാതിരുന്നതാണ് ട്വിസ്റ്റുകൾ സംബന്ധിച്ച ചർച്ചയ്ക്ക് ഇടയാക്കിയത്.

രാവിലെ 9: കെ.സി.യുടെ വീട്

മുഖ്യമന്ത്രി ആരെന്ന ആശങ്ക തുടരവെ,​ ലോധി എസ്‌റ്റേറ്റിലെ കെ.സി. വേണുഗോപാലിന്റെ വസതിയായി ശ്രദ്ധാ കേന്ദ്രം. രാത്രി കേരളത്തിലേക്ക് പോകുമെന്ന് കരുതിയ കെ.സി ഡൽഹിയിൽ തുടരുകയായിരുന്നു. കെ.സി വിട്ടു നിൽക്കുകയാണെന്ന സൂചനകൾ വന്നു. ഇതിനിടെ 9മണിയോടെ കെ.സി കാറിൽ സുനേരി ബാഗ് റോഡിലെ രാഹുൽ ഗാന്ധിയുടെ വസതിയിലേക്ക്.

 9.30 രാഹുലിന്റെ വസതി

അതുവരെ രഹസ്യമാക്കി വച്ച വിവരം കെ.സിയോട് പറയാൻ രാഹുൽ വിളിപ്പിച്ചതാണെന്ന സൂചനകൾ വരുന്നു. കെ.സിയെ മറികടന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയ്‌ക്കുള്ള പോരിൽ മുന്നിലെത്തിയെന്ന സൂചനകളും വന്നു. ചർച്ച ഒരുമണിക്കൂറിലധികം നീണ്ടത് അതിന് ബലമേകി.

 കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം

ഡൽഹി വിമാനത്താവളത്തിൽ അന്വേഷിച്ച മാദ്ധ്യമ പ്രവർത്തകർക്ക് നിർണായക വിവരം ലഭിക്കുന്നു. 12മണിയോടെ തിരുവനന്തപുരത്തേക്ക് നാലുപേർക്ക് കയറാവുന്ന ഒരു ചാർട്ടേഡ് വിമാനം പുറപ്പെടുമെന്ന്. അതിൽ ദീപാ ദാസ് മുൻഷിയും നിരീക്ഷകരും ഒരു ഐ.ഐ.സി.സി നേതാവുമാണ് യാത്രക്കാരെന്നും. കെ.സി. വേണുഗോപാൽ തിരുവനന്തപുരത്തേക്കില്ലെന്ന നിർണായക വിവരവും പുറത്തുവന്നു.

ഒരു മണിക്ക് തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന നിയമസഭ കക്ഷി യോഗം വൈകുമെന്ന് എം.എൽ.എമാർക്ക് അറിയിപ്പ് പോയി.

 11 മണി: ഖാർഗെയുടെ വസതി

കെ.സിയും രാഹുലുമായുള്ള ചർച്ചകൾ പുരോഗമിക്കെ തന്നെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ രാജാജി മാർഗിലെ വസതിയിലേക്ക് ജയ്‌റാം രമേശ് വന്നു. പ്രഖ്യാപനം ഡൽഹിയിലുണ്ടാകുമെന്ന സൂചനകളും പിന്നാലെ. ഖാർഗെയുടെ വസതിയിൽ നിന്ന് പുറത്തേക്ക് വന്ന ജയ്‌റാം രമേശ് 'അറിയിക്കാം" എന്ന മറുപടി മാത്രം പറഞ്ഞു.

 എ.ഐ.സി.സി മീഡിയ അറിയിപ്പ്

11.33ന് എ.ഐ.സി.സിയിൽ നിന്ന് കോൺഗ്രസ് ബീറ്റ് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകർക്ക് സുപ്രധാന അറിയിപ്പ് ലഭിക്കുന്നു. അക്ബർ റോഡിലെ പഴയ ഓഫീസിൽ ദീപാദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവർ പത്രസമ്മേളനം നടത്തുമെന്ന്. ഈ സമയം തന്നെ മുസ്ളിം ലീഗ് അടക്കം ഘടകകക്ഷികൾക്ക് ഹൈക്കമാൻഡ് സന്ദേശമെത്തിയിരുന്നു. വി.ഡി പക്ഷം ആഹ്ളാദപ്രകടനം തുടങ്ങി.

12.05

ദീപാദാസ് മുൻഷിക്കും നിരീക്ഷകർക്കുമൊപ്പം ജയ്‌റാം രമേശും അക്ബർ റോഡിലെ ഓഫീസിലുള്ള മീഡിയാ കോൺഫറൻസ് മുറിയിൽ. ദീപാ ദാസ് എഴുതി തയ്യാറാക്കിയ പ്രസ്‌താവന വായിക്കുമെന്നും ചോദ്യോത്തരങ്ങളില്ലെന്നും ജയ്‌റാം രമേശ്. ശേഷം ദീപാ ദാസ് മുൻഷി കേരളം കാത്തിരുന്ന ആ നിർണായക പ്രഖ്യാപനം നടത്തുന്നു: വി.ഡി. സതീശൻ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ്.

തുടർന്ന് അനൗദ്യോഗികമായി മാദ്ധ്യമങ്ങളോട് സംസാരിച്ച ജയ്‌റാം രമേശ് ആരുടെയും സമ്മർദ്ദത്തിന് വഴങ്ങാതെയാണ് രാഹുലിന്റെ തീരുമാനമെന്നും കെ.സി പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും വിശദീകരിച്ചു. വാർത്താസമ്മേളനത്തിനു ശേഷം പുറത്തിറങ്ങിയ ദീപാ ദാസ് മുൻഷിയും ഇതാവർത്തിച്ചു. എല്ലാം 'മീഡിയാ ക്രൈ"(മാദ്ധ്യമങ്ങളുടെ കരച്ചിൽ) ആണെന്നും അവർ പറഞ്ഞു.

 1.30 ഡൽഹി വിമാനത്താവളം

ദീപാ ദാസ് മുൻഷിയും നിരീക്ഷകരും ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തേക്ക്

കെ.സിക്ക് അനുനയം കെ.സി. വേണുഗോപാലിനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ വീട്ടിൽ നടന്ന ചർച്ചയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ നടന്ന ചർച്ചയിൽ ജയ്‌റാം രമേശിനൊപ്പം ദീപാദാസ് മുൻഷി, അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരും പങ്കെടുത്തതായാണ് വവിരം.