പാടങ്ങളിൽ കർഷകരുടെ കണ്ണീരും വിലാപവും, കുട്ടനാട്ടിൽ ഇനി ഒരു കൃഷി എന്ന് സാദ്ധ്യമാകും?

Wednesday 17 June 2020 10:25 AM IST

ആലപ്പുഴ: കൊവിഡ് വ്യാപനം മൂലം ഏറെ ദുരിതത്തിലായിരിക്കുകയാണ് കുട്ടനാട്ടെ കർഷകർ. ലോക്ക്ഡൗണിനു മുമ്പ് തന്നെ പാടങ്ങളിൽ വെള്ളം കയറാതെ കതിരുകൾ ഉണങ്ങികരിഞ്ഞിരുന്നു. വയലുകളിൽ കളകളും പാഴ് ചെടികളും പടർന്നു കയറി. കൊയ്ത്ത് നടത്താൻ സമയമായപ്പോൾ ലോക്ക്ഡൗണുമായി.ഇതോടെ കൊയ്യാൻ ആളെ കിട്ടാതെയായി. വൈകി കൊയ്തപ്പോൾ വിളയും കുറഞ്ഞു. കൊയ്തെടുത്ത നെല്ല് അടുത്ത കൃഷിക്കുളള വിത്തിനും പോലും തികയാത്ത അവസ്ഥ. ഇതോടൊപ്പം പി ആർ എസ് പദ്ധതി പ്രകാരം ഏറ്റെടുത്ത നെല്ലിന്റെ തുക കർഷകരുടെ അക്കൗണ്ടുകളിൽ എത്താത്തതും കുട്ടനാട്ടെ കർഷകരെ പ്രതിസന്ധിയിലാക്കി. മഴ തകർത്തു പെയ്തെങ്കിലും ഇനി എങ്ങനെ വിളവിറക്കുമെന്നറിയാതെ തീരാ കണ്ണീരിലാണ് അപ്പർ കുട്ടനാട്ടിലെ കർഷകർ. ഈ സാഹചര്യത്തിൽ കുട്ടനാട്ടിൽ ഇനി ഒരു കൃഷി എന്ന് സാദ്ധ്യമാകും? നേർക്കണ്ണ് അന്വേഷിക്കുന്നു.