ജി.എസ്.ടി വന്നിട്ടും വാറ്റ് കുടിശ്ശികയുടെ പേരിൽ പീഡനം, വ്യാപാര സമൂഹത്തെ ഭയപ്പെടുത്തി വാറ്റെന്ന ദുർഭൂതം
തിരുവനന്തപുരം : വാറ്റ് കുടിശിക നോട്ടീസിന്റെ പേരിൽ സംസ്ഥാനത്തെ വ്യാപാരികൾക്ക് സർക്കാർ നൽകിയ ഉറപ്പുകൾ ഇതേ വരെ പാലിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും വ്യാപാരികൾക്ക് ഭീമമായ തുക കുടിശിക ഒടുക്കണമെന്നുകാട്ടി നോട്ടീസ് ലഭിക്കുന്നു. ഭീമമായ തുകയുടെ നോട്ടീസ് കിട്ടിയ പത്തനംതിട്ട സ്വദേശി വ്യാപാരി ആത്മഹത്യ ചെയ്തിട്ടും അതിന്മേൽ യാതൊരു ആശ്വാസ നടപടിക്കും സർക്കാർ മുതിർന്നിട്ടുമില്ല. ഇതോടെ വ്യാപാരികൾ കടയടച്ചു പ്രതിഷേധം നടത്തിയെങ്കിലും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് സർക്കാർ. ജി.എസ്.ടി വകുപ്പിലെ കമ്പ്യൂട്ടറുകൾ തയാറാക്കുന്ന നോട്ടീസുകളാണിതെന്നും ഇതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന നികുതി ഉദ്യോഗസ്ഥർ പറയുന്നു. സാങ്കേതിക തകരാറാണ് നോട്ടീസിലെ തെറ്റായ കണക്കുകൾക്കു കാരണമെന്നു വകുപ്പ് പറയുന്നുണ്ടെങ്കിലും ഏതുനോട്ടീസിലാണ് സാങ്കേതിക തകരാറ്, ഏതുനോട്ടീസ് ആണ് ശരി എന്ന് തിരിച്ചറിയാൻപോലും അധികൃതർക്കറിയിട്ടില്ല. മിക്ക വ്യാപാരികളും ഇത് വരെയുള്ള കണക്കുകൾ കൃത്യമായി ഹാജരാക്കിയിട്ടുണ്ട്, ഒടുക്കിയിട്ടുണ്ട്. അധികൃതർ ഇപ്പോൾ കാണുന്നില്ല എന്നാണ് അവരുടെ പരാതി.
വർഷങ്ങൾക്കു മുൻപ് കാലഹരണപ്പെട്ട വാറ്റ് നികുതിയുടെ പേരിലാണ് കുടിശിക അയക്കുവാൻ ഇപ്പോൾ വ്യാപാരികൾക്ക്‌നോട്ടീസ് ലഭിച്ചിരിക്കുന്നതു. ഏതുനോട്ടീസിലാണ് സാങ്കേതിക തെറ്റ് എന്ന് കണ്ടെത്തണമെങ്കിൽ ഓരോനോട്ടീസും അധികൃതർ പരിശോധിക്കണം. അതുകൊണ്ടു തന്നെ എല്ലാവരെയും വിളിപ്പിക്കേണ്ടി വരുമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. കിട്ടിയ പലനോട്ടീസുകളിലും കണക്കിൽ തെറ്റുണ്ടെങ്കിൽ അത് അസ്സെസ്സ്‌മെന്റിനു വിധേയമാക്കണം എന്നാണ് നിയമം. അതൊന്നും ചെയ്യാതെ നേരിട്ട് വ്യാപാരികൾക്ക്‌നോട്ടീസ് നല്കിയതിലാണ് പ്രതിഷേധം വ്യാപകമായിക്കുന്നത്.