പാകിസ്ഥാന്റെ 'ഫതഹ്-4' മിസൈൽ പരീക്ഷണം വിജയം
750 കിലോമീറ്റർ ദൂരപരിധി
330 കിലോഗ്രാം വരെ ഭാരം
റഡാറുകളെ വെട്ടിക്കും
ഇസ്ലാമാബാദ്: സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ഫതഹ്-4 ഗ്രൗണ്ട്-ലോഞ്ച്ഡ് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. പാകിസ്ഥാൻ ആർമി റോക്കറ്റ് ഫോഴ്‌സ് കമാൻഡ് വികസിപ്പിച്ചെടുത്ത മിസൈലിന്റെ വിക്ഷേപണ വീഡിയോ ദൃശ്യങ്ങൾ പാകിസ്ഥാൻ സൈന്യത്തിന്റെ മാദ്ധ്യമ വിഭാഗമായ ഐഎസ്പിആർ പുറത്തുവിട്ടു.
750 കിലോമീറ്റർ ദൂരപരിധിയുണ്ട്. 330 കിലോഗ്രാം വരെ ഭാരമുള്ള ഇതിന് ലക്ഷ്യസ്ഥാനത്തെത്തി വ്യാപക നാശം വികയ്ക്കാൻ കഴിയും. ഭൂമിയിലെയും കടലിലെയും ലക്ഷ്യസ്ഥാനങ്ങളെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ളതാണെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. അത്യാധുനിക ഗൈഡൻസ് സംവിധാനവും നാവിഗേഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയ ഫതഹ്-4, ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രാപ്തമാണെന്ന് പാകിസ്ഥാൻ സൈന്യം അവകാശപ്പെടുന്നു.
ചൈനയുടെ സാങ്കേതിക സഹായം ഇതിൽ ഉൾപ്പെട്ടിരിക്കാമെന്നാണ് വിദഗ്ദ്ധർ വിശ്വസിക്കുന്നത്. കഴിഞ്ഞ മാസവും ഫതഹ്-3 പരീക്ഷിച്ചിരുന്നു. 2025 സെപ്റ്റംബറിലും ഫതഹ്-4 പരീക്ഷിച്ചിരുന്നു.
മിസൈലിന്റെ പറക്കൽ പാതയും കൃത്യതയും നിരീക്ഷിച്ച ഉദ്യോഗസ്ഥർ പരീക്ഷണം പൂർണ്ണ വിജയമാണെന്ന് വിലയിരുത്തി. ഈ നേട്ടത്തിൽ ശാസ്ത്രജ്ഞരെയും സൈനികരെയും പാകിസ്ഥാൻ പ്രസിഡന്റും പ്രധാനമന്ത്രിയും അഭിനന്ദിച്ചു.നേരത്തെ 400 കിലോമീറ്റർ പരിധിയുള്ള ഫതഹ്-2 മിസൈലും പാകിസ്ഥാൻ പരീക്ഷിച്ചിരുന്നു. പുതിയ പരീക്ഷണത്തിലൂടെ തങ്ങളുടെ ദീർഘദൂര ആക്രമണ ശേഷി വർദ്ധിപ്പിക്കാനാണ് പാകിസ്ഥാൻ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ നഗരങ്ങൾ അപകടത്തിൽ
പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ നിന്ന് (ലാഹോർ, സിയാൽകോട്ട് മുതലായവ) ഈ മിസൈൽ വിക്ഷേപിച്ചാൽ ഇന്ത്യയിലെ പ്രധാന നഗരങ്ങൾ വരെ എത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്...
പഞ്ചാബ്: അമൃത്സർ, ജലന്ധർ, ലുധിയാന, പട്യാല, ബതിന്ദ
ജമ്മു കശ്മീർ: ജമ്മു, പത്താൻകോട്ട്, ഉധംപൂർ
ഹരിയാന: ഹിസാർ, സിർസ, അംബാല, ഹിസാർ
ഡൽഹി-എൻസിആർ: ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ് (ഏകദേശം 450-550 കി.മീ)
രാജസ്ഥാൻ: ശ്രീഗംഗാനഗർ, ബിക്കാനീർ, ജയ്സാൽമീർ, ജോധ്പൂർ (ഭാഗങ്ങൾ)
ഉത്തർപ്രദേശ്: ലഖ്‌നൗ (ഏകദേശം 700-750 കി.മീ), ആഗ്ര, മീററ്റ്
മധ്യപ്രദേശ്: ചില വടക്കൻ ഭാഗങ്ങൾ
ഹിമാചൽ പ്രദേശ്: ചില പ്രദേശങ്ങൾ
പരമ്പര വിജയം
ഫതഹ്-1: 140-150 കി.മീ.
ഫതഹ്-2: 290-400 കി.മീ.
ഫതഹ്-4: 750 കി.മീ.
രാജ്യത്തിന്റെ പ്രതിരോധ കവചം ശക്തമാക്കുന്നതിൽ ഈ മിസൈൽ നിർണ്ണായക പങ്ക് വഹിക്കും
- ഷെഹബാസ് ഷെരീഫ്, പാക് പ്രധാനമന്ത്രി